ആനവണ്ടിയില്‍ ആടിപാടി ഗവിയിലെത്താം; ഭക്ഷണവും ബോട്ടിംഗും ഉള്‍പടെ 1300 രൂപ മാത്രം

  • എറണാകുളം കോഴിക്കോട് ഡിപ്പോകളില്‍ നിന്ന് സര്‍വീസ്
  • കൂടുതല്‍ വിവരങ്ങള്‍ക്ക് 9495752710, 9995332599
  • ഡിസംബറിലേയ്ക്കുള്ള ബുക്കിംഗ് 7000 കവിഞ്ഞു

Update: 2022-11-30 14:58 GMT


കൊച്ചി: യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. നാളെ (വ്യാഴം) മുതല്‍ പത്തനംതിട്ടില്‍ നിന്ന് ഗവിയിലേയ്ക്ക് കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ പാക്കേജ് ആരംഭിക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ദിവസേന മൂന്ന് ബസ്സുകളാണ് സര്‍വീസിനൊരുങ്ങുന്നത്. തിരുവനന്തപുരം, എറണാകുളം എന്നീ ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകള്‍ ഒരേ ദിവസവും കോഴിക്കോടുനിന്നുള്ള ബസുകള്‍ രണ്ടു ദിവസവുമായാണ് സര്‍വീസ് നടത്തുക. നിലവില്‍ ദിവസേന രണ്ട് ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രമാണ് കെഎസ്ആര്‍ടിസി നടത്തിവരുന്നത്.

പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍, കക്കി, പമ്പ, ഗവി, ആനത്തോട് തുടങ്ങിയ അണക്കെട്ടുകളടക്കം സന്ദര്‍ശിച്ചുകൊണ്ടുള്ള വനയാത്രയാണ് കെഎസ്ആര്‍ടിസി ഒരുക്കുന്നത്. പത്തനംതിട്ടയില്‍ നിന്നുള്ള പാക്കേജിന് 1300 രൂപയാണ് ഈടാക്കുന്നത്. പ്രവേശ ഫീസ്, ഉച്ചഭക്ഷണം, ബോട്ടിംഗ്, എന്നിവ ഉള്‍പ്പെയാണ് ഈ തുക ഈടാക്കുന്നത്. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിന്ന് വരുന്നവര്‍ 1300 രൂപ കൂടാതെ പത്തനംതിട്ട വരെയുള്ള യാത്രയുടെ ചെലവ് കൂടി വഹിക്കേണ്ടിവരും.




ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടിയില്‍ നിന്നും ആരംഭിക്കുന്ന സര്‍വീസ് വണ്ടിപ്പെരിയാര്‍ വഴി പാഞ്ചാലിമേടും സന്ദര്‍ശിച്ച് ഏതാണ്ട് എട്ടരയോട് തിരിച്ച് പത്തനംതിട്ടയില്‍ എത്തുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്കായി വനം വകുപ്പിന്റെ അനുമതി കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. ഗവിയിലേയ്ക്ക് വരുന്ന സഞ്ചാരികളില്‍ ഗണ്യമായ വര്‍ധനവുണ്ടായത് പ്രദേശവാസികളുടെ യാത്രകളേയും കാര്യമായി ബാധിച്ചു തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ട്രിപ്പുകള്‍ നടത്താനുള്ള അനുമതിക്കായി കെഎസ്ആര്‍ടിസി വനം വകുപ്പിനെ സമീപിച്ചത്.

ഗവി പാക്കേജുകള്‍ക്ക് ഡിസംബറിലേയ്ക്കുള്ള ബുക്കിംഗ് 7000 കഴിഞ്ഞിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഒപ്പം ദീര്‍ഘ ദൂര സന്ദര്‍ശകര്‍ക്ക് രാത്രി യാത്രാ സൗകര്യങ്ങള്‍ സജ്ജമാക്കാനും അധികൃതര്‍ ശ്രമിക്കുന്നുണ്ട്. പരിസ്ഥിതി ലോല പ്രദേശമായതിനാല്‍ വാഹനങ്ങളുടെ അധിക ഒഴുക്ക് നിയന്ത്രിക്കാന്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍.

പരുന്തുംപാറ, വാഗമണ്‍, കുമളി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ഗവിയെ ബന്ധിപ്പിക്കുന്ന ടൂറിസം പദ്ധതി വികസിപ്പിക്കാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495752710, 9995332599 എന്നീ നമ്പറുകളില്‍ വിളിക്കാം

Tags:    

Similar News