58 വര്‍ഷത്തെ പ്രവര്‍ത്തനം നിര്‍ത്തുന്നു; കൊല്ലത്തെ ഇന്ത്യന്‍ കോഫി ഹൗസ് ഇനി രുചി ഓര്‍മ്മ
- കൊവിഡ് ഏല്‍പിച്ച് ആഘാതവും, നിയമനങ്ങള്‍ നടക്കാത്തതും കോഫി ഹൗസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി
കൊല്ലം നഗരത്തിന്റെ രുചി മുകുളങ്ങളെ കഴിഞ്ഞ 58 വര്‍ഷം ഉത്തേജിപ്പിച്ച കോഫീസ് ഹൗസിന്റെ അടുപ്പ് ഇനി എരിയില്ല. പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വരുമാനം ലഭിക്കാത്തതാണ് കോഫീസ് ഹൗസിന്റെ അടച്ചുപൂട്ടലിന് കാരണം. കോവിഡ് നല്‍കിയ ആഘാതം നഷ്ടത്തിന്റെ വേഗതയ്ക്ക് ആക്കം കൂട്ടി.
ഈ മാസം 15 ഓടു കൂടി കെട്ടിട വാടക തിയതി അവസാനിക്കും. അന്നേ ദിവസം പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങളായി കൊല്ലം കോഫി ഹൗസില്‍ ജോലി ചെയ്ത് വരുന്ന രാജുക്കുറുപ്പിന്റെ വിരമിക്കല്‍ ചടങ്ങ് കൂടി നടത്തി പ്രവര്‍ത്തനം എന്നെന്നേക്കുമായി 'കട പൂട്ടാനാണ്' തീരുമാനം. പുതിയ കോഫി ഹൗസ് കെട്ടിടം കൊട്ടാരക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലേയ്ക്ക് മാറ്റാനാണ് ആലോചിക്കുന്നത്.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് വരുമാനം കുറയാന്‍ കാരണമായത്. 15 വര്‍ഷമായി നിയമനങ്ങളൊന്നും നടന്നിട്ടില്ല. 90 പേര്‍ക്ക് ഇരുന്നു കഴിക്കാന്‍ സൗകര്യമുള്ളതാണ് ഈ കോഫി ഹൗസ്. ഇവിടെ സര്‍വീസിനായി രണ്ട് പേര്‍ മാത്രമേ ഉള്ളു. മൊത്തം ജീവനക്കാരുടെ എണ്ണമാവട്ടെ 20 ഉം.
1965 ജൂലൈ 27 നാണ് കൊല്ലത്തെ ഇന്ത്യന്‍ കോഫി ഹൗസിന്റെ തുടക്കം. ചൂടേറിയ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായ കോഫി ഹൗസ് പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ സ്ഥിരമെത്തുന്നവര്‍ക്ക് ഇതൊരു ദുഃഖവാര്‍ത്തയാണ്.
