സംരംഭക വര്‍ഷാചരണം: ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റിൽ കുടുങ്ങി സംരംഭകര്‍
- പ്രഖ്യാപനത്തിന്റെ ഉറപ്പില്‍ ചെറുകിട സംരംഭം തുടങ്ങിയവര്‍ ഒക്യുപെന്‍സി എന്ന കെണിയില്‍ കുടുങ്ങിക്കിടക്കുകയാണ്
കാസര്‍ഗോഡ്: ലക്ഷം പേരെ സംരംഭകരാക്കാം എന്ന പ്രഖ്യാപനത്തോടെ വ്യവസായ വകുപ്പ് ആരംഭിച്ച സംരംഭംക വര്‍ഷാചരണം പാതിവഴിയില്‍. പ്രഖ്യാപനത്തിന്റെ ഉറപ്പില്‍ ചെറുകിട സംരംഭം തുടങ്ങിയവര്‍ ഒക്യുപെന്‍സി എന്ന കെണിയില്‍ കുടുങ്ങിക്കിടക്കുകയാണ്. സര്‍ക്കാരിന്റെ വാക്കു വിശ്വസിച്ച് വ്യവസായം തുടങ്ങിയ സംരംഭകര്‍ മുറി വാടകക്കെടുത്തും മെഷീനുകള്‍ വാങ്ങിയും ലൈസന്‍സിനായി തദ്ദേശ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കുമ്പോഴാണ് ഒക്യുപെന്‍സി എന്ന കുരുക്കില്‍ പെട്ടുപോകുന്നത്.
ബിസിനസ് പര്‍പ്പസ് ഒക്യുപെന്‍സിയായി കാണിച്ചുകൊണ്ടാണ് സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് വാണിജ്യ കോംപ്ലക്‌സുകള്‍ക്ക് നമ്പര്‍ എടുക്കുന്നത്. റൈസ്മില്‍ പോലുള്ള ചെറുകിട വ്യവസായങ്ങള്‍ക്ക് ഇങ്ങനെ ഒക്യുപന്‍സി നേടിയ മുറികള്‍ ഉപയോഗിക്കുന്നു. ഒക്യുപെന്‍സി വ്യവസായം ആയാല്‍ മാത്രമേ നിയമപ്രകാരം ചെറുകിട വ്യവസായത്തിന് ഒക്യുപെന്‍സി കെട്ടിടങ്ങളില്‍ ലൈസന്‍സ് കിട്ടുകയുള്ളൂ. അഥവാ ഇതില്‍ മാറ്റം വരുത്തണമെങ്കില്‍ പ്ലാനും മറ്റുകാര്യങ്ങളും മാറ്റി ചെയ്യേണ്ടതായുണ്ട്. ഇത് അത്ര എളുപ്പമല്ലാത്തതിനാല്‍ ആരും തന്നെ മുന്നിട്ടിറങ്ങില്ല.
കെട്ടിടത്തിന്റെ കാലപ്പഴക്കവും മറ്റും നോക്കി ലൈസന്‍സ് കിട്ടണമെങ്കില്‍ അത് ചില്ലറകാര്യമല്ല. കാലപ്പഴക്കം കൂടുതലാണെങ്കില്‍ കെ.പി.ബി.ആര്‍ ചട്ടപ്രകാരം സംരംഭകര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിവരും.
ഒക്യുപെന്‍സി സര്‍ട്ടിഫിക്കേറ്റ് കിട്ടുക എന്നത് വലിയൊരു കടമ്പയാണെന്നിരിക്കെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒക്യുപെന്‍സിയുടെ കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചകളോ മാറ്റങ്ങളോ വരുത്തിയിലെങ്കില്‍ ലക്ഷങ്ങള്‍ മുടക്കി വ്യവസായം തുടങ്ങിയ സംരംഭകര്‍ ഇനിയും നട്ടംതിരിയേണ്ടിവരും.
