ശില്‍പഭംഗി; കോഴിക്കോട് ഫ്രീഡം സ്‌ക്വയറിന് ഐഐഎ ദേശീയ അവാര്‍ഡ്

  • കേരളത്തിലെ ഏറ്റവും സജീവമായ പൊതു ഇടങ്ങളിലൊന്നാണ് ഇന്ന് ഫ്രീഡം സ്‌ക്വയര്‍. ഗാന്ധിജിയും നെഹ്‌റുവുമൊക്കെ പ്രസംഗിച്ച വേദി ഇതിനു സമീപമാണ്

Update: 2023-03-13 05:00 GMT

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിന് ഐഐഎ ദേശീയ ആവാര്‍ഡ്. സാമൂഹിക പ്രതിബദ്ധതയുള്ള നിര്‍മിതികളുടെ വിഭാഗത്തില്‍ മികച്ച രൂപകല്‍പനയ്ക്കാണ് അവാര്‍ഡ്. ഡീ എര്‍ത്ത് ആര്‍ക്കിറ്റെക്റ്റ്‌സിന്റെ ആര്‍ക്കിടെക്റ്റുകളായ വിവേക് പി.പി, നിഷാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫ്രീഡം സ്‌ക്വയര്‍ രൂപകല്‍പന ചെയ്തത്. കിയാര ലൈറ്റിംഗ് ആണ് ലൈറ്റിംഗ് ഡിനൈനര്‍. വാസ്തുശില്‍പ്പ മേഖലയിലെ മികവിന് രാജ്യത്തുള്ള ഏറ്റവും മികച്ച അംഗീകാരമാണ് ഐഐഎ നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്.

എ പ്രദീപ് കുമാര്‍ എംഎല്‍എയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ എംഎല്‍എ ഫണ്ടില്‍ നിന്ന് രണ്ടര കോടി രൂപ വകയിരുത്തി ഐഐഎ കോഴിക്കോട് സെന്ററിന്റെ പങ്കാളിത്തത്തോടെ 2020 ഫെബ്രുവരിയിലാണ് കോഴിക്കോട് ബീച്ചില്‍ ഫ്രീഡം സ്‌ക്വയര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പൊതുജന നന്മ മുന്‍നിര്‍ത്തി ഐഐഎ കാലിക്കറ്റ് സെന്റര്‍ സഹകരിച്ച് കോഴിക്കോട് നഗരത്തില്‍ നടപ്പാക്കിയ നിരവധി പദ്ധതികളില്‍ ഒന്നാണ് ഫ്രീഡം സ്‌ക്വയര്‍.

ഫ്രീഡം സ്‌ക്വയര്‍ അക്ഷരാര്‍ത്ഥത്തിലും പ്രതീകാത്മകമായും ഒരു നാടിന്റെയും അവിടുത്തെ ജനങ്ങളുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും പ്രാദേശിക നിര്‍മാണ വസ്തുക്കള്‍ പരമാവധി പ്രയോജനപ്പെടുത്തിയുള്ള ജനങ്ങള്‍ക്കായുള്ള നിര്‍മിതിയാണിതെന്നും ജൂറി വിലയിരുത്തി.

പൊതുസ്ഥലത്തെ മികച്ച ഡിസൈനിനുള്ള ട്രെന്‍ഡ്‌സ് അവാര്‍ഡിനും പൊതു സ്ഥലത്തെ മികച്ച ലാന്‍ഡ്‌സ്‌കേപ്പ് പ്രൊജക്ടിനുള്ള ഓള്‍ ഇന്ത്യ സ്റ്റോണ്‍ ആര്‍കിടെക്ചര്‍ അവാര്‍ഡും നേരത്തെ ഫ്രീഡം സ്‌ക്വയറിനെ തേടിയെത്തിയിരുന്നു.

കേരളത്തിലെ ഏറ്റവും സജീവമായ പൊതു ഇടങ്ങളിലൊന്നാണ് ഇന്ന് ഫ്രീഡം സ്‌ക്വയര്‍. ഗാന്ധിജിയും നെഹ്‌റുവുമൊക്കെ പ്രസംഗിച്ച വേദി ഇതിനു സമീപമാണ്. ഉപ്പു സത്യഗ്രഹവുമായി ബന്ധപ്പെട്ട് കേളപ്പജിയുടെ സമരവീര്യങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച കടല്‍ത്തീരമാണ് കോഴിക്കോട്.

ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സ്ഥിരംവേദി കൂടിയാണിത്. ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ ഡോട്ട് ഇന്‍ വഴി ലോകത്തിലെ ഒമ്പത് അര്‍ബന്‍ മ്യൂസിയങ്ങളില്‍ ഒന്നായി ഫ്രീഡം സ്‌ക്വയര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോകത്ത് കണ്ടിരിക്കേണ്ട ആറ് മ്യൂസിയങ്ങളില്‍ ഒന്നായി കോഴിക്കോട്ടെ 'ഫ്രീഡം സ്‌ക്വയര്‍' തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ആര്‍ക്കിടെക്ടുമാരുടെ അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമായ ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ ഡോട്ട് ഐ.എന്‍ എന്ന വെബ്‌സൈറ്റിലാണ് ചൈനയിലെ ഇംപീരിയല്‍ ക്ലീന്‍ മ്യൂസിയം, നെതര്‍ലന്‍ഡ്‌സിലെ ആര്‍ട്ട് ഡിപോ എന്നിവക്കൊപ്പം കോഴിക്കോട്ടുകാരുടെ സ്വാതന്ത്ര്യ ചത്വരവും ഇടംപിടിച്ചത്.

ലഖ്‌നോവിലെ മ്യൂസിയം ഓഫ് സോഷ്യലിസം, മുംബൈയിലെ ചില്‍ഡ്രന്‍സ് മ്യൂസിയം, ഡല്‍ഹിയിലെ ചെങ്കോട്ട എന്നിവയാണ് മറ്റുള്ളവ. വാസ്തുശില്‍പ മികവാണ് പ്രധാനമായും ഈ സാര്‍വദേശീയ അംഗീകാരത്തിന് കാരണമായത്. ദേശീയ സ്വാതന്ത്ര്യസമര ചരിത്രമുള്ള കോഴിക്കോട്ട് സ്വാതന്ത്ര്യ പോരാളികള്‍ക്കുള്ള സമര്‍പ്പണമാണ് 'ഫ്രീഡം സ്‌ക്വയര്‍'. 2021 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌ക്വയര്‍ നാടിന് സമര്‍പ്പിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ഇതിന്റെ നിര്‍മാണം നടത്തിയത്.

Tags:    

Similar News