കേരളം വ്യവസായ വളര്‍ച്ചയില്‍ പിന്നിലാണെന്ന വിലയിരുത്തല്‍ യഥാര്‍ഥ്യമല്ല; പി രാജീവ്

  • ലവിലെ പ്രവര്‍ത്തനങ്ങളിലൂടെ പ്ലാന്റേഷന്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റ് ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

Update: 2023-02-17 10:15 GMT

തിരുവനന്തപുരം: കേരളം വ്യവസായ വളര്‍ച്ചയില്‍ പിന്നിലാണെന്ന ധാരണ തെറ്റാണെന്ന് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ്. ഈ വര്‍ഷത്തെ സാമ്പത്തിക അവലോകനത്തിലും ബജറ്റിലും വ്യവസായ മേഖലയുടെ കുതിപ്പ് പ്രകടമാണെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര പ്ലാന്റേഷന്‍ എക്‌സ്‌പോ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വ്യവസായ മേഖലയുടെ വളര്‍ച്ചാനിരക്ക് കേരള ചരിത്രത്തിലെ തന്നെ ഇക്കാലത്തെയും ഉയര്‍ന്ന നിരക്കായ 17.3 ശതമാനം ആയിരുന്നു. ദേശീയ നിരക്കിനേക്കാള്‍ ഉയര്‍ന്ന് നിലവിലെ ഉത്പാദന മേഖലയുടെ വളര്‍ച്ച 18.9 ആണ്. കൂടാതെ ഈ വര്‍ഷം എംഎസ്എംഇകള്‍ക്കുള്ള വായ്പ 60,000 കോടി രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. ബാങ്കുകളില്‍ നിന്ന് എംഎസ്എംഇകള്‍ക്ക് വലിയ പിന്തുണ ലഭിച്ചതിന് ഉദാഹരമാണ് നിലവിലെ വളര്‍ച്ചയെന്നും വ്യവസായ മന്ത്രി അഭിപ്രായപ്പെട്ടു. സംരംഭകവര്‍ഷം 8000 കോടിയുടെ നിക്ഷേപമാണ് കേരളത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യവസായ വകുപ്പിനു കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്തോടെ പ്ലാന്റേഷന്‍ മേഖലയ്ക്ക് നല്ല മാറ്റം ഉണ്ടാക്കാനാകുമെന്ന് മന്ത്രി വിലയിരുത്തി. പ്ലാന്റേഷന്‍ മേഖലയില്‍ വലിയ മാറ്റം സാധ്യമാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും പ്ലാന്റേഷന്‍ ഡയറക്ടറേറ്റിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ഇക്കോ ടൂറിസം മേഖല ശക്തിപ്പെടുത്താനും തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഏപ്രിലോടെ പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു. പ്ലാന്റേഷന്റെ അഞ്ച് ശതമാനം വരെ മെഡിസിനല്‍ പ്ലാന്റ്, ഹോര്‍ട്ടികോര്‍പ്പ്, ടൂറിസം തുടങ്ങി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാകും. ഇത് ഇപ്പോള്‍ പൂര്‍ണമായി വിനിയോഗിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനുമതി ലഭിക്കുന്നതിന് പ്ലാന്റേഷന്‍ ഡയറക്ടറേറ്റില്‍ സിംഗിള്‍ വിന്‍ഡോ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ പ്രവര്‍ത്തനങ്ങളിലൂടെ പ്ലാന്റേഷന്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റ് ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത തോട്ടങ്ങള്‍, തോട്ടം മേഖലയിലെ സഹകരണ സംഘങ്ങള്‍, തോട്ടം മേഖലയുമായി ബന്ധമുള്ള വ്യാപാരികള്‍, വിതരണക്കാര്‍, സേവന ഉപകരണ ദാതാക്കള്‍ എന്നിവരാണ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നത്. സൂര്യകാന്തി എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ 100 സ്റ്റാളുകളിലാണ് എക്‌സ്‌പോ ഒരുക്കിയിട്ടുള്ളത്. ഞായറാഴ്ച വരെ നടക്കുന്ന എക്‌സ്‌പോ രാവിലെ 11 മുതല്‍ രാത്രി 11 വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി സന്ദര്‍ശിക്കാം.

Tags:    

Similar News