കോഴിക്കോട് നഗരം കാണാം, ആനവണ്ടി യാത്രയിലൂടെ

  • ടൂറിസം മേഖലയില്‍ വളരെയധികം ചരിത്ര പ്രാധാന്യമുള്ള നഗരമാണ് കോഴിക്കോട്

Update: 2023-02-02 11:00 GMT

ടൂറിസം മേഖലയില്‍ വളരെയധികം ചരിത്ര പ്രാധാന്യമുള്ള നഗരമാണ് കോഴിക്കോട്. ഇവിടുത്തെ ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 'കോഴിക്കോടിനെ അറിയാന്‍ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര 'എന്ന പേരില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു.

ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയും ബഡ്ജറ്റ് ടൂറിസം സെല്ലുമായി കൈകോര്‍ത്തുള്ള ടൂര്‍ പാക്കേജിലാണ് 'നഗരം ചുറ്റാം ആനവണ്ടിയില്‍' എന്ന പേരില്‍ യാത്ര സാധ്യമാവുന്നത്. ഒരാള്‍ക്ക് 200 രൂപയാണ് ടിക്കറ്റ് നിരക്കില്‍ ദിവസവും ഒരു ബസ് സര്‍വീസാണ് ഉണ്ടാവുക. ഉച്ചയ്ക്ക് ഒന്ന് മുതല്‍ രാത്രി എട്ട് വരെ സര്‍വീസ് ലഭ്യമാണ്.

കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ബസ് പ്ലാനറ്റോറിയം, തളി ക്ഷേത്രം, മിശ്കാല്‍ പള്ളി, കുറ്റിച്ചിറ കുളം, കോതി ബീച്ച്, നൈനാം വളപ്പ്, സൗത്ത് ബീച്ച്, ഗാന്ധി പാര്‍ക്ക്, ഭട്ട്‌റോഡ് ബീച്ച്, ഇംഗ്ലീഷ് പള്ളി, മാനാഞ്ചിറ സ്‌ക്വയര്‍ എന്നിവ വഴിയാണ് കടന്നുപോകുന്നത്.

നഗരം ചുറ്റിക്കാണാന്‍ 'ആനവണ്ടിയാത്ര 'ആഗ്രഹിക്കുന്നവര്‍ക്കു 9846100728, 9544477954 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.

ജില്ലാ കലക്ടര്‍ ഡോ എന്‍ തേജ് ലോഹിത് റെഡ്ഢി യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.

കാപ്പാട് പോലെയുള്ള ടൂറിസം കേന്ദ്രങ്ങളിലേക്കെല്ലാം ഇത്തരം ബസ് സര്‍വീസുകള്‍ നടത്തിയാല്‍ കൂടുതല്‍ ചരിത്ര പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുങ്ങുമെന്നും വരും തലമുറയ്ക്ക് അവരുടെ ചരിത്രപരമായ അറിവ് വര്‍ധിപ്പിക്കാനുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുമെന്നും കലക്ടര്‍ അഭിപ്രായപ്പെട്ടു.

ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ യൂസഫ് , കെഎസ്ആര്‍ടിസി ജില്ലാ ഓഫീസര്‍ പി.കെ പ്രശോഭ്, കെഎസ്ആര്‍ടിസി അംഗീകൃത ട്രെഡ് യൂണിയന്‍ പ്രധിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബി ടി സി ജില്ലാ കോര്‍ഡിനേറ്റര്‍ പി കെ ബിന്ദു സ്വാഗതവും ബി എം എസ് നോര്‍ത്ത് സോണ്‍ കോര്‍ഡിനേറ്റര്‍ ബിനു. ഇ എസ് നന്ദിയും പറഞ്ഞു.

Tags:    

Similar News