കോഴിക്കോട് ഇനി ചേരികളില്ലാത്ത നഗരം

  • സ്റ്റേഡിയം കോളനി, നടക്കാവ് കോളനികളിലുള്ളവര്‍ ഇനി ഫ്‌ലാറ്റില്‍

Update: 2023-03-30 04:30 GMT

ഇന്ത്യയിലെ ചേരികള്‍ ഇല്ലാത്ത ആദ്യത്തെ നഗരമാകാന്‍ കോഴിക്കോട്. കല്ലുത്താന്‍കടവിലെ ചേരി നിവാസികളെ ഇതിനകം ഫ്‌ലാറ്റുകളില്‍ പുനരധിവസിപ്പിച്ചു കഴിഞ്ഞു. വൈകാതെ സ്റ്റേഡിയം കോളനി, നടക്കാവ് കോളനികളില്‍ ഉള്ളവരെ കൂടി പുനരധിവസിപ്പിക്കുന്നതോടെ ചേരികളില്ലാത്ത നഗരമായി കോഴിക്കോട് മാറും.

പാര്‍ക്കിങ് പ്രശ്നത്തിന് അറുതി

140 കുടുംബങ്ങള്‍ക്ക് താമസ സൗകര്യമുള്ള കല്ലുത്താന്‍കടവ് ഫ്‌ലാറ്റില്‍ ഇപ്പോള്‍ 100 ഫ്‌ലാറ്റുകളിലാണ് താമസമുളളത്. സ്റ്റേഡിയം, നടക്കാവ് കോളനികള്‍ നിന്ന സ്ഥലങ്ങളില്‍ ബഹുനില കാര്‍ പാര്‍ക്കിങ്-കൊമേഴ്സ്യല്‍ പ്ലാസ നിര്‍മിക്കാനാണ് കോര്‍പറേഷന്റെ പദ്ധതി. നഗരത്തിലെ പാര്‍ക്കിങ്ങിനും ഇത് ഒരുപരിധിവരെ പരിഹാരമാവും. കല്ലുത്താന്‍കടവ് കോളനിയിലെ എല്ലാവരെയും അവിടെ പുതിയതായി കോഴിക്കോട് കോര്‍പറേഷന്‍ നിര്‍മിച്ച പേള്‍ ഹെയ്റ്റ് ഫല്‍റ്റിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു.

കല്ലുത്താന്‍ കടവ് കോളനി ഉണ്ടായിരുന്ന സ്ഥലത്താണ് കേരളത്തിലെ ആദ്യ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഴം-പച്ചക്കറി മാര്‍ക്കറ്റ് വരുന്നത്. ഇപ്പോള്‍ പാളയത്തുള്ള മാര്‍ക്കറ്റാണ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നത്. ബി.ഒ.ടി മാതൃകയിലുള്ള ഈ പദ്ധതിക്ക് ഏകദേശം 70 കോടി രൂപയാണ് കല്ലുത്താന്‍കടവ് ഏരിയ ഡവലപ്മെന്റ് കമ്പനി (KADCo) ചെലവഴിക്കുന്നത്. പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യം, ബഹുനില പാര്‍ക്കിങ് സൗകര്യം, ടോയിലറ്റ് ബ്ലോക്കുകള്‍, റസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, ചരക്കുകളുമായി വരുന്ന വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ വേണ്ടി പ്രത്യേകമായുള്ള ട്രക് ബേ, ജോലിക്കാര്‍ക്കുള്ള വിശ്രമ മുറികള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ടാവും.

പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റിയ ശേഷം പാളയം മാര്‍ക്കറ്റ് നിലനിന്ന സ്ഥലവും സമീപ സ്ഥലങ്ങളും ചേര്‍ത്ത് 2,000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള പാര്‍ക്കിങ് പ്ലാസയും ഷോപ്പിങ്ങ് സെന്ററും വരും.

പാളയം ടവര്‍ പദ്ധതി

ഇപ്പോള്‍ പാളയം മാര്‍ക്കറ്റില്‍ വരുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങ് സൗകര്യമില്ല. പഴങ്ങളും പച്ചക്കറികളുമായി വരുന്ന ലോറികളെല്ലാം റോഡില്‍ നിര്‍ത്തി ചരക്ക് ഇറക്കുന്നതു കാരണം എപ്പോഴും ഈ ഭാഗത്ത് തിരക്കാണ്. പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യങ്ങളും ഇപ്പോഴില്ല. പാളയം ടവര്‍ പദ്ധതി വരുന്നതോടെ ഇതിനെല്ലാം ഒരു ശാശ്വത പരിഹാരം ആകും. പാളയം മാര്‍ക്കറ്റ് മാറ്റുകയും ഇപ്പോള്‍ പാളയത്ത് മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്ന സ്ഥലവും ബസ്സ്റ്റാന്റ് ഉള്ള സ്ഥലവും ഉള്‍പ്പെടുന്ന പ്രദേശത്താണ് പാളയം ടവര്‍ പദ്ധതി വരുന്നത്. 2000 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന പാര്‍ക്കിങ് പ്ലാസ, ഷോപ്പിങ് കോംപ്ലക്സുകള്‍ എന്നിവയെല്ലാം അടങ്ങിയതാണ് പദ്ധതി.

മൊബിലിറ്റി ഹബ്

കോഴിക്കോട് നഗര ഗതാഗതത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് ദീര്‍ഘദൂര ബസ്സുകള്‍ക്കായി ബൈപാസില്‍ മൊബിലിറ്റി ഹബ് നിര്‍മിക്കുകയാണ് അടുത്ത ഘട്ടം. ഇതു പൂര്‍ത്തിയായ ശേഷം പുതിയ ബസ്സ്റ്റാന്റ് പുതുക്കി പണിത് ഇരുചക്ര ബസ് സ്റ്റാന്റ്, ബഹുനില പാര്‍ക്കിങ് പ്ലാസ, ഭൂഗര്‍ഭ പാര്‍ക്കിങ് ഏരിയ, കൊമേഴ്സ്യല്‍ പ്ലാസകള്‍ എന്നിവ വരും. മാവൂര്‍ റോഡിലെ പുതിയ ബസ്സ്റ്റാന്റ് കോഴിക്കോട് നഗരത്തില്‍ നിന്നും 60 കി.മീ ദൂരപരിധിയില്‍ വരുന്ന സ്ഥലങ്ങളിലേക്കുള്ള ബസ്സുകള്‍ക്ക് മാത്രമായി മാറും. 60 കി.മീ ദൂരത്തുള്ള ബസ്സുകളെല്ലാം മലാപ്പറമ്പ് മൊബിലിറ്റി ഹബില്‍ നിന്നും ആയിരിക്കും. രാമനാട്ടുകര, മെഡിക്കല്‍ കോളജ്, കുന്ദമംഗലം, കൊയിലാണ്ടി ബൈപ്പാസ് എന്നിവിടങ്ങളില്‍ സിറ്റി ബസ് ടെര്‍മിനല്‍ വരും.

ഈ മാസ്റ്റര്‍ പ്ലാനിന്റെ ഒന്നാംഘട്ടമാണ് കല്ലുത്താന്‍ കടവ് പ്രൊജക്റ്റും പാളയം മാര്‍ക്കറ്റ് മാറ്റലും. പുതിയപാലത്ത് ഫ്ളൈഓവര്‍ നിര്‍മാണം ഈ വര്‍ഷം തന്നെ തുടങ്ങും.

അതുപോലെ മിനി ബൈപ്പാസ്-പുതിയപാലം-കല്ലായ് റോഡ്, കനോലി കനാലിനു സമാന്തരമായി കല്ലുത്താന്‍കടവ്-പുതിയപാലം റോഡ്, മാങ്കാവ് റോഡ് ജങ്ഷനിലെ പാലം, ജയില്‍ റോഡ്, എം.എം അലി റോഡ്്, കല്ലായി റോഡ്, പുതിയറ-കുതിരവട്ടം-പൊറ്റമ്മല്‍ റോഡ് ബൈപ്പാസ്, മിംസ് മിനി ബൈപ്പാസ്, കോഴിക്കോട് ബൈപ്പാസ് റോഡുകളുടെ വികസനം, കല്ലുത്താന്‍കടവ് മിംസ്-ലുലു മാള്‍-മാങ്കാവ്-മീഞ്ചന്ത നാലുവരി പാതയുടെ പൂര്‍ത്തീകരണവുമാണ് ഈ ഭാഗത്ത് അടുത്തതായി വരുന്ന പ്രധാന പദ്ധതികള്‍.

സ്റ്റേഡിയം കോമ്പൗണ്ട് പദ്ധതി, കിഡ്സന്‍ കോര്‍ണര്‍ പാര്‍ക്കിങ് പ്ലാസ-കോപ്പിങ് സെന്റര്‍, മുതലക്കുളം ഭൂഗര്‍ഭ പാര്‍ക്കിങ്-ഓപണ്‍ സ്റ്റേജ് ബീച്ച് റോഡ് പാര്‍ക്കിങ് പ്ലാസ-ഷോപ്പിങ് സെന്റര്‍ തുടങ്ങിയ പദ്ധതികളും വരുന്നുണ്ട്. ഇതില്‍ സ്റ്റേഡിയം കോമ്പൗണ്ട് പദ്ധതി, കിഡ്സണ്‍ കോര്‍ണര്‍ പ്രോജക്ടുകളുടെ ടെന്‍ഡര്‍ ആയി.

ഈ പദ്ധതികള്‍ എല്ലാം പൂര്‍ത്തിയാകുന്നതോടെ കോഴിക്കോട് നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരമാവുകയും നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും.

Tags:    

Similar News