മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; സംഭാവനയ്ക്കുള്ള ക്യു ആര്‍ കോഡ് പിൻവലിച്ചു, പകരം യുപിഐ ഐഡി
- യുപിഐ ഐഡി വഴി ഗൂഗിൾ പേയിലൂടെ സംഭാവന നൽകാം
- ദുരുപയോഗം തടയാൻ ക്യുആർ കോഡ് സംവിധാനം പിൻവലിക്കും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ധനവകുപ്പിൽ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകി സംവിധാനം ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭാവന ചെയ്യുന്നതിനായി donation.cmdrf.kerala.gov.in എന്ന പോർട്ടലിൽ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നൽകിയിട്ടുണ്ട്. പോർട്ടലിൽ നൽകിയിരിക്കുന്ന നേരിട്ടുള്ള പേയ്മെന്റ് സംവിധാനം വഴി വിവരങ്ങൾ നൽകി ഓൺലൈൻ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പർ വഴി നേരിട്ടോ സംഭാവന നൽകാം. ഇതിലൂടെ നൽകുന്ന സംഭാവനയ്ക്ക് ഉടൻ തന്നെ റെസീപ്റ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. യുപിഐ വഴിയുള്ള ഇടപാടുകൾക്ക് 48 മണിക്കൂറിനുശേഷമേ റസീപ്റ്റ് ലഭിക്കൂ.
ദുരിതാശ്വാസ നിധിയുടെ പോർട്ടലിലും സോഷ്യൽ മീഡിയ വഴിയും വിവിധ അക്കൗണ്ടുകളുടെ യുപിഐ ക്യുആർ കോഡ് നൽകിയിരുന്നു. അത് ദുരുപയോഗപ്പെടാനുള്ള സാധ്യത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ക്യുആർ കോഡ് സംവിധാനം പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പകരം പോർട്ടലിൽ നൽകിയിട്ടുള്ള യുപിഐ ഐഡി വഴി ഗൂഗിൾ പേയിലൂടെ സംഭാവന നൽകാം. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യർഥിച്ചിരുന്നു. അതു വലിയ തോതിലാണ് ലോകത്താകെയുള്ള ജനങ്ങൾ ചെവിക്കൊള്ളുന്നത്. ലോക രാഷ്ട്രങ്ങൾ അനുശോചനമറിയിച്ച് നമ്മോട് ഐക്യപ്പെട്ടിരുന്നു. ലോകത്താകെയുള്ള സുമസുകളും സഹായ സന്നദ്ധരാവുകയാണ്. ഓക്സ്ഫോർഡ് വിദ്യാർത്ഥികളിൽ ചിലർ, കേരളത്തെ സഹായിക്കണമെന്നഭ്യർഥിച്ചു വിഡിയോ തയാറാക്കിയതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
