ഐ ഫോണ്‍ വില്‍പ്പനയില്‍ 2.4% ഇടിവ് ; ഇന്ത്യയില്‍ റെക്കോഡ് വളര്‍ച്ച
- മികച്ച പ്രകടനവുമായി സേവന വിഭാഗം
- എഐ വികസനത്തിന് വലിയ ചെലവിടല്‍
- ലാഭത്തില്‍ 2.3 ശതമാനം വാര്‍ഷിക വളര്‍ച്ച
ജൂലൈ ഒന്നിന് അവസാനിച്ച മൂന്നാം പാദത്തില്‍ ഐഫോൺ വിൽപ്പനയില്‍ 2.4 ശതമാനം ഇടിവ് രേഖപ്പെടുത്തിയെങ്കിലും ആപ്പിളിന്‍റെ അറ്റാദായം 2.3 ശതമാനം വളർച്ചയോടെ 1990 കോടി ഡോളറിലെത്തി. ഈ കാലയളവില്‍ മൊത്തം വില്‍പ്പന 1.4 ശതമാനത്തിന്‍റെ ഇടിവോടെ 8180 കോടി രൂപയില്‍ എത്തി. ആപ്പിളിന്‍റെ മൊത്തം വരുമാനത്തിന്‍റെ പകുതിയോളം ഐ ഫോണ്‍ വില്‍പ്പനയില്‍ നിന്നാണ് ലഭിക്കുന്നത്. അതേസമയം വില്‍പ്പനയിലെ ഇടിവിനെ മറികടക്കുന്ന തരത്തിലുള്ള പ്രകടനം സേവന വിഭാഗത്തിലുണ്ടായതിനാല്‍ 2.3 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ലാഭം 1990 കോടി ഡോളറില്‍ എത്തിയിട്ടുണ്ട്.
ചൈനയിലെ ഐ ഫോണ്‍ വില്‍പ്പന 8 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ ഇന്ത്യയില്‍ ഇരട്ടയക്ക വളര്‍ച്ചയുമായി റെക്കോഡ് വില്‍പ്പന രേഖപ്പെടുത്തിയെന്നാണ് ടിം കുക്ക് വെളിപ്പെടുത്തിയിട്ടുള്ളത്. മുംബൈയിലും ഡെല്‍ഹിയിലുമായി ആരംഭിച്ച ആപ്പിളിന്‍റെ സ്വന്തം സ്‍റ്റോറുകള്‍ മികച്ച രീതിയില്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചു. രാജ്യത്ത് ഉല്‍പ്പാദനവും റീട്ടെയില്‍ സ്‍റ്റോറുകളിലൂടെയുള്ള വില്‍പ്പനയും വിപുലമാക്കുന്നതിനുള്ള ശ്രമങ്ങളും കമ്പനി നടത്തുന്നുണ്ട്.
അവലോകന പാദത്തില്‍ പ്രതി ഓഹരി വരുമാനം 5 ശതമാനം ഉയര്‍ന്ന് 126 കോടി ഡോളറില്‍ എത്തി. ആപ്പിളിന്റെ ഗവേഷണ വികസന (ആര്‍&ഡി) ചെലവ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 2261 കോടി ഡോളറാണ്, മുന്‍ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 312 കോടി ഡോളർ കൂടുതലാണ് ഇത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സുമായി ബന്ധപ്പെട്ട പുതിയ പദ്ധതികളും പരീക്ഷണങ്ങളുമാണ് ആര്‍ ആന്‍ഡ് ഡി ചെലവ് ഉയര്‍ത്തുന്നതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് റോയിട്ടേര്‍സിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നു. എഐ അധിഷ്ഠിതമായ പുതിയ സവിശേഷതകള്‍ ഉടന്‍ തന്നെ ഐ ഫോണിലും മറ്റ് ആപ്പിള്‍ ഉല്‍പ്പന്നങ്ങളിലും എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആപ്പിൾ സേവനങ്ങളും മൂന്നാം കക്ഷി ആപ്പുകളും ഉൾപ്പെടുന്ന ആപ്പിള്‍ പ്ലാറ്റ്‌ഫോമിൽ 100 കോടി വരിക്കാരുണ്ട്, ഒരു പാദത്തിന് മുമ്പ് ഇത് 975 ദശലക്ഷമായിരുന്നു.
