ബിഎച്ച്ഇഎല്‍-ന്‍റെ അറ്റാദായത്തില്‍ 34.2% ഇടിവ്

  • ഇൻപുട്ട് ചെലവ് 23.9% വർധിച്ചു
  • വ്യാവസായിക വിഭാഗത്തിന്‍റെ വരുമാനം ഇടിഞ്ഞു
  • കഴിഞ്ഞ പാദത്തില്‍ മികച്ച ഓര്‍ഡറുകള്‍ സ്വന്തമാക്കി

Update: 2023-05-26 15:47 GMT

പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് മാര്‍‍ച്ച് പാദത്തിലെ ലാഭത്തിൽ 34.2% വാര്‍ഷിക ഇടിവ് രേഖപ്പെടുത്തി. രാജ്യത്തെ വൈദ്യുതി ആവശ്യകത ഉയര്‍ന്നുവെങ്കിലും മൊത്തം ചെലവിടല്‍ ഉയര്‍ന്നതാണ് ലാഭത്തെ ബാധിട്ടത്. 2021-22 നാലാം പാദത്തില്‍ 9.09 ബില്യൺ രൂപയായിരുന്ന സ്റ്റാന്‍റ് എലോണ്‍ അറ്റാദായം 2022 -23 നാലാം പാദത്തിൽ 5.98 ബില്യൺ രൂപയിലേക്ക് താഴ്ന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി.

അസംസ്‌കൃത വസ്തുക്കള്‍ക്കായുള്ള ഇൻപുട്ട് ചെലവ് 23.9% വർധിച്ചതിന്‍റെ ഫലമായി മൊത്തം ചെലവിടല്‍ 5.4% വർധിച്ചു. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 2.9% ഉയര്‍ന്ന് 78.19 ബില്യണ്‍ രൂപയിലെത്തി. ഇന്ത്യയുടെ മൊത്തം കൽക്കരി അധിഷ്ഠിത വൈദ്യുതി ഉൽപ്പാദനത്തിൽ ഏകദേശം 57% വിഹിതമാണ് ബിഎച്ച്ഇഎല്‍-ന് ഉള്ളത്. കാര്‍ബണ്‍ പുറംതള്ളല്‍ കുറച്ചുകൊണ്ടുവരുന്ന നയത്തിന്‍റെ ഭാഗമായ നടപടികള്‍ കമ്പനിയുടെ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കകളും ശക്തമാണ്.

പവർ യൂണിറ്റിലെ വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 3.9% വർധിച്ചു. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 78.9 ശതമാനവും പവര്‍ യൂണിറ്റിന്‍റെ സംഭാവനയാണ്. വ്യാവസായിക വിഭാഗത്തിൽ നിന്നുള്ള വരുമാനം 0.7% കുറഞ്ഞു. കൊറോണ മഹാമാരിക്ക് ശേ്ഷം അടിസ്ഥാന സൗകര്യ പദ്ധതികൾക്കായുള്ള സര്‍ക്കാര്‍ ചെലവിടല്‍ വര്‍ധിച്ചതില്‍ നിന്ന് നേട്ടമുണ്ടാക്കുന്ന തരത്തില്‍ വ്യാവസായിക വിഭാഗം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ബിഎച്ച്ഇഎല്‍.

കഴിഞ്ഞ പാദത്തില്‍ വലിയ തോതില്‍ ഓര്‍ഡറുകള്‍ സ്വന്തമാക്കാനും ബിഎച്ച്ഇഎലിന് സാധിച്ചു. ഗുജറാത്തിലെ ഉകായ് താപവൈദ്യുത നിലയത്തിലെ സ്റ്റീം ടർബൈനുകളുടെ നവീകരണത്തിനുള്ള കരാര്‍. ടിറ്റാഗർ വാഗൺസ് ലിമിറ്റഡുമായി ചേർന്ന് 80 വന്ദേ ഭാരത് ട്രെയിൻസെറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ എന്നിവ ബിഎച്ച്ഇഎല്‍ സ്വന്തമാക്കിയിട്ടുണ്ട്. 

Tags:    

Similar News