സെയിലിന്‍റെ (SAIL) അറ്റാദായത്തില്‍ 50%-ല്‍ അധികം ഇടിവ്

  • ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ വര്‍ധന
  • കല്‍ക്കരിയുടെ ഉയര്‍ന്ന വില പ്രകടനത്തെ ബാധിച്ചു
  • വില്‍പ്പനയിലും വരുമാനത്തിലും ഇടിവ്

Update: 2023-05-26 10:29 GMT

സർക്കാർ ഉടമസ്ഥതയിലുള്ള സെയിൽ (S A I L ), മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ ഏകീകൃത അറ്റാദായത്തിൽ 50 ശതമാനത്തിലധികം ഇടിവ് വാര്‍ഷികാടിസ്ഥാനത്തില്‍ രേഖപ്പെടുത്തി. 2021-22 ജനുവരി-മാർച്ച് പാദത്തിൽ കമ്പനി 2,478.82 കോടി രൂപ അറ്റാദായം നേടിയിരുന്നെങ്കില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തിലത് 1,159.21 കോടി രൂപയായി കുറഞ്ഞെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

കമ്പനിയുടെ മൊത്ത വരുമാനം മുന്‍ വര്‍ഷം സമാന കാലയളവിലെ 31,175.25 കോടി രൂപയിൽ നിന്ന് 29,416.39 കോടി രൂപ എന്ന നിലയിലേക്ക് കുത്തനെ ഇടിവ് രേഖപ്പെടുത്തി.നാലാം പാദത്തിൽ ക്രൂഡ് സ്റ്റീൽ ഉൽപ്പാദനം 4.95 മില്യ‍ണ്‍ ടൺ (എംടി) ആയിരുന്നു, മുന്‍ വര്‍ഷം സമാന കാലയളവില്‍ രേഖപ്പെടുത്തിയ 4.60 എംടി-യില്‍ നിന്ന് വളര്‍ച്ച നേടാനായതായി കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

2021- 22ലെ ജനുവരി-മാർച്ച് കാലയളവിലെ 4.71 മില്യണ്‍ ടണ്ണിൽ നിന്ന് സെയിലിന്റെ വിൽപ്പന ഇക്കഴിഞ്ഞ നാലാം പാദത്തില്‍ 4.68 മില്യണ്‍ ടണ്ണായി കുറഞ്ഞു.2022-23 സാമ്പത്തിക വര്‍ഷത്തിനുള്ള അന്തിമ ലാഭവിഹിതമായി ഒരു ഓഹരിക്ക് 0.50 രൂപ നല്‍കുന്നതിനും കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കമ്പനിയുടെ എബിറ്റ്ഡ നാലാംപാദത്തില്‍ 2,924 കോടി രൂപയാണ്. എബിറ്റ്ഡ മാർജിൻ 10.04 ശതമാനമാണ്. ഉയർന്ന തലത്തിലെ ജീവനക്കാരുടെ ആനുകൂല്യ ചെലവുകളാണ് എബിറ്റ്ഡ മാര്‍ജിന്‍ പരിമിതപ്പെടുത്തിയത്. മാർച്ച് പാദത്തിൽ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കായുള്ള ചെലവ് 3,439 കോടി രൂപയായിരുന്നു, മുൻ വർഷം ഇതേ കാലയളവിൽ ഇത് 3,035 കോടി രൂപയും ഡിസംബർ പാദത്തിൽ 2,777 കോടി രൂപയും ആയിരുന്നു.

"കൽക്കരിയുടെ ഉയർന്ന വിലയും സ്റ്റീൽ വിലയിലെ ചാഞ്ചാട്ടവും സെയിലിന്റെ മാർജിനുകളെ ബാധിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ, പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ നടപടികളാണ് കമ്പനി സ്വീകരിക്കുന്നത്," കമ്പനിയുടെ വാര്‍ത്താക്കുറിപ്പ് വിശദീകരിക്കുന്നു. സ്റ്റീൽ മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ), പ്രതിവർഷം ഏകദേശം 21 എംടി ഉല്‍പ്പാദനത്തിന് സ്ഥാപിത ശേഷിയുള്ള രാജ്യത്തെ മികച്ച അഞ്ച് സ്റ്റീൽ ഉൽപ്പാദക കമ്പനികളിൽ ഒന്നാണ്.

Tags:    

Similar News