പ്രതീക്ഷയ്ക്ക് മുകളില്‍; 15 % അറ്റാദായ വളര്‍ച്ചയുമായി മാരികോ

  • പ്രവര്‍ത്തന വരുമാനത്തില്‍ 3% ഇടിവ്
  • അന്താരാഷ്ട്ര ബിസിനസ്സ് 9% ഉയര്‍ന്നു
  • ആഭ്യന്തര ബിസിനസ് വരുമാനത്തില്‍ ഇടിവ്

Update: 2023-07-28 11:14 GMT

പ്രമുഖ എഫ്എംസിജി കമ്പനി മാരികോ നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദം 427 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്തു.  മുന്‍ വര്‍ഷം സമാന കാലയളവിൽ 371 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്. അതായത് 15 ശതമാനം വാര്‍ഷിക വളര്‍ച്ച ഏപ്രില്‍- ജൂണ്‍ കാലയളവില്‍ നേടി. വിപണി വിദഗ്ധര്‍ പൊതുവില്‍ വിലയിരുത്തിയതിനും മുകളിലുള്ള അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്. 

 മുംബൈ ആസ്ഥാനമായുള്ള കമ്പനി പാരച്യൂട്ട്, നിഹാർ, സഫോള, ലിവോൺ, സെറ്റ് വെറ്റ് തുടങ്ങിയ ജനപ്രിയ ബ്രാൻഡുകള്‍ പുറത്തിറക്കുന്നു. ഒരു റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്,  ആദ്യ പാദത്തിൽ അതിന്റെ വരുമാനം 2,477 കോടി രൂപയാണ്, മുൻ വർഷം സമാന കാലയളവില്‍ ഇത് 2,558 കോടി രൂപയായിരുന്നു. 

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം, അവലോകന പാദത്തിൽ 3 ശതമാനം ഇടിഞ്ഞ് 2,477 കോടി രൂപയായി. മുൻവർഷം സമാന പാദത്തിൽ ഇത് 2,558 കോടി രൂപയായിരുന്നു. ജൂൺ പാദത്തിൽ എബിറ്റ്ഡ 9 ശതമാനം ഉയർന്ന് 574 കോടി രൂപയിലെത്തി, അതേസമയം മാർജിൻ 253 ബേസിസ് പോയിന്റ് ഉയർന്ന് 23.2 ശതമാനം ആയി.

ത്രൈമാസത്തിൽ, എഫ്എംസിജി മേഖല മുൻ പാദത്തിലെ പോസിറ്റീവ് വികാരം നിലനിർത്തിയതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു, എന്നിരുന്നാലും ഗ്രാമങ്ങളിൽ മുന്‍പാദത്തെ അപേക്ഷിച്ച് പ്രതീക്ഷിച്ചതു പോലെയുള്ള വില്‍പ്പന വളര്‍ച്ച പ്രകടമായിട്ടില്ലെന്നും കമ്പനി നിരീക്ഷിക്കുന്നു. വിവിധ ഉല്‍പ്പന്നങ്ങളുടെ വിലയിലുണ്ടായ കുറവു കാരണം ആഭ്യന്തര വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 5 ശതമാനം കുറഞ്ഞ് 1,827 കോടി രൂപയായി.

റിപ്പോർട്ടിംഗ് പാദത്തിൽ അന്താരാഷ്ട്ര ബിസിനസ്സ് സ്ഥിര കറൻസി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ 9 ശതമാനം വളർച്ച കൈവരിച്ചു.

വെള്ളിയാഴ്ച, എൻഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 3.41 ശതമാനം ഉയർന്ന് 572.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

Tags:    

Similar News