അദാനി ട്രാന്‍സ്‍മിഷന്‍റെ അറ്റാദായത്തില്‍ 85% ഉയര്‍ച്ച
- കമ്പനിയുടെ പേര് മാറ്റത്തിന് ബോര്‍ഡ് അംഗീകാരം
- 2022 -23 ലെ അറ്റാദായത്തില്‍ 4% വര്‍ധന
- അനിൽ സർദാന 5 വര്‍ഷത്തേക്ക് കൂടി എംഡി
മാർച്ച് 31ന് അവസാനിച്ച പാദത്തില്‍ തങ്ങളുടെ ഏകീകൃത അറ്റാദായം 85% വളർച്ച നേടിയെന്ന് അദാനി ട്രാൻസ്‍മിഷന്‍. മുന്‍വർഷം സമാന കാലയളവിലെ 237 കോടി രൂപയില്‍ നിന്ന് സംയോജിത അറ്റാദായം 440 കോടി രൂപയായി ഉയര്‍ന്നു. ട്രാൻസ്‍മിഷൻ ബിസിനസുമായി ബന്ധപ്പെട്ട ഒരു റെഗുലേറ്ററി ഓർഡറിൽ നിന്നുള്ള 148 കോടിയുടെ ഒറ്റത്തവണ വരുമാനമാണ് അറ്റാദായത്തിലെ വര്‍ധനയില്‍ പ്രധാനമായും പ്രതിഫലിക്കുന്നതെന്ന് റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി.
2022 -23 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി കമ്പനിയുടെ ആദായം 1281 കോടി രൂപയാണ്. മുന്‍ വർഷത്തെ 1236 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 4 ശതമാനത്തിന്‍റെ വര്‍ധന. 2021 -22ലെ 10,184 കോടിയിൽ നിന്ന് വരുമാനം 19% ഉയർന്ന് 12,149 കോടിയായി.
മാര്‍ച്ച് പാദത്തിലെ, പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം മുന്‍ വർഷം ഇതേ പാദത്തിലെ 2,582 കോടിയിൽ നിന്ന് 17% ഉയർന്ന് 3,031 കോടിയായി. പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ (എബിറ്റ്ഡ) എന്നിവയ്ക്ക് മുമ്പുള്ള പ്രവർത്തന ലാഭം 28% ഉയർന്ന് 1,570 കോടിയായി.
മെയ് 10 മുതൽ അഞ്ച് വർഷത്തേക്ക് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി അനിൽ സർദാനയെ വീണ്ടും നിയമിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയെന്നും കമ്പനിയുടെ ഫയലിംഗ് വ്യക്തമാക്കുന്നു. വിവിധ അംഗീകാരങ്ങൾക്ക് വിധേയമായി കമ്പനിയുടെ പേര് അദാനി ട്രാൻസ്‍മിഷന്‍ എന്നതില്‍ നിന്ന് അദാനി എനർജി സൊല്യൂഷൻസ് എന്നാക്കി മാറ്റാനും ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.
"അദാനി ട്രാൻസ്‍മിഷൻ മികച്ച വളർച്ച കൈവരിക്കുന്നതിനുള്ള യാത്രയിലാണ്, നമ്മുടെ രാജ്യത്തിന്റെ വൻതോതിലുള്ള വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിനും ലോകോത്തര യൂട്ടിലിറ്റി എന്ന നിലയിലുള്ള സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ഞങ്ങൾ പ്രവർത്തിക്കുന്നു," അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു.
