ഓഹരികള്‍ റെക്കോഡ് ഉയരത്തില്‍; 3 ട്രില്യന്‍ ഡോളര്‍ മൂല്യത്തിലേക്ക് ആപ്പിള്‍
- ആപ്പിളിന്റെ ഓഹരി വില 2023-ല്‍ ഇതുവരെ 46 ശതമാനം ഉയര്‍ന്നു
- ആപ്പിളിന്റെ റാലി ഭാവി വരുമാനത്തെക്കുറിച്ചുള്ള അനലിസ്റ്റുകളുടെ പ്രവചനത്തെ നിഷ്പ്രഭമാക്കി
ജൂണ്‍ 28 ബുധനാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ ആപ്പിളിന്റെ ഓഹരി റെക്കോര്‍ഡ് ഉയരത്തിലെത്തിയതിനു ശേഷം ക്ലോസ് ചെയ്തു. കമ്പനിയുടെ വിപണിമൂല്യം 3 ട്രില്യണ്‍ ഡോളറിന് അടുത്തെത്തുകയും ചെയ്തു.
തുടര്‍ച്ചയായ രണ്ടാം സെഷനില്‍ ബുധനാഴ്ച ആപ്പിള്‍ ഓഹരി 0.6 ശതമാനം ഉയര്‍ന്ന് 189.25 ഡോളറില്‍ വ്യാപാരം അവസാനിച്ചു. ട്രേഡിംഗ് അവസാന സമയത്ത് അതിന്റെ വിപണി മൂല്യം 2.98 ട്രില്യന്‍ ഡോളറിലെത്തി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സാധ്യകളിലുള്ള ശുഭാപ്തിവിശ്വാസം ടെക് ഓഹരികള്‍ക്ക് സമീപകാലത്ത് നേട്ടങ്ങള്‍ സമ്മാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആപ്പിള്‍ ഓഹരികള്‍ മുന്നേറിയത്. ഇതിനു പുറമെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് അവസാനിപ്പിക്കുകയാണെന്ന റിപ്പോര്‍ട്ടും അമേരിക്കന്‍ വിപണികളില്‍ ചലനമുണ്ടാക്കി. ഇതും ആപ്പിള്‍ ഓഹരിക്ക് ഗുണം ചെയ്തു.
ആപ്പിളിന്റെ ഓഹരി വില 2023-ല്‍ ഇതുവരെ 46 ശതമാനം ഉയര്‍ന്നു. മറ്റ് വന്‍കിടക്കാരായ ടെസ്‌ല, മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ഓഹരി വിലയിലും ഇരട്ടിയിലധികം വര്‍ധന രേഖപ്പെടുത്തി. എന്‍വിഡിയ(Nvidia) ഓഹരി വില 185 ശതമാനം ഉയര്‍ന്നു. മൈക്രോസോഫ്റ്റ് ഈ വര്‍ഷം 45 ശതമാനം നേട്ടമുണ്ടാക്കി.
ജൂണ്‍ മാസം അഞ്ചിന് നടന്ന ആപ്പിളിന്റെ വാര്‍ഷിക ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ ആപ്പിള്‍ ഓഗ് മെന്റഡ് റിയാല്‍റ്റി ഹെഡ്‌സെറ്റ് ' വിഷന്‍ പ്രോ ' അവതരിപ്പിച്ചിരുന്നു. മിക്‌സഡ് റിയാല്‍റ്റിയില്‍ ഡിജിറ്റല്‍ ഉള്ളടക്കവുമായി സംവദിക്കാന്‍ യൂസറെ അനുവദിക്കുന്ന എക്സ്റ്റീരിയല്‍ ക്യാമറകളാണു പുതിയ ഉല്‍പ്പന്നത്തിന്റെ സവിശേഷത. വിഷന്‍ പ്രോ അവതരിപ്പിച്ചതിനു ശേഷം ആപ്പിളിന്റെ ഓഹരികള്‍ക്ക് മുന്നേറാന്‍ നല്ല പോലെ സാധിച്ചു.
ആപ്പിളിന്റെ ഓഹരി വിലയിലെ സമീപകാല റാലി കമ്പനിയുടെ ഭാവി വരുമാനത്തെക്കുറിച്ചുള്ള അനലിസ്റ്റുകളുടെ കണക്കുകൂട്ടലുകളെ നിഷ്പ്രഭമാക്കിയിരിക്കുകയാണ്.
മെയ് മാസത്തില്‍ പുറത്തിറങ്ങിയ പാദ റിപ്പോര്‍ട്ട് വരുമാനത്തിലും ലാഭത്തിലും ഇടിവുണ്ടായെന്നു സൂചിപ്പിക്കുന്നതായിരുന്നെങ്കിലും ആപ്പിളിന്റെ ശക്തമായ ട്രാക്ക് റെക്കോഡും സ്റ്റോക്ക് ബൈബാക്കുകളും (stock buybacks) അതിനെ സുരക്ഷിത നിക്ഷേപമാക്കി മാറ്റുന്നു എന്നതും ഒരു യാഥാര്‍ഥ്യമാണ്.
