ഏഷ്യന്‍ പെയിന്റ്സിന്റെ അറ്റാദായം 1097 കോടി രൂപയായി

Update: 2023-01-19 10:06 GMT


ഡെല്‍ഹി : നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഏഷ്യന്‍ പെയിന്റ്സിന്റെ അറ്റാദായം 6.4 ശതമാനം വര്‍ധിച്ച് 1,097.06 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,031.29 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ മൂന്നാം പാദത്തിലുണ്ടായിരുന്ന 8,527.24 കോടി രൂപയില്‍ നിന്ന് 8,636.74 കോടി രൂപയായി.

മൊത്ത ചിലവ് 7,220.29 കോടി രൂപയില്‍ നിന്ന് 7,280.75 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 4.5 ശതമാനം ഉയര്‍ന്ന് 1,611.43 കോടി രൂപയായി. മാര്‍ജിന്‍ 57 ബേസിസ് പോയിന്റ് വര്‍ധിച്ച് 18.66 ശതമാനമായി.

ഒക്ടോബറില്‍ തുടര്‍ന്ന കാലവര്‍ഷം ഉത്സവ സീസണിലെ ഡിമാന്റിനെ ബാധിച്ചുവെങ്കിലും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇരട്ട അക്ക വളര്‍ച്ച ഉണ്ടാകുന്ന തരത്തില്‍ ഡിമാന്‍ഡ് വര്‍ധിച്ചു. വ്യാവസായിക ബിസിനെസ്സില്‍ ശക്തമായ വളര്‍ച്ച ഈ പാദത്തിലുണ്ടായി.

അന്താരാഷ്ട്ര ബിസിനസ്സില്‍ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടായത്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും ശ്രീലങ്ക, ബംഗ്ലാദേശ് പോലുള്ള ദക്ഷിണേഷ്യന്‍ വിപണികളില്‍ കനത്ത നഷ്ടമുണ്ടായി. ആഗോള പ്രതിസന്ധികളും, ഫോറെക്‌സ് പ്രതിസന്ധികളുമാണ് പ്രതികൂലമായത്.

Tags:    

Similar News