കിട്ടാക്കടം കുറഞ്ഞു, പലിശ വരുമാനം കൂടി; സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ലാഭം 64% ഉയര്‍ന്നു

  • ബാങ്കിന്റെ ഒക്ടോബര്‍-ഡിസംബര്‍ കാലയളവിലെ മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ 6,523.78 കോടി രൂപയില്‍ നിന്നും 7635.71 കോടി രൂപയായി.

Update: 2023-01-18 11:31 GMT

ഡെല്‍ഹി: ഡിസംബറില്‍ അവസാനിച്ച മൂന്നാംപാദത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ലാഭം 64 ശതമാനം ഉയര്‍ന്നു. കിട്ടാക്കടത്തിലുണ്ടായ കുറവും, അറ്റ പലിശ വരുമാനത്തിലെ വര്‍ധനയുമാണ് ലാഭം 458 കോടി രൂപയായി ഉയരാന്‍ കാരണം. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 279 കോടി രൂപയായിരുന്നു.

ബാങ്കിന്റെ ഒക്ടോബര്‍-ഡിസംബര്‍ കാലയളവിലെ മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ 6,523.78 കോടി രൂപയില്‍ നിന്നും 7635.71 കോടി രൂപയായി. അറ്റപലിശ വരുമാനം ഈ പാദത്തില്‍ 20 ശതമാനം ഉയര്‍ന്ന് 3,285 കോടി രൂപയുമായി.

പ്രവര്‍ത്തന ലാഭം 44.21 ശതമാനം ഉയര്‍ന്ന് 2021-2022 സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തിലെ 1,253 കോടി രൂപയില്‍ നിന്നും 1,807 കോടി രൂപയായി. മൊത്ത നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 15.16 ശതമാനത്തില്‍ നിന്നും 8.85 ശതമാനമായി കുറയുകയും, അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 4.39 ശതമാനത്തില്‍ നിന്നും 2.09 ശതമാനത്തിലേക്ക് കുറയുകയും ചെയ്തതോടെ ബാങ്കിന്റെ ആസ്തി നിലവാരവും മെച്ചപ്പെട്ടു.

എന്നാല്‍, ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം മുന്‍വര്‍ഷം ഇതേ കാലയളവിലെ 13.99 ശതമാനത്തില്‍ നിന്നും 13.76 ശതമാനമായി കുറഞ്ഞു. ബാങ്കിന്റെ ഓഹരികള്‍ 0.46 ശതമാനം താഴ്ന്ന് 32.35 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News