ഈ മള്‍ട്ടിബാഗര്‍ ഓഹരി നല്‍കിയത് 250 ശതമാനം റിട്ടേണ്‍; അതും 2 വര്‍ഷം കൊണ്ട്

  • 2023-ല്‍ മാത്രം ഇതുവരെ 40 ശതമാനം റിട്ടേണ്‍ നല്‍കി കഴിഞ്ഞു
  • മൂന്ന് വര്‍ഷം മുന്‍പ്ഒരുലക്ഷം രൂപ നിക്ഷേപിച്ച ഒരാള്‍ക്ക് ലഭിക്കുക 12.28 ലക്ഷം രൂപ
  • ഈ സ്റ്റോക്ക് വെറും 12 ട്രേഡിംഗ് സെഷനുകള്‍ കൊണ്ട് 26.5 ശതമാനം കുതിച്ചുച്ചാട്ടം നടത്തി എന്നതാണ്

Update: 2023-06-19 11:25 GMT

2,904 കോടി രൂപ വിപണിമൂല്യമുള്ള സ്‌മോള്‍ ക്യാപ് സ്റ്റോക്കാണ് ഗോകല്‍ദാസ് എക്‌സ്‌പോര്‍ടേഴ്‌സ്.

മൂന്ന് വര്‍ഷം മുന്‍പ് ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്‌സിന്റെ (Gokaldas Exports) ഓഹരി ഒന്നിന് 39 രൂപയായിരുന്നു വില. ഇന്ന് 478.95 രൂപയോളം വരും. അതായത് ഓഹരിമൂല്യം മൂന്ന് വര്‍ഷം കൊണ്ട് ഉയര്‍ന്നത് 1,128 ശതമാനത്തോളം.

ഈ ഓഹരിയില്‍ മൂന്ന് വര്‍ഷം മുന്‍പ്ഒരുലക്ഷം രൂപ നിക്ഷേപിച്ച ഒരാള്‍ക്ക് ലഭിക്കുക 12.28 ലക്ഷം രൂപ. ഇത്തരത്തില്‍ ക്രമാതീതമായി വളര്‍ച്ച കൈവരിച്ച ഗോകല്‍ദാസ് എക്‌സ്‌പോര്‍ടേഴ്‌സിനെ ഇക്വിറ്റി മാര്‍ക്കറ്റിലെ മികച്ച പ്രകടനക്കാരില്‍ ഒരാളാക്കി തീര്‍ത്തിരിക്കുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗോകല്‍ദാസ് എക്‌സ്‌പോര്‍ടേഴ്‌സിന്റെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് ഏകദേശം 250 ശതമാനമാണ് റിട്ടേണ്‍ നല്‍കിയത്.

1995-ല്‍ സ്ഥാപിതമായ കമ്പനിയാണ് ഗോകല്‍ദാസ് എക്‌സ്‌പോര്‍ടേഴ്‌സ്. ബെംഗളുരുവിലാണ് ആസ്ഥാനം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വസ്ത്ര കയറ്റുമതി സ്ഥാപനങ്ങളിലൊന്നാണ് ഗോകല്‍ദാസ് എക്‌സ്‌പോര്‍ടേഴ്‌സ്. ബ്ലേസറുകള്‍, പാന്റ്‌സ്, ഷോര്‍ട്‌സ്, ഷര്‍ട്ട്, ബ്ലൗസ്, ഡെനിം വസ്ത്രങ്ങള്‍, നീന്തല്‍ വസ്ത്രങ്ങള്‍, സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ എന്നിവയുടെ നിര്‍മാതാക്കളാണ് ഗോകല്‍ദാസ് എക്‌സ്‌പോര്‍ടേഴ്‌സ്.

2023-ല്‍ മാത്രം ഇതുവരെ ഗോകല്‍ദാസ് എക്‌സ്‌പോര്‍ടേഴ്‌സിന്റെ ഓഹരി 40 ശതമാനം റിട്ടേണ്‍ നിക്ഷേപകന് നല്‍കി കഴിഞ്ഞു. 2022-ല്‍ 12.66 ശതമാനം റിട്ടേണും നല്‍കി.

ഏവരെയും അമ്പരിപ്പിച്ച കാര്യം എന്തെന്നുവച്ചാല്‍, ഈ സ്റ്റോക്ക് വെറും 12 ട്രേഡിംഗ് സെഷനുകള്‍ കൊണ്ട് 26.5 ശതമാനം കുതിച്ചുച്ചാട്ടം നടത്തി എന്നതാണ്. അവിശ്വസനീയമായ റാലി മെയ് 26-ന് ആരംഭിച്ച് ജൂണ്‍ 12-നാണ് അവസാനിച്ചത്. അതിലൂടെ സ്റ്റോക്ക് ഉയര്‍ന്ന് റെക്കോഡ് 497.4 രൂപയിലുമെത്തി.

കഴിഞ്ഞ നാല് വര്‍ഷമായി ഗോകല്‍ദാസ് എക്സ്പോര്‍ട്‌സ് പ്രകടിപ്പിച്ച ശ്രദ്ധേയമായ മുന്നേറ്റം ഇനിയും തുടരുമോ എന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ട്. തുടരും എന്നു ത്‌ന്നെയാണ് അനലിസ്റ്റുകള്‍ പറയുന്നത്. കമ്പനിക്ക് വളരാന്‍ ഇനിയും സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.

ഉല്‍പ്പാദനശേഷി വിപുലീകരിക്കാന്‍ കമ്പനിക്ക് സാധിക്കും. നല്ല ക്ലയന്റുകളെ കൂടുതല്‍ കണ്ടെത്താന്‍ കഴിവുണ്ട്. ഇത്തരം ഘടകങ്ങള്‍ കമ്പനിയില്‍ ദീര്‍ഘകാലം വിശ്വാസം പുലര്‍ത്താന്‍ സഹായിക്കുന്ന കാര്യങ്ങളാണ്.

പ്രതിവര്‍ഷം 36 ദശലക്ഷം വസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ വസ്ത്ര നിര്‍മാതാക്കളില്‍ ഒരാളാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫാഷന്‍ ബ്രാന്‍ഡുകള്‍ക്കും 50-ലധികം രാജ്യങ്ങളിലെ റീട്ടെയിലര്‍മാര്‍ക്കും കയറ്റുമതി ചെയ്യുന്നുണ്ട്.

കമ്പനി മാനേജ്മെന്റ് തലത്തില്‍ 2018 സാമ്പത്തിക വര്‍ഷത്തില്‍ വലിയൊരു ഇളക്കി പ്രതിഷ്ഠ നടത്തി. അതിനു ശേഷം, ഉപഭോക്താക്കള്‍ക്ക് കൃത്യസമയത്ത് ഡെലിവറി നല്‍കാന്‍ സാധിച്ചു. വിതരണ ശൃംഖല വര്‍ദ്ധിപ്പിച്ചും ശേഷി വിപുലീകരിച്ചും ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിലൂടെ ആഗോള റീട്ടെയിലര്‍മാരുടെ ഏറ്റവും ശക്തമായ പങ്കാളിയായി കമ്പനി രൂപാന്തരപ്പെട്ടു. ഓര്‍ഡറുകള്‍ ക്ലയന്റുകള്‍ തിരസ്‌കരിക്കുന്നതിന്റെ തോത് 1.5 ശതമാനം കുറയ്ക്കാനും സാധിച്ചു.

Tags:    

Similar News