കുറഞ്ഞ ഒടിടി വരുമാനം: ഡിഷ് ടിവിയുടെ അറ്റ നഷ്ടം 2.85 കോടി രൂപ

  • ഒടിടി പ്ലാറ്റ്ഫോമിൽ നിന്നുള്ള വരുമാനം കുറഞ്ഞത് കമ്പനിയുടെ മൊത്ത വരുമാനത്തെ സാരമായി ബാധിച്ചു
  • മുൻ വർഷം ഡിസംബർ പാദത്തിൽ കമ്പനി 80.21 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു

Update: 2023-02-11 12:00 GMT

മുംബൈ: നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഡിഷ് ടിവിയുടെ അറ്റ നഷ്ടം 2.85 കോടി രൂപയായി. ഒടിടി പ്ലാറ്റ്ഫോമിൽ നിന്നുള്ള വരുമാനം കുറഞ്ഞതാണ് നഷ്ടത്തിന് കാരണം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 80.21 കോടി രൂപയുടെ അറ്റാദായമാണ്‌ റിപ്പോർട്ട് ചെയ്തിരുന്നത്.

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 22.31 ശതമാനമാണ് ഇടിഞ്ഞത്. മുൻ വർഷം സമാന പാദത്തിൽ റിപ്പോർട്ട് ചെയ്ത 710.67 കോടി രൂപയിൽ നിന്ന് ഈ പാദത്തിൽ 552.09 കോടി രൂപയായി കുറഞ്ഞു.

ഡിഷ് ടിവിയുടെ മൊത്ത ചെലവ് ഈ പാദത്തിൽ 6.49 ശതമാനം കുറഞ്ഞ് 606.56 കോടി രൂപയിൽ നിന്ന് 567.16 കോടി രൂപയായി.

സൗജന്യ ഡിടിഎച്ച്, ഒടിടി പോലുള്ള ഓഫറുകൾ നൽകിയത് വഴി കമ്പനിയുടെ വരുമാനം കുറയുകയും ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം ഇടിയുകയും ചെയ്തുവെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

ഒടിടി പ്ലാറ്റ്ഫോമുകളുടെ കൂട്ടായ്മ ഈ കാലയളവിൽ അവതരിപ്പിച്ചത് കമ്പനിയുടെ എബിറ്റെട മാർജിനെ സാരമായി ബാധിച്ചു. എബിറ്റെട മാർജിൻ 47.4 ശതമാനമായി.

ഡിഷ് ടിവിയുടെ സബ്‌സ്‌ക്രിപ്‌ഷൻ ഫീസിൽ നിന്നുള്ള വരുമാനം മുൻ വർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്ന 645.9 കോടി രൂപയിൽ നിന്ന് 33.82 ശതമാനം കുറഞ്ഞ് 427.4 കോടി രൂപയായി.

മൊത്ത വരുമാനത്തിന്റെ 77.4 ശതമാനവും സബ്സ്ക്രിപ്ഷനിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ കഴിഞ്ഞ വർഷം ഡിസംബർ പാദത്തിൽ 90.9 ശതമാനമുണ്ടായിരുന്നു.

പരസ്യത്തിൽ നിന്നുള്ള വരുമാനം 11.3 കോടി രൂപയിൽ നിന്ന് 24.77 ശതമാനം കുറഞ്ഞ് 8.5 കോടി രൂപയായി.

മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷണൽ ഫീസിൽ നിന്നുള്ള വരുമാനം രണ്ട് മടങ്ങ് വർധിച്ച് 38.6 കോടി രൂപയിൽ നിന്ന് 100.2 കോടി രൂപയായി.

Tags:    

Similar News