ഐഎഫ്‌സി ഗ്രൂപ്പിന് ഓഹരി ഇഷ്യൂ ചെയ്ത് 959 കോടി രൂപ സമാഹരിക്കാനൊരുങ്ങി ഫെഡറൽ ബാങ്ക്

  • ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗം ഓഗസ്റ്റ് 18ന്
  • ഓഹരി വിതരണം ഒരു ഓഹരിക്ക്131.91 രൂപയില്‍
  • 8000 കോടി രൂപ വരെയുള്ള വായ്പാ സമാഹരണത്തിന് അനുമതി തേടും

Update: 2023-07-21 09:07 GMT

ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (ഐഎഫ്‌സി), ഐഎഫ്‌സി ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഗ്രോത്ത് ഫണ്ട് (എഫ്‌ഐജി), ഐഎഫ്‌സി എമർജിംഗ് ഏഷ്യ ഫണ്ട് (ഇഎഎഫ്) എന്നിവയ്‌ക്ക് 7.27 കോടി പുതിയ ഓഹരികൾ ഇഷ്യൂ ചെയ്യുന്നതിന് ഫെഡറൽ ബാങ്ക് ഡയറക്ടർ ബോർഡിന്‍റെ ഇന്ന്  (ജൂലൈ 21, 2023) ചേര്‍ന്ന യോഗം അംഗീകാരം നൽകി. ഇതോടെ ഫെഡറൽ ബാങ്കിന്റെ പെയ്ഡ് അപ്പ് മൂലധനം നിലവിലെ 423.55 കോടി രൂപയിൽ നിന്ന് 438.09 കോടി രൂപയായി ഉയരും. 2 രൂപ മുഖവിലയുള്ള ഓഹരികള്‍ മുൻഗണനാടിസ്ഥാനത്തിൽ 131.91 രൂപയ്ക്കാണ് ഇഷ്യൂ ചെയ്യുന്നതെന്നും ഇതിലൂടെ മൊത്തം 958.75 കോടി രൂപ സമാഹരിക്കുമെന്നും ഇന്ന് നടത്തിയ മാര്‍ക്കറ്റ് ഫയലിംഗിലും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 

ഓഹരി ഉടമകളുടെ 92-ാമത് വാർഷിക പൊതുയോഗം (എജിഎം) ഓഗസ്റ്റ് 18 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെയോ മറ്റ് ഓഡിയോ-വിഷ്വൽ മാർഗങ്ങളിലൂടെയോ നടത്തുന്നതിന് ബോർഡ് അനുമതി നൽകി. ബോണ്ടുകളുടെ ഇഷ്യു വഴി സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ 8000 കോടി രൂപ വരെയുള്ള വായ്പാ സമാഹരണത്തിന് ബാങ്ക് ഓഹരി ഉടമകളുടെ അനുമതി തേടും, അതിൽ AT1 ബോണ്ടുകളും ഉൾപ്പെടാമെന്ന് ബാങ്ക് അറിയിക്കുന്നു. 

ഷെയറുകളുടെയും ബോണ്ടുകളുടെയും ഇഷ്യു എല്ലാ സർക്കാർ, റെഗുലേറ്ററി അനുമതികൾക്കും വിധേയമായിരിക്കുമെന്നും അവ അന്തിമമാക്കുന്നതിന് മുമ്പ് ഓഹരി ഉടമകൾ അംഗീകരിക്കേണ്ടതുണ്ടെന്നും ഫെഡറൽ ബാങ്ക് വ്യക്തമാക്കി.

നടപ്പു സാമ്പത്തിക വര്‍ഷം ആദ്യപാദത്തിലെ അറ്റാദായം 42 ശതമാനം വാര്‍ഷിക വര്‍ധനയോടെ 854 കോടി രൂപയിൽ എത്തിക്കാന്‍ ഫെഡറല്‍ ബാങ്കിനായിട്ടുണ്ട്. ബാങ്കിന്റെ ആസ്തി 2023 ജൂൺ അവസാനത്തിലെ കണക്കുപ്രകാരം 2.74 ലക്ഷം കോടി രൂപ (2.74 ലക്ഷം കോടി രൂപ) ആണ്. ബാങ്കിന്റെ വായ്പാ ബുക്ക് മുന്‍ പാദത്തെ അപേക്ഷിച്ച് 5.17 ശതമാനം വർധിച്ച് 1.84 ലക്ഷം കോടി രൂപയായി ഉയർന്നു. അതേസമയം  നിക്ഷേപ അടിത്തറ 2023 മാർച്ച് 31ലെ 1.13 ലക്ഷം കോടി രൂപയിൽ നിന്ന് 4.7 ശതമാനം വർധിച്ച് 2023 ജൂണ്‍ 30ന് 2.23 ലക്ഷം കോടി രൂപയിലേക്ക് എത്തി. 

Tags:    

Similar News