16,511 കോടി രൂപയുടെ അറ്റാദായവുമായി എച്ച്‌ഡിഎഫ്‌സി ബാങ്ക്; 19.5 രൂപ ലാഭവിഹിതം

  • അറ്റ പലിശ വരുമാനം 29,007 കോടി രൂപയായി കുതിച്ചുയർന്നു
  • 2024 സാമ്പത്തിക വർഷത്തിലെ ബാങ്കിൻ്റെ മൊത്തം ലാഭം 64,060 കോടി രൂപയാണ്
  • മൊത്ത നിഷ്‌ക്രിയ ആസ്തി 1.24 ശതമാനമായി മെച്ചപ്പെട്ടു

Update: 2024-04-20 11:10 GMT

2023-24 സാമ്പത്തിക വർഷത്തിലെ നാലാം പാദ ഫലങ്ങൾ പുറത്തു വിട്ട് എച്ച്‌ഡിഎഫ്‌സി ബാങ്ക്. ജനുവരി-മാർച്ച് പാദത്തിൽ 16,511 കോടി രൂപ അറ്റാദായമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. മുൻ പാദത്തിലെ 16,373 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 0.84 ശതമാനം വർദ്ധനവ് . ഏകദേശം 16,576 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്യുമെന്നായിരുന്നു വിശകലന വിദഗ്ധരുടെ എസ്റ്റിമേറ്റ്.

എച്ച്‌ഡിഎഫ്‌സി ബാങ്ക് മാതൃസ്ഥാപനമായ ഹൗസിംഗ് ഡെവലപ്‌മെൻ്റ് ഫിനാൻസ് കോർപ്പറേഷനുമായി (എച്ച്‌ഡിഎഫ്‌സി) ജൂലൈയിൽ ലയിച്ചിരുന്നു. ഇത് കാരണം ബാങ്കിന്റെ വാർഷിക ഫലങ്ങൾ താരതമ്യം ചെയ്യാൻ കഴിയില്ല.

കഴിഞ്ഞ പാദത്തിൽ റിപ്പോർട്ട് ചെയ്ത 28,470 കോടി രൂപയിൽ നിന്ന് ബാങ്കിന്റെ അറ്റ പലിശ വരുമാനം (എൻഐഐ) 29,007 കോടി രൂപയായി കുതിച്ചുയർന്നു. വിദഗ്ധരുടെ എസ്റ്റിമേറ്റ് ആയിരുന്ന 29,172 കോടി രൂപയിൽ നിന്ന് എൻഐഐയിൽ നേരിയ കുറവുണ്ടായി. ഈ കാലയളവിലെ മറ്റ് വരുമാനം 18,170 കോടി രൂപയായി ഉയർന്നു. 

ബാങ്കിൻ്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) കഴിഞ്ഞ പാദത്തിലെ 1.26 ശതമാനത്തിൽ നിന്ന് 1.24 ശതമാനമായി മെച്ചപ്പെട്ടു. അറ്റ എൻപിഎ മുൻ പാദത്തിലെ 0.31 ശതമാനത്തിൽ നിന്ന് 0.33 ശതമാനമായി. ബാങ്കിന്റെ ഈ കാലയളവിലെ മൊത്തം എൻപിഎ 31,173.3 കോടി രൂപയും അറ്റ എൻപിഎ 8,091.7 കോടി രൂപയുമാണ്.

നാലാം പാദത്തിൽ ബാങ്കിന്റെ സബ്‌സിഡിയറിയായ എച്ച്‌ഡിഎഫ്‌സി ക്രെഡില ഫിനാൻഷ്യൽ സർവീസസിൻ്റെ ഓഹരി വിൽപ്പനയിൽ നിന്ന് 7340 കോടി രൂപ ലഭിച്ചിരുന്നു. ഇത് ഉൾപ്പെടെയുള്ള ബാങ്കിന്റെ അറ്റവരുമാനം 47,240 കോടി രൂപയായി ഉയർന്നു. 2024 സാമ്പത്തിക വർഷത്തിലെ ബാങ്കിൻ്റെ മൊത്തം ലാഭം 64,060 കോടി രൂപയാണ്. 10,900 കോടി രൂപയുടെ ഫ്ലോട്ടിംഗ് പ്രൊവിഷനുകൾ ഉൾപ്പെടെ 13,500 കോടി രൂപയായിരുന്നു ഈ പാദത്തിലെ അടിയന്തര ആവശ്യങ്ങൾക്കും പ്രൊവിഷനുകൾക്കുമായി നീക്കി വെച്ചത്.

എച്ച്‌ഡിഎഫ്‌സി ബാങ്ക് ലാഭ വിഹിതം 

2024 മാർച്ചിൽ അവസാനിച്ച വർഷത്തേക്ക് ഒരു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 19.5 രൂപ ലാഭവിഹിതം നൽകാൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തതായി ബാങ്ക് അറിയിച്ചു. ലാഭവിഹിതം ലഭിക്കാൻ അർഹതയുള്ള ഓഹരിയുടമകൾക്കായുള്ള റെക്കോർഡ് തീയതി 2024 മെയ് 10 ആയി കമ്പനി നിശ്ചയിച്ചു.

ഓഹരികളുടെ പ്രകടനം

എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ ഓഹരികൾ വെള്ളിയാഴ്ച്ച ബിഎസ്ഇയിൽ 2.46 ശതമാനം ഉയർന്ന് 1531.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ ആഴ്‌ചയിൽ ഓഹരികൾ ഉയർന്നത് 0.81 ശതമാനമാണ്. കഴിഞ്ഞ മാസം 3.17 ശതമാനം നേട്ടം നൽകിയ ഓഹരികൾ ഈ മാസാദ്യം മുതൽ ഇതുവരെ ഉയർന്നത് 5.76 ശതമാനം. മുൻ വർഷം 4.98 ശതമാനം നേട്ടത്തിലായിരുന്ന ഓഹരികൾ ഈ വർഷം ഇതുവരെ നൽകിയത് 10.41 ശതമാനം നഷ്ടമാണ്.

Tags:    

Similar News