ഹിൻഡാൽകോയുടെ വരുമാനം ഇടിഞ്ഞു, പക്ഷെ ലാഭം 71% വർധനയിൽ

  • മൂന്നാം പാദത്തിൽ ചെമ്പ് ബിസിനസ്സ് റെക്കോർഡ് എബിറ്റ്ഡ
  • വരുമാനം 0.6 ശതമാനം ഇടിഞ്ഞു
  • നോവെലിസിൻ്റെ അഡ്ജസ്റ്റഡ് അറ്റവരുമാനം 81 ശതമാനം ഉയർന്നു

Update: 2024-02-13 11:08 GMT

ആദിത്യ ബിർള ഗ്രൂപ്പിൻ്റെ സ്ഥാപനമായ ഹിൻഡാൽകോ ഇൻഡസ്ട്രീസ് നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദഫലം പ്രഖ്യാപിച്ചു. ഡിസംബർ പാദത്തിൽ കമ്പനിയുടെ സംയോജിത അറ്റാദായം 71 ശതമാനം വർധിച്ച് 2,331 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 1,362 കോടി രൂപയായിരുന്നു. എന്നാൽ, ഈ കാലയളവിലെ സംയോജിത വരുമാനം മുൻ വർഷത്തെ സമാന പാദത്തിൽ നിന്നും 0.6 ശതമാനം ഇടിഞ്ഞ് 52,808 കോടി രൂപയായി രേഖപ്പെടുത്തി.

ശക്തമായ വോളിയം വളർച്ചയുടെയും പ്രവർത്തനങ്ങളുടെയും പിൻബലത്തിൽ മൂന്നാം പാദത്തിൽ ചെമ്പ് ബിസിനസ്സ് റെക്കോർഡ് എബിറ്റ്ഡായാണ് (EBITDA) റിപ്പോർട്ട് ചെയ്തത്. മുൻ വർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 20 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. സ്ഥിരമായ പ്രവർത്തനങ്ങളും കുറഞ്ഞ അസംസ്‌കൃത വസ്തുക്കളുടെ വിലയും കാരണം അലൂമിനിയം അപ്‌സ്ട്രീം ബിസിനസ്സ് എബിറ്റ്ഡ മുൻ വർഷത്തേക്കാളും 54 ശതമാനം ഉയർന്നു. 

കമ്പനിയുടെ നിലവിലെ സിഇഓ സതീഷ് പൈയുടെ കാലാവധി നാല് വർഷത്തേക്ക് കൂടി നീട്ടാൻ ബോർഡ് അംഗീകാരം നൽകി. ഇത് പ്രകാരം പൈയുടെ കാലാവധി 2027 ഡിസംബർ 31-ന് അവസാനിക്കും.

യുഎസ് ആസ്ഥാനമായുള്ള കമ്പനിയുടെ അനുബന്ധ സ്ഥാപനമായ നോവെലിസ് ബേ മിനെറ്റ് പ്രോജക്‌റ്റിൻ്റെ പദ്ധതിച്ചെലവിനുള്ള മാർഗ്ഗനിർദ്ദേശം പരിഷ്‌കരിച്ചത്തോടെ ഇടവ്യാപാരത്തിൽ  ഹിൻഡാൽകോ ഓഹരികൾ 12 ശതമാനം ഇടിഞ്ഞ് 512 രൂപയിലെത്തിയിരുന്നു.

"വർധിച്ചു വരുന്ന സിവിൽ, നിർമ്മാണച്ചെലവ് കാരണം ബേ മിനെറ്റ് പദ്ധതിയുടെ മൂലധനച്ചെലവ് പ്രാഥമികമായി ഉയരുമെന്ന്," കമ്പനി പറഞ്ഞു.

ബേ മിനെറ്റ് പ്രീജക്റ്റിന്റെ മൊത്തം മൂലധനച്ചെലവിൽ 65 ശതമാനം വർദ്ധനവും ഒരു വർഷത്തെ കാലതാമസവും എടുക്കുമെന്ന് കമ്പനി വ്യക്തമാക്കി. പദ്ധതിച്ചെലവ് 4.1 ബില്യൺ ഡോളറായി പുതുക്കുകയും ചെയ്തു. കലണ്ടർ വർഷം 2026 അല്ലെങ്കിൽ 2027 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനത്തോടെ പദ്ധതി കമ്മീഷൻ ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

ക്വാർട്ടറിൽ നോവലിസിൻ്റെ പ്രകടനം

വ്യാവസായിക അലൂമിനിയം കമ്പനിയായ നോവെലിസിൻ്റെ അഡ്ജസ്റ്റഡ് അറ്റവരുമാനം മൂന്നാം പാദത്തിൽ 81 ശതമാനം ഉയർന്ന് 174 ദശലക്ഷം ഡോളറിലെത്തി. അഡ്ജസ്റ്റഡ് എബിറ്റ്ഡാ 33 ശതമാനം ഉയർന്ന് 454 ദശലക്ഷം ഡോളറിലെത്തി. മൂന്നാം പാദത്തിലെ   അറ്റ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് ആറ് ശതമാനം കുറഞ്ഞ് 390 കോടി ഡോളറിലേത്തി. 

ഹിൻഡാൽകോ ഓഹരികൾ എൻഎസ്ഇ യിൽ 12.53 ശതമാനം താഴ്ന്ന് 509.45 ക്ലോസ് ചെയ്തു.

Tags:    

Similar News