ഹിന്ദുസ്ഥാൻ സിങ്കിന്റെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ കുറഞ്ഞു

  • കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നികുതി കിഴിച്ചുള്ള ലാഭം 10,511 കോടി രൂപ
  • വരുമാനം 34,098 കോടി രൂപയായി

Update: 2023-04-21 10:54 GMT

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാർച്ച് പാദത്തിൽ ഹിന്ദുസ്ഥാൻ സിങ്കിന്റെ അറ്റാദായം 12 ശതമാനം കുറഞ്ഞ് 2,583 കോടി രൂപയായി. മുൻ വർഷം ഇതേ പാദത്തിൽ 2928 കോടി രൂപയായിരുന്നു. തൊട്ടു മുൻപുള്ള ഡിസംബർ പാദത്തിൽ ഇത് 2,156 കോടി രൂപയായിരുന്നു.  

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 4 ശതമാനം ഇടിഞ്ഞ് 8,281 കോടി രൂപയായി. മുൻവർഷം ഇതേ പാദത്തിൽ 8,613 കോടി രൂപയായിരുന്നു. എങ്കിലും ഡിസംബർ പാദത്തിൽ റിപ്പോർട്ട് ചെയ്ത 7,628 കോടി രൂപയിൽ നിന്നും 8 ശതമാനത്തിന്റെ വർദ്ധനവ് ഇത്തവണ ഉണ്ടായി. കമ്പനിയുടെ എബിറ്റെട വാർഷികാടിസ്ഥാനത്തിൽ 16 ശതമാനം കുറഞ്ഞ് 4,208 കോടി രൂപയായി. പാദാടിസ്ഥാനത്തിൽ 13. 2 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

ഇതോടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഹിന്ദുസ്ഥാൻ സിങ്കിന്റെ നികുതി കിഴിച്ചുള്ള ലാഭം 10,511 കോടി രൂപയായി. വരുമാനം വാർഷികാടിസ്ഥാനത്തിൽ 16 ശതമാനം വർധിച്ച് 34,098 കോടി രൂപയായി.

മൊത്ത വരുമാനം 8863 കോടി രൂപയായി. തൊട്ടു മുൻപുള്ള പാദത്തിൽ 8,214 കോടി രൂപയും കഴിഞ്ഞ മാർച്ച് പാദത്തിൽ 9,074 കോടി രൂപയുമായിരുന്നു. മൊത്ത ചെലവ് ഡിസംബർ പാദത്തിൽ രേഖപ്പെടുത്തിയ 5,028 കോടി രൂപയിൽ നിന്നും 5,358 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 4,717 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്ത ചെലവ് 15,288 കോടി രൂപയായി.

ഇന്ന് വിപണിയിൽ കമ്പനിയുടെ ഓഹരികൾ 2.95 രൂപ കുറഞ്ഞ് 324.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

Tags:    

Similar News