ഐടിസി-യുടെ നാലാംപാദ അറ്റാദായത്തില്‍ 22% ഉയര്‍ച്ച

  • 6.75 രൂപയുടെ അന്തിമ ലാഭവിഹിതത്തിന് ശുപാര്‍ശ
  • പ്രവർത്തന വരുമാനം ആദ്യമായി 75,000 കോടി കവിഞ്ഞു
  • എഫ്എംസിജി വിഭാഗത്തിന്‍റെ വരുമാനം 15.07% ഉയർന്നു

Update: 2023-05-19 03:27 GMT

മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ, പ്രവർത്തന വിഭാഗങ്ങളിലുടനീളം ശക്തമായ വളർച്ചയുടെ ആക്കം കൂട്ടിക്കൊണ്ട് ഏകീകൃത അറ്റാദായത്തിൽ 22.66 ശതമാനം വർധന രേഖപ്പെടുത്തിയെന്ന് ഐടിസി ലിമിറ്റഡ് പ്രഖ്യാപിച്ചു. 2021 -22 നാലാംപാദത്തിലെ 4,259.68 കോടി രൂപയില്‍ന്ന് കമ്പനിയുടെ അറ്റാദായം ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് കാലയളവില്‍ 5,225.02 കോടി രൂപയിലെത്തിയെന്ന്. ഐടിസി വ്യക്തമാക്കുന്നു.

പ്രവർത്തന വരുമാനം മുൻവർഷം സമാന കാലയളവിലെ 17,754.02 കോടി രൂപയിൽ നിന്ന് അവലോകന കാലയളവിൽ 7 ശതമാനം വർധിച്ച് 18,799.18 കോടി രൂപയായി.നാലാം പാദത്തിൽ ഐടിസിയുടെ മൊത്തം ചെലവ് 2.18 ശതമാനം വർധിച്ച് 12,907.84 കോടിയായി. 2222 നാലാം പാദത്തിൽ ഇത് 12,632.29 കോടി രൂപയായിരുന്നു. മാർച്ച് പാദത്തിൽ ഐടിസിയുടെ മൊത്തം വരുമാനം 7.75 ശതമാനം വർധിച്ച് 19,667.94 കോടി രൂപയായി.

കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനി തങ്ങളുടെ പ്രവര്‍ത്തന വിഭാഗങ്ങളിലെല്ലാം മികച്ച വളര്‍ച്ച നേടിയിട്ടുണ്ട്. 2022 -23 സാമ്പത്തിക വർഷത്തിൽ മൊത്തമായി ഐടിസിയുടെ ഏകീകൃത അറ്റാദായം 25.45 ശതമാനം ഉയർന്ന് 19,427.68 കോടി രൂപയായി. മുൻ സാമ്പത്തിക വര്‍ഷത്തില്‍ 15,485.65 കോടി രൂപയായിരുന്നു അറ്റാദായം. പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 23 സാമ്പത്തിക വർഷത്തിൽ 17.34 ശതമാനം ഉയർന്ന് 75,826.58 കോടി രൂപയായി.

ഇതാദ്യമായാണ് ഐടിസിയുടെ പ്രവർത്തന വരുമാനം 75,000 കോടി കവിയുന്നത്, എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള മൊത്തം വരുമാനം 83,897.14 കോടി രൂപ കടന്നു. കൊറോണ മഹാമാരി രണ്ട് വര്‍ഷങ്ങളില്‍ സൃഷ്ടിച്ച തടസ്സങ്ങൾക്ക് ശേഷം, 2022-23 സാമ്പത്തിക വർഷത്തില്‍ പ്രവർത്തനങ്ങളില്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഈ പാദത്തിൽ, സിഗരറ്റ് ഉൾപ്പെടെയുള്ള "മൊത്തം എഫ്എംസിജി" വിഭാഗത്തിൽ നിന്നുള്ള എ 13,033.43 കോടി രൂപയായി. 2222 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇത് 11,325.63 കോടി രൂപയായിരുന്നു. സിഗരറ്റ് ബിസിനസിൽ നിന്നുള്ള വരുമാനം 12.61 ശതമാനം വർധിച്ച് 8,082.26 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 7,177.01 കോടി രൂപയായിരുന്നു.

എഫ്എംസിജി അദേര്‍സ് വിഭാഗത്തിൽ നിന്നുള്ള കമ്പനിയുടെ വരുമാനം 4,148.62 കോടി രൂപയിൽ നിന്ന് 19.34 ശതമാനം ഉയർന്ന് 4,951.17 കോടി രൂപയായി. ഐടിസിയുടെ എഫ്എംസിജി അദേര്‍സ് വിഭാഗത്തിൽ പാക്ക് ചെയ്ത ഭക്ഷ്യോല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങൾ, വിദ്യാഭ്യാസ ഉല്‍പ്പന്നങ്ങള്‍, സ്റ്റേഷനറി ഉൽപ്പന്നങ്ങൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, തീപ്പെട്ടികൾ എന്നിവ ഉൾപ്പെടുന്നു

ഐടിസിയുടെ ഹോട്ടൽ വിഭാഗത്തിൽ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം സമാന കാലയളവിലെ 407.42 കോടി രൂപയിൽ നിന്ന് ഇക്കഴിഞ്ഞ നാലാം പാദത്തില്‍ 808.72 കോടി രൂപയായി. ഒരു മുറിയില്‍ നിന്നുള്ള ശരാശരി വരുമാനം മഹാമാരിക്ക് മുമ്പുള്ള നിലവാരത്തേക്കാൾ വളരെ മുന്നിലാണെന്ന് പറഞ്ഞു.

എന്നിരുന്നാലും, ഗോതമ്പ്, അരി കയറ്റുമതിയിലെ നിയന്ത്രണങ്ങൾ ബാധിച്ചതിനാൽ ഐടിസിയുടെ അഗ്രിബിസിനസ് വരുമാനം 17.55 ശതമാനം കുറഞ്ഞ് 3,607.30 കോടി രൂപയായി. ഒക്ടോബർ-ഡിസംബർ പാദത്തിൽ ഇത് 4,375.42 കോടി രൂപയായിരുന്നു. "പേപ്പർബോർഡുകൾ, പേപ്പർ, പാക്കേജിംഗ്" വിഭാഗത്തിൽ നിന്നുള്ള ഐടിസിയുടെ വരുമാനം 2,221.01 കോടി രൂപയാണ്. മുന്‍ വര്‍ഷം സമാന കാലയളവിലെ 2,182.77 കോടി രൂപയിൽ നിന്ന് 1.75 ശതമാനം വർധിച്ചു.

വിവരസാങ്കേതിക സേവനങ്ങൾ, ബ്രാൻഡഡ് വസതികൾ മുതലായവ ഉൾപ്പെടുന്ന മറ്റ് വിഭാഗങ്ങളിൽ നിന്നുള്ള വരുമാനം 2021 -22 നാലാം പാദത്തിലെ 658.35 കോടി രൂപയിൽ നിന്ന് 31.88 ശതമാനം ഉയർന്ന് 868.29 കോടി രൂപയായി.

2022 - 23 സാമ്പത്തിക വർഷത്തിനായി 6.75 രൂപയുടെ അന്തിമ ലാഭവിഹിതവും 1 രൂപയുടെ ഒരു സാധാരണ ഓഹരിക്ക് 2.75 രൂപ പ്രത്യേക ലാഭവിഹിതവും വ്യാഴാഴ്ച ചേർന്ന യോഗത്തിൽ ഐടിസി ബോർഡ് ശുപാർശ ചെയ്തു. ബോർഡ് പ്രഖ്യാപിച്ച 6 രൂപയുടെ ഇടക്കാല ലാഭവിഹിതം കൂടി ചേരുമ്പോള്‍ ഒരു സാധാരണ ഓഹരിയൊന്നിന് മൊത്തം ലാഭവിഹിതം 15.50 രൂപ ആയിരിക്കും.

കൂടാതെ, അൽക്ക മറേസ്ബാൻ ബറൂച്ചയെ അഞ്ച് വര്‍ഷത്തേക്ക് സ്വതന്ത്ര ഡയറക്ടറായും ഹേമന്ത് മാലിക്കിനെ മൂന്ന് വർഷത്തേക്ക് മുഴുവന്‍ സമയ ഡയറക്ടറായും നിയമിക്കുന്നതിനും ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.

വ്യാഴാഴ്ച ഐടിസി ലിമിറ്റഡിന്റെ ഓഹരികൾ ബിഎസ്ഇ സെന്‍സെക്സില്‍ 2.02 ശതമാനം ഇടിഞ്ഞ് 419 രൂപയിലെത്തി.

Tags:    

Similar News