JLRഡ്രൈവ് ചെയ്തു, ഉയരത്തിലെത്തി ടാറ്റ മോട്ടോഴ്‌സ്

  • ടാറ്റ മോട്ടോഴ്‌സിന്റെ ആഡംബര കാറാണ് ജാഗ്വാര്‍-ലാന്‍ഡ് റോവര്‍
  • ജെഎല്‍ആര്‍ മികച്ച വില്‍പ്പന കൈവരിച്ചതായുള്ള റിപ്പോര്‍ട്ടാണ് ഗുണകരമായത്
  • ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി 3.96 ശതമാനം വരെ ഉയര്‍ന്നു

Update: 2023-07-07 11:50 GMT

ജാഗ്വാര്‍-ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) വില്‍പ്പനയുടെ പിന്‍ബലത്തില്‍ ജുലൈ 7 വെള്ളിയാഴ്ച ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില ഏകദേശം നാല് ശതമാനം ഉയര്‍ന്ന് റെക്കോഡ് ഉയരത്തിലെത്തി.

2023 ജൂണില്‍ അവസാനിച്ച പാദത്തില്‍ ജെഎല്‍ആര്‍ മികച്ച വില്‍പ്പന കൈവരിച്ചതായുള്ള റിപ്പോര്‍ട്ടാണ് ഗുണകരമായത്.

ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി 3.96 ശതമാനം വരെ ഉയര്‍ന്ന് ബിഎസ്ഇയില്‍ 624.65 രൂപയിലെത്തി. ഈ വര്‍ഷം ഇതുവരെയായി ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി 42 ശതമാനമാണ് മുന്നേറിയത്.

ടാറ്റ മോട്ടോഴ്‌സിന്റെ ആഡംബര കാറാണ് ജാഗ്വാര്‍-ലാന്‍ഡ് റോവര്‍. ജൂണില്‍ അവസാനിച്ച പാദത്തില്‍ 93,252 യൂണിറ്റുകളാണ് ജെഎല്‍ആര്‍ വിറ്റത്.

2023 ജൂണില്‍, മൊത്തം ആഭ്യന്തര വില്‍പ്പന 1 ശതമാനം വര്‍ധിച്ച് 80,383 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇത് 79,606 യൂണിറ്റായിരുന്നു.

ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന ജൂണില്‍ 47,235 യൂണിറ്റായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ മാസം 45,197 യൂണിറ്റുകളാണ് വിറ്റത്. ഇപ്രാവിശ്യം 5 ശതമാനം വളര്‍ച്ച കൈവരിച്ചു.

ജൂണ്‍ പാദത്തില്‍ പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ പ്രത്യേകിച്ച് എസ്യുവി വിഭാഗത്തിലും ഇവികളിലും പുതിയ ലോഞ്ചുകള്‍ ഉണ്ടായത് ശക്തമായ ഡിമാന്‍ഡ് ഉണ്ടാകാന്‍ കാരണമായതായി ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു. ഇന്ന് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ടൈറ്റനും വിപണിയില്‍ നേട്ടമുണ്ടാക്കിയിരുന്നു.ടൈറ്റന്റെ ഓഹരികള്‍ 3 ശതമാനത്തിലധികം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമായ 3,211.10 രൂപയിലെത്തി.

മുന്‍ സെഷനിലെ 2,75,720 കോടി രൂപയില്‍നിന്ന് 9,357 കോടി രൂപ ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിലയായ 2,85,077 കോടി രൂപയിലെത്തി ടൈറ്റന്റെ വിപണി മൂല്യം.

രേഖ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് കമ്പനിയില്‍ 46,945,970 ഓഹരികള്‍ (5.29%) ഉണ്ട്. ടൈറ്റന്റെ ഓഹരിവിലയിലുണ്ടായ കുതിച്ചുചാട്ടം രേഖ ജുന്‍ജുന്‍വാലയുടെ ആസ്തിയില്‍ ഏകദേശം 494 രൂപയുടെ വര്‍ധനയുണ്ടാക്കി.

ജുലൈ 6 വ്യാഴാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ ടൈറ്റന്റെ ഓഹരികള്‍ ക്ലോസ് ചെയ്തത് 3,106.40 രൂപയിലായിരുന്നു. അപ്പോള്‍ രേഖയുടെ ഓഹരിമൂല്യം 14,581 കോടി രൂപയുമായിരുന്നു.

ജുലൈ 7 ന് ഓഹരി മൂല്യ കുതിച്ചുയര്‍ന്നതോടെ ഓഹരിമൂല്യം 15,069 കോടി രൂപയിലെത്തി.

ജൂണ്‍ പാദത്തില്‍ ടൈറ്റന്‍ 68 സ്റ്റോറുകള്‍ തുറന്നു. ടൈറ്റന്റെ മൊത്തം റീട്ടെയ്ല്‍ സ്റ്റോറുകള്‍ (കാരറ്റ്‌ലെയ്ന്‍ ഉള്‍പ്പെടെ) ഇതോടെ 2,778 ആയി.

ജൂണ്‍ പാദത്തില്‍ ടൈറ്റന്റെ ജ്വല്ലറി വിഭാഗം 21 ശതമാനം വളര്‍ച്ച കൈവരിച്ചു. തൃപ്തികരമായ പ്രകടനമാണിതെന്ന് കമ്പനി പറഞ്ഞു.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസ കാലയളവില്‍ സ്വര്‍ണ വിലയില്‍ കാര്യമായ ചാഞ്ചാട്ടമുണ്ടായിട്ടും, ഏപ്രിലില്‍ അക്ഷയ തൃതീയ വില്‍പ്പനയും ജൂണില്‍ വിവാഹ പര്‍ച്ചേസുകളും ശക്തമായിരുന്നെന്നും ടൈറ്റന്‍ പറഞ്ഞു.

ടൈറ്റന്റെ തനിഷ്‌ക് ഷാര്‍ജയില്‍ ഒരു പുതിയ സ്റ്റോര്‍ തുറന്നു. അതുവഴി ജിസിസി മേഖലയിലെ 7 സ്റ്റോറുകളും യുഎസ്സില്‍ 1 സ്റ്റോറുമായി അതിന്റെ അന്താരാഷ്ട്ര സാന്നിധ്യം വിപുലീകരിച്ചു.

വാച്ചസ് & വെയറബിള്‍സ് ഡിവിഷന്‍ 13 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. അതില്‍ 8 ശതമാനം വളര്‍ച്ച സംഭാവന ചെയ്തത് അനലോഗ് വാച്ച് വിഭാഗമായിരുന്നു. ആഭരണങ്ങള്‍ക്കുള്ള ശക്തമായ ഡിമാന്‍ഡ്, മിക്സ് ആന്‍ഡ് ഹാള്‍മാര്‍ക്കിംഗ് ആനുകൂല്യങ്ങള്‍, ഈ സാമ്പത്തിക വര്‍ഷത്തില്‍ 100 കണ്ണട വില്‍പ്പനശാലകളുടെ വിപുലീകരണം, വാച്ചുകള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുന്നതിലുണ്ടായ വേഗത,വെയറബിള്‍സ് തുടങ്ങിയ വളര്‍ന്നുവരുന്ന ബിസിനസ്സുകളിലുണ്ടായ വര്‍ദ്ധന എന്നിവ ടൈറ്റന് ഗുണകരമായി തീര്‍ന്ന ഘടകങ്ങളാണെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

Tags:    

Similar News