മുന്‍ വര്‍ഷത്തെ നഷ്ടം മറികടന്ന് ജെഎസ്ഡബ്ല്യു സ്റ്റീല്‍; അറ്റാദായം 2,760 കോടി

  • കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള സംയോജിത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ ഏഴ് ശതമാനം ഉയര്‍ന്ന് 44,584 കോടി രൂപയായി.

Update: 2023-10-20 14:18 GMT

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 2,760 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി ജെഎസ്ഡബ്ല്യു സ്റ്റീല്‍. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 848 കോടി രൂപയുടെ അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയത്.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള സംയോജിത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ ഏഴ് ശതമാനം ഉയര്‍ന്ന് 44,584 കോടി രൂപയായി.

ക്രൂഡ് സ്റ്റീലിന്റെ ഉത്പാദനം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 6.34 ദശലക്ഷം ടണ്ണായി. ക്രൂഡ് സ്റ്റീലിന്റെ ഉത്പാദനത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ പാദാടിസ്ഥാനത്തില്‍ ഒരു ശതമാനം ഇടിവാണുണ്ടായത്.

അവലോകന പാദത്തില്‍ കമ്പനി ചില അറ്റകുറ്റപണികള്‍ക്കായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. അതിനാല്‍ ശരാശരി ഉപയോഗ ശേഷി 89 ശതമാനമായിരുന്നു. പ്രതികൂല വിപണി സാഹചര്യങ്ങള്‍ മൂലം യുഎസിലെ ബിസിനസിന്റെയും ഉപയോഗ ശേഷി കുറവാണെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം, സ്റ്റീല്‍ വില്‍പ്പന വാര്‍ഷികാടിസ്ഥാനത്തില്‍ 10 ശതമാനവും പാദാടിസ്ഥാനത്തില്‍ 11 ശതമാനവും ഉയര്‍ന്ന് 6.34 ദശലക്ഷം ടണ്ണുമായി. ശക്തമായ ആഭ്യന്തര ഡിമാന്‍ഡും മെച്ചപ്പെട്ട ഉത്പന്ന മിശ്രിതവും മൂലം ആഭ്യന്തര വില്‍പന വാര്‍ഷികാടിസ്ഥാനത്തില്‍ എട്ട് ശതമാനവും 1പാദാടിസ്ഥാനത്തില്‍ 18 ശതമാനവും വര്‍ദ്ധിച്ച് 5.49 ദശലക്ഷം ടണ്ണായി. 

ഉയര്‍ന്ന വില്‍പ്പനയും കുറഞ്ഞ കോക്കിംഗ് കല്‍ക്കരി ചെലവും കാരണം പ്രവര്‍ത്തന ലാഭം പാദാടിസ്ഥാനത്തില് 12 ശതമാനം ഉയര്‍ന്ന് 7,886 കോടി രൂപയായി. സ്റ്റീല്‍ ഉല്‍പാദനവും ഉപഭോഗവും ശക്തമായി തുടരുന്നുണ്ട്. ഇത് സര്‍ക്കാരിന്റെ മൂലധന ചെലവഴിക്കലിന്റെയും ആരോഗ്യകരമായ സമ്പദ് വ്യവസ്ഥയുടെയും സഹായത്തോടെയാണ്. സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 32.8 ദശലക്ഷം ടണ്ണായിരുന്നു, ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം ഉയര്‍ന്നപ്പോള്‍ ക്രൂഡ് സ്റ്റീല്‍ ഉല്‍പാദനം 15.9 ശതമാനം ഉയര്‍ന്ന് 34.81 ദശലക്ഷം ടണ്ണായി.

Tags:    

Similar News