മണപ്പുറം ഫിനാന്‍സിന്റെ അറ്റദായത്തില്‍ 11% വര്‍ധന

കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 369.88 കോടി രൂപയില്‍ നിന്നും 409.48 കോടി രൂപയിലേക്കാണ് ഉയര്‍ന്നത്.

Update: 2022-11-13 05:57 GMT

ഡെല്‍ഹി: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ മണപ്പുറം ഫിനാന്‍സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ 10.7 ശതമാനം വര്‍ധന. കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 369.88 കോടി രൂപയില്‍ നിന്നും 409.48 കോടി രൂപയിലേക്കാണ് ഉയര്‍ന്നത്. കമ്പനിയുടെ ലാഭം ജൂണ്‍ പാദത്തിലേക്കാള്‍ 45 ശതമാനം ഉയര്‍ന്നു. സ്വര്‍ണ വായ്പയാണ് ബാങ്കേതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ പ്രധാന ബിസിനസ്.

കമ്പനിയുടെ കണ്‍സോളിഡേറ്റഡ് കൈകാര്യ ആസ്തി മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 28,421.63 കോടി രൂപയില്‍ നിന്നും 7.89 ശതമാനം ഉയര്‍ന്ന് 30,664.96 കോടി രൂപയായി. ദക്ഷിണേന്ത്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സ്വര്‍ണ വായ്പ പോര്‍ട്ട്ഫോളിയോ 19,190 കോടി രൂപയാണ്. അവലോകന പാദത്തില്‍ സ്വര്‍ണ വായ്പ ഉപഭോക്താക്കളുടെ എണ്ണം 24.1 ലക്ഷമായെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

മണപ്പുറം മൈക്രോഫിനാന്‍സ് ബിസിനസിന്റെ കൈകാര്യ ആസ്തി മുന്‍ വര്‍ഷത്തെ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ 7,029.90 കോടി രൂപയില്‍ നിന്നും 1.25 ശതമാനം വര്‍ധിച്ച് 7,118.10 കോടി രൂപയായി. ജൂണില്‍ അവസാനിച്ച പാദത്തിലേക്കാള്‍ 8.74 ശതമാനവും വര്‍ധിച്ചു. രണ്ട് രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 0.75 പൈസ വീതം ഇടക്കാല ലാഭ വിഹിതം നല്‍കാന്‍ കമ്പനി ഡയറക്ടര്‍മാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

Tags:    

Similar News