പാദഫലം മികച്ചത്; ഇഷ്യൂവില മറികടക്കാനാവാതെ ഈ കേരള കമ്പനി

  • മൊത്ത നിഷ്‌ക്രിയ ആസ്തി മാർച്ച് പാദത്തിൽ 2.29 ശതമാനമായി
  • നാലാം പാദത്തിലെ വിതരണം 18 ശതമാനം വർധിച്ചു
  • കമ്പനിയുടെ മൊത്തം എൻപിഎ 220.8 കോടി രൂപയിലെത്തി

Update: 2024-05-08 08:36 GMT

അടുത്തിടെ വിപണിയിലെത്തിയ കേരള കമ്പനികളിൽ ഒന്നാണ് മുത്തൂറ്റ് മൈക്രോഫിൻ. എന്നാൽ കഴിഞ്ഞ ദിവസം കമ്പനി മികച്ച പാദഫലങ്ങൾ പുറത്തു വിട്ടെങ്കിലും ഓഹരികൾക്ക് ഇതുവരെ ഇഷ്യൂ വിലയെ മറികടക്കനായില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഡിസംബർ 26ന് 5.40 ശതമാനം കിഴിവോടെയാണ് ഓഹരികൾ വിപണിയിലെത്തിയത്. ലിസ്റ്റിംഗ് വില 275.30 രൂപയായിരുന്നു. ഓഹരികളുടെ ഇഷ്യൂ വില 291 രൂപയായിരുന്നു. ഇഷ്യൂവിലൂടെ 960 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. 

വിപണിയിലെത്തിയ ഓഹരികൾ ഇതുവരെ എത്തിപിടിച്ച ഉയർന്ന വില 281 രൂപയാണ്. തുടർന്നുള്ള വ്യാപാര ദിവസങ്ങളിൽ ഓഹരികൾ 196 രൂപ വരെ ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം 19.87 ശതമാനം ഉയർന്ന ഓഹരികൾ ഈ മാസം ഇതുവരെ നൽകിയത് ഒന്നര ശതമാനത്തിന്റെ നഷ്ടമാണ്.

മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം 27 ശതമാനം ഉയർന്ന് 119.76 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തിലെ സമാന പാദത്തിൽ 94.56 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.

നാലാം പാദത്തിൽ കമ്പനിയുടെ അറ്റ പലിശ വരുമാനം (NII) മുൻ വർഷത്തെ 272 കോടി രൂപയിൽ നിന്ന് 47 ശതമാനം വർധിച്ച് 400 കോടി രൂപയിലെത്തി. അറ്റ പലിശ മാർജിൻ (NIM) 13.5 ശതമാനമായി. മുൻ വർഷമിത് 12.87 ശതമാനമായിരുന്നു. മുൻ പാദത്തിൽ റിപ്പോർട്ട് ചെയ്തത് 12.6 ശതമാനമാണ്.

മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) ഡിസംബർ പാദത്തിലെ 2.29 ശതമാനമായി തന്നെ നാലാം പാദത്തിൽ തുടർന്നു. അറ്റ എൻപിഎ 0.35 ശതമാനത്തിലെത്തി. മുൻ വർഷമിത് 0.33 ശതമാനമായിരുന്നു. നാലാം പാദത്തിൽ കമ്പനിയുടെ മൊത്തം എൻപിഎ 220.8 കോടി രൂപയിലെത്തി. മുൻ പാദത്തിലിത് 262.4 കോടി രൂപയായിരുന്നു. അറ്റ എൻപിഎ മൂന്നാം പാദത്തിലെ 37.8 കോടി രൂപയിൽ നിന്ന് 32.9 കോടി രൂപയായി.

മുത്തൂറ്റ് മൈക്രോഫിനാൻസിൻ്റെ നാലാം പാദത്തിലെ വിതരണം 18 ശതമാനം വർധിച്ച് 2,887.9 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 2,447.5 കോടി രൂപയായിരുന്നു. കമ്പനി കൈകാര്യം ചെയുന്ന ആസ്തികളിൽ 32.4 ശതമാനത്തിന്റെ വർദ്ധനവോടെ12,193.5 കോടി രൂപയായി. മുൻ വർഷത്തെ സമാന പാദത്തിലിത് 9,208.3 കോടി രൂപയായിരുന്നു.

നിലവിൽ മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ എൻഎസ്ഇ യിൽ 0.51 ശതമാനം ഉയർന്ന് 237 രൂപയിൽ വ്യാപരം തുടരുന്നു.

Tags:    

Similar News