അറ്റാദായം ഇടിഞ്ഞു; പക്ഷെ വില്‍പ്പനയില്‍ 2% മുന്നേറി ബ്രിട്ടാനിയ

  • കമ്പനി കൂടുതല്‍ വിപുലീകരണം ലക്ഷ്യമിടുന്നു
  • ജനപ്രിയ ബ്രാന്‍ഡുകളാണ് ഗുഡ് ഡേ, ടൈഗര്‍, ന്യൂട്രി ചോയ്‌സ്, മില്‍ക്ക് ബിക്കിസ്, മേരി ഗോള്‍ഡ് തുടങ്ങിയവ
  • 29,000-ലധികം ഗ്രാമീണ വിതരണക്കാരുമായി കമ്പനി പങ്കാളിത്തം ഉറപ്പിച്ചിട്ടുണ്ട്.

Update: 2024-02-08 09:27 GMT

ബേക്കറി ഫുഡ് കമ്പനിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ മൂന്നാം പാദത്തിലെ സംയോജിത അറ്റാദായം 40.4 ശതമാനം ഇടിഞ്ഞ് 555.66 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ കമ്പനി 932.40 കോടി രൂപ അറ്റാദായം നേടിയമാണ് നേടിയത്. അതേസമയം ഇക്കഴിഞ്ഞ പാദത്തിലെ അറ്റവില്‍പ്പന 2.2 ശതമാനം വര്‍ധിച്ച് 4,191.83 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,101.49 കോടി രൂപയായിരുന്നു.

'ഉയര്‍ന്ന മത്സരത്തോടെ ക്രമമായ ഡിമാന്റ് വളര്‍ച്ചയില്‍ , ഈ പാദത്തിലെ ഞങ്ങളുടെ പ്രകടനം പ്രതിരോധശേഷിയെയും മത്സരശേഷിയെയും പ്രതിഫലിപ്പിക്കുന്നതാണ്. കഴിഞ്ഞ 24 മാസത്തിനിടെ, കമ്പനിയുടെ വരുമാനത്തില്‍ 19 ശതമാനത്തിന്റെ ശക്തമായ വളര്‍ച്ച കൈവരിച്ചു. ഒപ്പം പ്രവര്‍ത്തന ലാഭത്തില്‍ 52 ശതമാനം വര്‍ധനയും കൈവരിച്ചു,' വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വരുണ്‍ ബെറി പറഞ്ഞു.

ബ്രിട്ടാനിയ ഡയറി പ്രൈവറ്റിലെ 49 ശതമാനം ഓഹരികളും ഫ്രഞ്ച് ചീസ് നിര്‍മ്മാതാക്കളായ ബെല്‍ എസ്എയ്ക്ക് വിറ്റതില്‍ നിന്ന് കമ്പനിക്ക് നേട്ടമുണ്ടായതിനാല്‍ മുന്‍വര്‍ഷത്തെ പാദത്തിലെ അറ്റാദായ അടിത്തറ ഉയര്‍ന്നതാണ്. അസാധാരണമായ ഇനങ്ങള്‍ക്കും നികുതിക്കും മുമ്പുള്ള കമ്പനിയുടെ ലാഭം 761.13 കോടി രൂപയായിരുന്നു. ഇത് 2023 ഡിസംബര്‍ പാദത്തിലെ 773.71 കോടി രൂപയില്‍ നിന്ന് 1.62 ശതമാനം കുറവാണ്.

ഡിസംബര്‍ പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1.41 ശതമാനം വര്‍ധിച്ച് 4,256.33 കോടി രൂപയാണ്. മൊത്തം ചെലവ് 1.98 ശതമാനം ഉയര്‍ന്ന് 3,544.42 കോടി രൂപയായി. ബിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ ജനപ്രിയ ബ്രാന്‍ഡുകളാണ് ഗുഡ് ഡേ, ടൈഗര്‍, ന്യൂട്രി ചോയ്‌സ്, മില്‍ക്ക് ബിക്കിസ്, മേരി ഗോള്‍ഡ് തുടങ്ങിയവ.

കമ്പനി കൂടുതല്‍ വിപുലീകരണം ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഗ്രാമീണ മേഖലകളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനി. ഈ പാദത്തില്‍ 29,000-ലധികം ഗ്രാമീണ വിതരണക്കാരുമായി കമ്പനി പങ്കാളിത്തം ഉറപ്പിച്ചിട്ടുണ്ട്.

മറ്റ് മേഖലകളെക്കാള്‍ കുറവ് പ്രാധാന്യം മാത്രമാണ് ഗ്രാമീണ മേഖലയ്ക്ക് നല്‍കിയിരുന്നത്. എന്നിട്ടും മികച്ച പ്രകടമാണ് ഗ്രാമീണ മേഖല കാഴ്ച്ച വച്ചതെന്ന് അദ്ദേഹം പറഞ്ഞു. മൊത്ത വരുമാനം 2023 ഡിസംബര്‍ പാദത്തില്‍ 1.4 ശതമാനം ഉയര്‍ന്ന് 4,306.89 കോടി രൂപയായിരുന്നു. 'ചെലവും ലാഭക്ഷമതയും കണക്കിലെടുക്കുമ്പോള്‍, ചരക്കുകളുടെ വിലയിലും വികസിച്ചുകൊണ്ടിരിക്കുന്ന ജിയോ പൊളിറ്റിക്കല്‍ സാഹചര്യത്തിലും ഞങ്ങള്‍ ജാഗ്രത പുലര്‍ത്തും. ലാഭക്ഷമത നിലനിര്‍ത്തിക്കൊണ്ട് വിപണി വിഹിതം വര്‍ധിപ്പിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ ഞങ്ങള്‍ ബ്രാന്‍ഡുകളില്‍ നിക്ഷേപം തുടരുകയും വില മത്സരക്ഷമത നിലനിര്‍ത്തുകയും ചെയ്യും,' ബെറി പറഞ്ഞു.

Tags:    

Similar News