ഓര്‍ഡറുകള്‍ ഉയര്‍ന്നു, എല്‍ ആന്‍ഡ് ടിയുടെ ലാഭത്തില്‍ 24% വര്‍ധന

  • അടിസ്ഥാനസൗകര്യ മേഖലയിലെ പദ്ധതികളുടെ മികച്ച നടത്തിപ്പും, ഐടി, ടെക്നോളജി സര്‍വീസ് പോര്‍ട്ട്ഫോളിയോയിലെ തുടര്‍ച്ചയായ വളര്‍ച്ചയും കമ്പനിയുടെ ഈ നേട്ടത്തിന് കാരണമായി.

Update: 2023-01-31 04:41 GMT

ഡെല്‍ഹി: ഡിസംബര്‍ പാദത്തില്‍ ലാര്‍സന്‍ ആന്‍ഡ് ടുബ്രോയുടെ നികുതിയ്ക്ക് ശേഷമുള്ള ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 24 ശതമാനം ഉയര്‍ന്ന് 2,553 കോടി രൂപയായി. കമ്പനിയുടെ കണ്‍സോളിഡേറ്റഡ് വരുമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 17 ശതമാനം വര്‍ധിച്ച് 46,390 കോടി രൂപയിലേക്കെത്തി.

അടിസ്ഥാനസൗകര്യ മേഖലയിലെ പദ്ധതികളുടെ മികച്ച നടത്തിപ്പും, ഐടി, ടെക്നോളജി സര്‍വീസ് പോര്‍ട്ട്ഫോളിയോയിലെ തുടര്‍ച്ചയായ വളര്‍ച്ചയും കമ്പനിയുടെ ഈ നേട്ടത്തിന് കാരണമായി. അന്താരാഷ്ട്ര തലത്തിലുള്ള വരുമാനം ഈ പാദത്തില്‍ 17,317 കോടി രൂപയാണ്. ഇത് മൊത്തം വരുമാനത്തിന്റെ 37 ശതമാനത്തോളം വരും.

കമ്പനിക്ക് ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 60,710 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ലഭിച്ച ഓര്‍ഡറിനേക്കാള്‍ 21 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച ഓര്‍ഡര്‍ 15,294 കോടി രൂപയുടേതാണ്. ഇത് മൊത്തം ലഭിച്ച ഓര്‍ഡറിന്റെ 25 ശതമാനം വരും.

ഓയില്‍, ഗ്യാസ്, പൊതു സ്ഥലങ്ങള്‍, ജലവൈദ്യുത പദ്ധതികള്‍, ടണലുകള്‍, ജലസേചനം, മെറ്റല്‍, ഊര്‍ജ്ജ വിതരണം എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നും കമ്പനിക്ക് ഈ പാദത്തില്‍ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. കമ്പനിയുടെ കണ്‍സോളിഡേറ്റഡ് ഓര്‍ഡര്‍ ബുക്ക് 2022 ഡിസംബര്‍ 31 ന് 3,86,588 കോടി രൂപയുടേതായിരുന്നു. ഇതില്‍ അന്താരാഷ്ട്ര ഓര്‍ഡറുകള്‍ 26 ശതമാനമാണ്.

ഈ പാദത്തിലാണ് എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്കും മൈന്‍ഡ്ട്രീയും ലയനം പൂര്‍ത്തിയാക്കിയത്. ഇത് എല്‍ടിഐമൈന്‍ഡട്രീ എന്ന സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഈ വിഭാഗം 2023 സാമ്പത്തിക വര്‍ഷത്തില്‍ 10,517 കോടി രൂപയുടെ ഉപഭോക്തൃ വരുമാനവും രേഖപ്പെടുത്തി. എല്‍ ആന്‍ഡ് ടിയുടെ ഓഹരികള്‍ ഇന്ന് 2.1 ശതമാനം ഇടിഞ്ഞ് 2,114.6 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News