വരുമാന വളര്‍ച്ച കൈവരിച്ച് ഫോണ്‍ പേ; 2022-23 ലെ വരുമാനം 2,914 കോടി രൂപ

2021-22 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 1,646 കോടി രൂപയായിരുന്നു

Update: 2023-10-18 11:43 GMT

ഡിജിറ്റല്‍ പേയ്മെന്റ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ ഫോണ്‍ പേ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 2,914 കോടി രൂപയുടെ സംയോജിത വരുമാനം നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 77 ശതമാനത്തിന്റെ വളര്‍ച്ചയാണു ഇപ്രാവിശ്യം കൈവരിച്ചത്.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 1,646 കോടി രൂപയായിരുന്നു.

സ്മാര്‍ട്ട് സ്പീക്കറുകള്‍, റെന്റ് പേയ്മെന്റുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയവയാണു വരുമാന വളര്‍ച്ചയ്ക്കു കാരണമായതെന്നു കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു.

അമേരിക്കന്‍ കമ്പനി വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോണ്‍ പേയ്ക്ക് 490 ദശലക്ഷത്തിലധികം രജിസ്റ്റേഡ് യൂസര്‍മാരുണ്ട്. യുപിഐ ഇടപാടുകളില്‍ മുന്‍നിരക്കാരാണ് ഫോണ്‍ പേ. ഇന്ത്യയിലെ യുപിഐ ഇടപാടുകളുടെ 51 ശതമാനം വിഹിതമാണു ഫോണ്‍ പേയ്ക്കുള്ളത്.

ജനറല്‍ അറ്റ്‌ലാന്റിക്, വാള്‍മാര്‍ട്ട്, ടൈഗര്‍ ഗ്ലോബല്‍ തുടങ്ങിയ നിക്ഷേപകരില്‍ നിന്ന് കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 70.21 ബില്യണ്‍ രൂപ സമാഹരിച്ചിരുന്നു. അതോടെ ഫോണ്‍ പേ രാജ്യത്തെ ഏറ്റവും മൂല്യവത്തായ പേയ്‌മെന്റ് സ്ഥാപനമാവുകയും ചെയ്തു.

ജൂലൈയില്‍, പോയിന്റ്-ഓഫ്-സെയില്‍ ഉപകരണം പുറത്തിറക്കി. ഇത് വ്യാപാരികളെ ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ എന്നിവ വഴി പേയ്മെന്റുകള്‍ സ്വീകരിക്കാന്‍ അനുവദിക്കുന്നു.

ഈ വര്‍ഷം ഓഗസ്റ്റില്‍ ഷെയര്‍.മാര്‍ക്കറ്റ് എന്ന ആപ്പ് ലോഞ്ച് ചെയ്തു കൊണ്ട് സ്‌റ്റോക്ക് ബ്രോക്കിംഗ് ബിസിനസ്സിലേക്കും ഫോണ്‍ പേ പ്രവേശിച്ചു.

Tags:    

Similar News