Q1: 18 വലിയ ഡീലുകൾ നേടിയെന്ന് എച്ച്സിഎല്‍; മുന്‍ പാദത്തില്‍ നിന്ന് അറ്റാദായം ഇടിഞ്ഞു
- ഇക്വിറ്റി ഷെയറിന് 10 രൂപയാണ് ഇടക്കാല ലാഭവിഹിതം
- ടെക്, ടെലികോം മേഖലകളില്‍ നിന്നുള്ള വരുമാനം മയപ്പെട്ടു
- വാര്‍ഷികാടിസ്ഥാനത്തില്‍ അറ്റാദായം 7.6% ഉയര്‍ന്നു
രാജ്യത്തെ പ്രമുഖ ഐടി സേവന കമ്പനിയായ എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ ജൂൺ പാദത്തിലെ അറ്റാദായം മുന്‍വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 7.6 ശതമാനം വർധന രേഖപ്പെടുത്തി. പുതിയ ഓർഡറുകള്‍ സ്വന്തമാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് ഈ മുന്നേറ്റം. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗ് പ്രകാരം ഏപ്രിൽ-ജൂൺ കാലയളവിൽ ഏകീകൃത അറ്റാദായം 3,534 കോടി രൂപയാണ്. മുന്‍ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇത് 3,283 കോടി രൂപയിൽ നിന്ന് ഉയർന്നു. 2023 ജനുവരി-മാർച്ച് കാലയളവിൽ നേടിയ 3,983 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ അറ്റാദായം 11 ശതമാനം കുറയുകയാണ് ഉണ്ടായിട്ടുള്ളത്.
കമ്പനിയുടെ വരുമാനം ത്രൈമാസ അടിസ്ഥാനത്തില്‍ 1.2 ശതമാനം കുറഞ്ഞ് 26,296 കോടി രൂപയായി. വാര്‍ഷികാടിസ്ഥാനത്തില്‍ 12.1 ശതമാനം ഉയർച്ചയാണ് വരുമാനത്തില്‍ ഉണ്ടായത്. കറൻസി സ്ഥിരമൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ, വരുമാനത്തില്‍ 1.3 ശതമാനം കുറവാണ് ത്രൈമാസ അടിസ്ഥാനത്തില്‍ ഉണ്ടായത്, എന്നാൽ വാര്‍ഷികാടിസ്ഥാനത്തില്‍ 6.3 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ 18 വലിയ ഡീലുകൾ നേടിയതായി എച്ച്സിഎല്‍ അറിയിച്ചു.
സ്ഥിരമായ കറൻസി മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ 6-8 ശതമാനം വരുമാന വളർച്ചയും 18-19 ശതമാനം എബിറ്റ് (പലിശയ്ക്കും നികുതികൾക്കും മുമ്പുള്ള വരുമാനം) മാർജിനും കമ്പനി കണക്കാക്കുന്നു. 2023-24 സാമ്പത്തിക വർഷത്തിലേക്കുള്ള ഇടക്കാല ലാഭവിഹിതവും കമ്പനിയുടെ ഡയറക്ടർ ബോർഡ് പ്രഖ്യാപിച്ചു. കമ്പനിയുടെ 2 രൂപ വീതമുള്ള ഇക്വിറ്റി ഷെയറിന് 10 രൂപയാണ് ഇടക്കാല ലാഭവിഹിതം.
“ഇത് വലിയ മുന്നേറ്റമില്ലാത്ത പാദമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഞങ്ങളുടെ പ്രകടനം പ്രതീക്ഷകളേക്കാൾ കുറവായിരുന്നു,” എച്ച്സിഎല്‍ സിഇഒ സി. വിജയകുമാര്‍ പറഞ്ഞു. കഴിഞ്ഞ ഏഴ് പാദങ്ങളിലെ ബുക്കിംഗ് 2 ബില്യൺ ഡോളറിനു മുകളിലായിരുന്നു എങ്കില്‍ ഈ പാദത്തിൽ അത് 1.6 ബില്യൺ ഡോളറാണെന്ന് അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ പാദത്തിലെ 18.25 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ജൂണ്‍ പാദത്തിലെ എബിറ്റ്ഡ മാർജിൻ 16.9 ശതമാനത്തിലേക്ക് താഴ്ന്നു. എന്നാല്‍ നടപ്പാക്കാനിരിക്കുന്ന ഓര്‍ഡകളുടെയും പ്രൊജക്റ്റുകളുടെയും കാര്യത്തിലും ഇത് വരുമാനമായി പരിവര്‍ത്തനം ചെയ്യപ്പെടുമെന്ന കാര്യത്തിലും ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെക്, ടെലികോം മേഖലകളില്‍ നിന്നുള്ള വരുമാനം മയപ്പെട്ടിട്ടുണ്ട്. ഈ മേഖലകളിലെ വിവേചനാധികാര ചെലവുകളും അനുബന്ധ ചെലവിടലുകളും കുറയ്‌ക്കുന്നതാണ് കാരണം. എങ്കിലും , ഉടൻ തന്നെ ഈ മേഖലകളില് നിന്നുള്ള വരുമാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി വിജയകുമാർ പറഞ്ഞു.
എച്ച്സിഎല്‍ എന്‍റര്‍പ്രൈസസിന്‍റെ ഒരു ഉപകമ്പനിയാണ് ഉത്തര്‍പ്രദേശിലെ നോയിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എച്ച്സിഎല്‍ ടെക്നോളജീസ്. യുകെ, അമേരിക്ക, ജര്‍മനി, ഫ്രാന്‍സ് തുടങ്ങി 50ല്‍ അധികം രാഷ്ട്രങ്ങളിലായി 2000ല്‍ അധികം ശാഖകള്‍ കമ്പനിക്കുണ്ട്. യുഎസ് കമ്പനികള്‍ തങ്ങളുടെ ഐടി ചെലവിടലുകള്‍ വെട്ടിക്കുറയ്ക്കുന്നത് കഴിഞ്ഞ പാദത്തിലെ ഇന്ത്യന്‍ ഐടി കമ്പനികളുടെ പ്രകടനത്തില്‍ പ്രതിഫലിക്കുമെന്ന് നേരത്തേ തന്നെ വിലയിരുത്തപ്പെട്ടിരുന്നു.
എച്ച്സിഎലിന്‍റെ ഏറ്റവും വലിയ എതിരാളികളായ ടിസിഎസ് ജൂൺ പാദത്തിൽ 16.83 ശതമാനം വാര്‍ഷിക വർധനയോടെ അറ്റാദായം 11,074 കോടി രൂപയില്‍ എത്തിയെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 9,478 കോടി രൂപയും മുൻ പാദത്തിൽ 11,392 കോടി രൂപയുമാണ് അറ്റാദായമായി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് നേടിയിരുന്നത്. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 12.55 ശതമാനം വർധിച്ച് 59,381 കോടി രൂപയായി, മുൻ പാദത്തിലെ 59,162 കോടി രൂപയിൽ നിന്നും നേരിയ വർധനവാണ്.
