രണ്ടാം ദിവസവും റാലി തുടര്‍ന്ന് റിലയന്‍സ്
- മൂന്ന് മാസത്തിനുള്ളില്‍ 17 ശതമാനത്തിന്റെ വര്‍ധന
- ജുലൈ 19 വരെ റിലയന്‍സ് ഓഹരി വാങ്ങാന്‍ സമയമുണ്ട്
- ഓഹരി സ്വന്തമാക്കാന്‍ തിരക്ക്
വിപണി മൂല്യത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികള്‍ ജുലൈ 11 ചൊവ്വാഴ്ച തുടര്‍ച്ചയായ രണ്ടാം ദിവസവും റാലി തുടര്‍ന്നു.
2022 ഏപ്രില്‍ 29-ന് കൈവരിച്ച എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 2,856.15 രൂപയിലെത്താന്‍ നിസാര ദൂരം മാത്രമാണുള്ളത്.
ജുലൈ 10 തിങ്കളാഴ്ചയിലെ സെഷന്‍ 3.78 ശതമാനം നേട്ടത്തോടെ 2,375 രൂപയില്‍ അവസാനിച്ചതിനു ശേഷം ജുലൈ 11 ചൊവ്വാഴ്ച രാവിലെ വ്യാപാരത്തിനിടെ 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്കായ 2,764.50 രൂപയിലെത്തി റിലയന്‍സിന്റെ ഓഹരി.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 17 ശതമാനം വര്‍ധനയാണ് റിലയന്‍സിന്റെ ഓഹരി മൂല്യത്തിലുണ്ടായത്.
റിലയന്‍സിന്റെ എല്ലാ ഓഹരിയുടമകള്‍ക്കും തങ്ങളുടെ ഓരോ ഓഹരിക്കും പുതുതായി രൂപം കൊള്ളുന്ന ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഒരു ഓഹരി ലഭിക്കുമെന്ന കമ്പനിയുടെ പ്രഖ്യാപനമാണ് റിലയന്‍സ് ഓഹരി സ്വന്തമാക്കാനുള്ള തിരക്ക് ആരംഭിച്ചത്.
നിക്ഷേപകര്‍ക്ക് ജുലൈ 19 വരെ റിലയന്‍സ് ഓഹരി വാങ്ങാന്‍ സമയമുണ്ട്. ജുലൈ 20നാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് രൂപം കൊള്ളുന്നത്. റിലയന്‍സിന്റെ സാമ്പത്തിക സേവന വിഭാഗമായ റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് വിഭജിച്ചാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് രൂപം കൊള്ളുന്നത്.
ജുലൈ 10-തിങ്കളാഴ്ച രാവിലെ ഇന്ത്യന്‍ ഓഹരി വിപണിയിലെ ബുള്‍സ് (bulls) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) ഓഹരി വാങ്ങാന്‍ വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.
ആര്‍ഐഎല്‍ ഓഹരികള്‍ തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ ബിഎസ്ഇയില്‍ 4.5 ശതമാനത്തിലധികം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും പുതിയ തലമായ 2,755 രൂപയിലെത്തുകയും ചെയ്തിരുന്നു.
റിലയന്‍സിന് 36 ലക്ഷം ഓഹരിയുടമകളാണുള്ളത്. റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് വിഭജിച്ച് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പുനര്‍നാമകരണം ചെയ്യുന്നതിലൂടെ 36 ലക്ഷം ഓഹരിയുടമകള്‍ക്ക് അതിന്റെ നേട്ടമുണ്ടാകും. വിഭജനവും തുടര്‍ന്നുള്ള ലിസ്റ്റിംഗും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ മൂല്യം ഉയര്‍ത്തും. ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാറും. മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനിയെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട്. ഹിതേഷ് സേഥിയയാണു ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സിഇഒ. അദ്ദേഹത്തെ മൂന്നു വര്‍ഷത്തേയ്ക്കാണു നിയമിച്ചിരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനും റിലയന്‍സിന് പദ്ധതിയുണ്ട്. ലിസ്റ്റിംഗ് സംബന്ധിച്ച തീരുമാനം കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലുണ്ടാകും. പൊതുയോഗത്തിന്റെ തീയതി ഉടന്‍ പ്രഖ്യാപിക്കും.
ലിസ്റ്റിംഗിനു മുന്‍പ് റിലയന്‍സിന്റെ ഓഹരി വില 3000 രൂപയ്ക്കു മുകളിലെത്തുമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്.
ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ഇന്‍ഷ്വറന്‍സ്, പേയ്‌മെന്റ്‌സ്, ഡിജിറ്റല്‍ ബ്രോക്കിംഗ്, അസറ്റ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക.
വിപണിയില്‍ പേടിഎം, ബജാജ് ഫിനാന്‍സ് തുടങ്ങിയവരായിരിക്കും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ പ്രധാന എതിരാളികളെന്നു സൂചനയുണ്ട്. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന പുതിയ കമ്പനിയുടെ ജുലൈ ഏഴിന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പുതിയ ഡയറക്ടര്‍മാരെ നിയമിക്കുന്നതിന് അംഗീകാരം നല്‍കി. മുകേഷ് അംബാനിയുടെ മൂത്ത മകള്‍ ഇഷയെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. കൂടാതെ റിലയന്‍സ് എക്സിക്യൂട്ടീവായ അന്‍ഷുമാന്‍ താക്കൂറിനെയും നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട്.
ആഭ്യന്തര സെക്രട്ടറിയായും സിഎജിയായും സേവനമനുഷ്ഠിച്ച മുന്‍ ബ്യൂറോക്രാറ്റ് രാജീവ് മെഹ്റിഷിയെ അഞ്ച് വര്‍ഷത്തേക്ക് റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന്റെ (ആര്‍എസ്‌ഐഎല്‍) സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് സുനില്‍ മേത്ത, പ്രൈസ് വാട്ടേഴ്‌സ് കൂപ്പറില്‍ ജോലി ചെയ്തിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ബിമല്‍ മനു തന്ന എന്നിവരെയും സ്വതന്ത്ര ഡയറക്ടര്‍മാരായി നിയമിച്ചു.
