വൊഡഫോണ്‍ ഐഡിയ ഓഹരി വില ഉയര്‍ന്നു

  • 5.71 ശതമാനം ഉയര്‍ന്ന് 8.15 രൂപയിലാണ് ഓഹരി വ്യാപാരം നടന്നത്
  • ഈ വര്‍ഷം മാര്‍ച്ചില്‍ വൊഡഫോണ്‍ ഐഡിയ ഓഹരികള്‍ 5.70 രൂപയായിരുന്നു
  • ബിസിനസ് പുനരുദ്ധാരണ പദ്ധതി ഈ മാസം ആദ്യം കമ്പനി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു

Update: 2023-06-14 06:03 GMT

ബിസിനസ് പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി 14,000 കോടി രൂപ സമാഹരിക്കാന്‍ വൊഡഫോണ്‍ ഐഡിയ പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വൊഡഫോണ്‍ ഐഡിയ ഓഹരി വില ബുധനാഴ്ച (ജൂണ്‍ 14) വ്യാപാരത്തിനിടെ ഏകദേശം പത്ത് ശതമാനം ഉയര്‍ന്നു.

ബിഎസ്ഇയില്‍ വോഡഫോണ്‍ ഐഡിയ ഓഹരികള്‍ 9.98 ശതമാനം ഉയര്‍ന്ന് 8.48 രൂപയിലെത്തി. പിന്നീട് 5.71 ശതമാനം ഉയര്‍ന്ന് 8.15 രൂപയിലാണ് ഓഹരി വ്യാപാരം നടന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിമൂല്യം 15 ശതമാനത്തോളമാണ് ഉയര്‍ന്നത്.

ഈ വര്‍ഷം മാര്‍ച്ചില്‍ വൊഡഫോണ്‍ ഐഡിയ ഓഹരികള്‍ 5.70 രൂപയായി കുറഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. 2022 സെപ്റ്റംബറില്‍ എന്‍എസ്ഇയില്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 10.10 രൂപയിലെത്തുകയും ചെയ്തു വൊഡഫോണ്‍ ഐഡിയ ഓഹരി.

ഓഹരി വില്‍പ്പനയ്ക്കു പുറമെ കമ്പനിയുടെ നിലവിലുള്ള പ്രൊമോട്ടര്‍മാരായ ആദിത്യ ബിര്‍ള ഗ്രൂപ്പ് (എബിജി), യുകെ വോഡഫോണ്‍ ഗ്രൂപ്പ് എന്നിവരില്‍നിന്നും ധനസമാഹരണം നടത്താനും പദ്ധതിയുണ്ട്.

ബിസിനസ് പുനരുദ്ധാരണ പദ്ധതി ഈ മാസം ആദ്യം കമ്പനി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എബിജിയും വൊഡഫോണ്‍ ഗ്രൂപ്പും ഉടന്‍ തന്നെ 2,000 കോടി രൂപ കമ്പനിയില്‍ പുതിയ ഇക്വിറ്റിയായി നിക്ഷേപിക്കുമെന്നാണു സൂചന.

2021 സെപ്റ്റംബറില്‍ സര്‍ക്കാരിന്റെ ടെലികോം പുനരുജ്ജീവന പാക്കേജിന് ശേഷം പ്രമോട്ടര്‍മാര്‍ ഇതിനകം 5,000 കോടി രൂപയുടെ പുതു നിക്ഷേപം നടത്തിയിട്ടുണ്ട്.

നേരിട്ടുള്ള ഓഹരികളിലൂടെയോ അല്ലെങ്കില്‍ പുറത്തുനിന്നുള്ള നിക്ഷേപകരില്‍ നിന്ന് കണ്‍വെര്‍ട്ടിബിള്‍ ഓഹരി വഴിയോ മറ്റൊരു 7,000 കോടി രൂപ കൂടി സമാഹരിക്കും. പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി പ്രൊമോട്ടര്‍മാരും കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന, പൊതു തിരഞ്ഞെടുപ്പുകള്‍ കാരണം താരിഫുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലെ കാലതാമസം ഇന്ത്യയിലെ മൂന്ന് പ്രധാന ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍, ജിയോ, വൊഡഫോണ്‍ ഐഡിയ എന്നിവരെ പ്രതികൂലമായി ബാധിക്കുമെന്ന് സൂചനയുണ്ട്. അവയില്‍ത്തന്നെ വൊഡഫോണ്‍ ഐഡിയയ്ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കുമെന്ന് കരുതുന്നത്. താരിഫ് വര്‍ദ്ധനയോ ധനസമാഹരണ യജ്ഞമോ ഇല്ലാതെ 2024 സാമ്പത്തിക വര്‍ഷം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നാണ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ആദിത്യ ബിര്‍ള ഗ്രൂപ്പ് പ്രൊമോട്ട് ചെയ്യുന്ന ടെലികോം സേവന ദാതാവായ വൊഡഫോണ്‍ ഐഡിയയ്ക്ക് 2024 സാമ്പത്തിക വര്‍ഷത്തില്‍ 5400 കോടി രൂപയുടെ ധനകമ്മി നേരിടേണ്ടിവരുമെന്നും വലുതും വേഗത്തിലുള്ളതുമായ ധനസമാഹരണമില്ലാതെ അതിജീവനം വെല്ലുവിളിയാകുമെന്നും വിദഗ്ധര്‍ പറയുന്നു.

വൊഡഫോണ്‍ ഐഡിയ 2023 ജനുവരി-മാര്‍ച്ച് പാദത്തില്‍ 6,419 കോടി രൂപയുടെ നഷ്ടമാണ് (consolidated net loss)റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,563 കോടി രൂപയും 22-23 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 7,988 കോടി രൂപയുമാണ്.

Tags:    

Similar News