ഡല്‍ഹി വായുമലിനീകരണം: ആരോഗ്യമേഖലയിലെ ഓഹരികളില്‍ ശ്രദ്ധ പതിയുന്നു
അപ്പോളോ ഹോസ്പിറ്റല്‍സ്, മാക്‌സ് ഹോസ്പിറ്റല്‍സ് തുടങ്ങിയ ഓഹരികള്‍ മുന്നേറി
തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ വായുമലിനീകരണ തോത് അനുദിനം ആശങ്കപ്പെടുത്തും വിധം ഉയരുകയാണ്. ഇതേ തുടര്‍ന്നു നിരവധി നടപടികള്‍ നടപ്പിലാക്കാന്‍ അധികൃതരെ പ്രേരപ്പിച്ചിരിക്കുകയാണ്. മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെ ആരോഗ്യം സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു.
പ്രതിരോധ മരുന്നുകള്‍, വിറ്റാമിനുകള്‍, മിനറല്‍ സപ്ലിമെന്റുകള്‍, വിവിധ ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ആവശ്യകത വര്‍ധിച്ചു. ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോളിസികള്‍ക്ക് നല്ല ഡിമാന്‍ഡ് അനുഭവപ്പെടുന്നുണ്ട്.
എയര്‍ പ്യൂരിഫയറുകളുടെ വര്‍ദ്ധിച്ചു വരുന്ന ആവശ്യം കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് കമ്പനികളുടെ ഓഹരിക്ക് ഡിമാന്‍ഡ് ഉയരാന്‍ കാരണമായിട്ടുണ്ട്. സമീപ പാദങ്ങളില്‍ മാന്ദ്യം നേരിട്ടവരാണു കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് നിര്‍മാതാക്കള്‍.
എയര്‍ പ്യൂരിഫയറും അനുബന്ധ ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്ന പ്രധാനികള്‍ വോള്‍ട്ടാസ്, ഹാവെല്‍സ്, സിംഫണി എന്നിവയാണ്.
ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ഡിഎഫ്‌സി ലൈഫ്, സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷ്വറന്‍സ് കമ്പനി, ഐസിഐസിഐ ലൊമ്പാര്‍ഡ് തുടങ്ങിയ കമ്പനികള്‍ക്കും നേട്ടമാണ് ഇപ്പോള്‍.
സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, സൈഡസ് ഹെല്‍ത്ത്‌കെയര്‍, ലുപിന്‍, ഐപിസിഎ, സിപ്ല തുടങ്ങിയ ഫാര്‍മ കമ്പനികളുടെ ഓഹരികളില്‍ ഇപ്പോള്‍ താല്‍പര്യമേറുന്ന കാഴ്ചയും കാണുന്നുണ്ട്.
അപ്പോളോ ഹോസ്പിറ്റല്‍സ്, മാക്‌സ് ഹോസ്പിറ്റല്‍സ്, ഡോ. ലാല്‍ പാത്ത്‌ലാബ്‌സ് തുടങ്ങിയ ഓഹരികള്‍ മുന്നേറി.
