യുഎസ് താരിഫ്: ആഗോള അനിശ്ചിതത്വം ഉയരുന്നതായി ആര്‍ബിഐ ഗവര്‍ണര്‍

  • പകരച്ചുങ്കം ആഗോള വളര്‍ച്ചക്ക് തിരിച്ചടിയാകും
  • താരിഫ് രാജ്യത്തിന്റെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കും
  • സേവന കയറ്റുമതി സ്ഥിരതയോടെ തുടരുമെന്ന് പ്രതീക്ഷ

Update: 2025-04-09 07:16 GMT

യുഎസിന്റെ പകരച്ചുങ്കം ആഗോള വളര്‍ച്ചക്ക് തിരിച്ചടിയാകുമെന്നും പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. ഇന്ത്യക്കെതിരായ താരിഫ് രാജ്യത്തിന്റെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ആഗോള അനിശ്ചിതത്വങ്ങള്‍ മൂലം ചരക്ക് കയറ്റുമതി കുറയും, അതേസമയം സേവന കയറ്റുമതി സ്ഥിരതയോടെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു', അദ്ദേഹം പറഞ്ഞു.

ആഗോള അനിശ്ചിതത്വങ്ങളെത്തുടര്‍ന്ന് നടപ്പു സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ പ്രവചനം നേരത്തെ പ്രതീക്ഷിച്ചിരുന്ന 6.7 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി റിസര്‍വ് ബാങ്ക് കുറച്ചു.

'അടുത്തിടെയുണ്ടായ വ്യാപാര താരിഫ് സംബന്ധമായ നടപടികള്‍ മേഖലകളിലുടനീളം അനിശ്ചിതത്വങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ആഗോള വളര്‍ച്ചയ്ക്കും പണപ്പെരുപ്പത്തിനും പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. ഈ പ്രക്ഷുബ്ധതകള്‍ക്കിടയില്‍, യുഎസ് ഡോളര്‍ ഗണ്യമായി ദുര്‍ബലപ്പെട്ടു. ബോണ്ട് ആദായവും ഗണ്യമായി കുറഞ്ഞു. ഓഹരി വിപണികള്‍ തിരുത്തലുകള്‍ വരുത്തി. അസംസ്‌കൃത എണ്ണ വില മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ച, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ ഉള്‍പ്പെടെ 60 രാജ്യങ്ങളില്‍ ഏപ്രില്‍ 9 മുതല്‍ പരസ്പര താരിഫ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. ചെമ്മീന്‍, പരവതാനി, മെഡിക്കല്‍ ഉപകരണങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ 26 ശതമാനം പരസ്പര താരിഫ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ 52 ശതമാനം തീരുവ ചുമത്തുന്നുണ്ടെന്ന് യുഎസ് അവകാശപ്പെട്ടു. യുഎസ് വ്യാപാര കമ്മി കുറയ്ക്കുന്നതിനും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത പുതിയ താരിഫ് നയം.

2021-22 മുതല്‍ 2023-24 വരെ, ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു യുഎസ്. ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയുടെ ഏകദേശം 18 ശതമാനവും ഇറക്കുമതിയില്‍ 6.22 ശതമാനവും ഉഭയകക്ഷി വ്യാപാരത്തില്‍ 10.73 ശതമാനവും യുഎസുമായാണ്.

അമേരിക്കയുമായി ഇന്ത്യയ്ക്ക് 2023-24 ല്‍ 35.32 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാര മിച്ചം ഉണ്ടായിരുന്നു. ഇത് 2022-23 ല്‍ 27.7 ബില്യണ്‍ യുഎസ് ഡോളറും, 2021-22 ല്‍ 32.85 ബില്യണ്‍ യുഎസ് ഡോളറും ആയിരുന്നു. 

Tags:    

Similar News