താരിഫില്‍ ഇന്ത്യ തളരില്ലെന്ന് ഫിച്ച് റേറ്റിങ്

2026 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.3 ശതമാനമാക്കി കുറച്ചു

Update: 2025-08-01 11:36 GMT

താരിഫ് ആഘാതം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തളര്‍ത്തില്ലെന്ന് ഫിച്ച് റേറ്റിങ്. ആഗോള അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാ പ്രവചനം 6.3 ശതമാനമാക്കി കുറച്ചു. 2026 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചാ പ്രവചനമാണ് ഫിച്ച് മാറ്റിയത്. 6.4%ത്തില്‍ നിന്നാണ് ഈ കുറവ്. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സ്ഥിരതയാര്‍ജിക്കുകയാണ്.

സിമന്റ്, നിര്‍മ്മാണ സാമഗ്രികള്‍, വൈദ്യുതി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, സ്റ്റീല്‍, എഞ്ചിനീയറിംഗ്, നിര്‍മ്മാണ കമ്പനികള്‍ എന്നിവയുടെ ആരോഗ്യകരമായ ആവശ്യകത അടിസ്ഥാന സൗകര്യ മേഖലയ്ക്ക് കരുത്താവും. ആഗോള വെല്ലുവിളികള്‍ ഇന്ത്യയെ വലിയ രീതിയില്‍ ബാധിക്കില്ല. ഇതിന് കാരണം മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതി വഴി ഇന്ത്യ തദ്ദേശീയ ഉല്‍പ്പാദനം ഉയര്‍ത്തിയതാണ്. സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്കില്‍ കുത്തനെ വര്‍ധനയുണ്ടായി. ആഭ്യന്തര ഉപഭോഗ വളര്‍ച്ച, നിക്ഷേപങ്ങളിലെ ഉണര്‍വ് എന്നിവയാകും മുന്നോട്ടേക്ക് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജമാവുകയെന്നും ഫിച്ച് പറയുന്നു.

യുഎസിന്റെ താരിഫ് വെല്ലുവിളി നേരിയ ഭീഷണിയാണ്. എന്നാല്‍ ഇന്ത്യ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറവാണെന്നും ഫിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആഗോളതലത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി കാരണം മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ ഇടിവുണ്ടാവാം. എങ്കിലും ഇത് ശരാശരി മുന്നേറ്റമായ 1.5 ശതമാനത്തില്‍ തന്നെ തുടരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് തിരിച്ചുവരവ് സാധ്യമാക്കിയത് സ്വകാര്യ, സര്‍ക്കാര്‍ മേഖലയില്‍ ഉണ്ടായ നിക്ഷേപവും കാര്‍ഷികരംഗത്ത് നിന്നുളള വരുമാനവും ആണെന്നാണ് ഫിച്ച് പറയുന്നത്.

Tags:    

Similar News