ഭൂരിഭാഗം പേരും സുരക്ഷിതരല്ല: ജനസംഖ്യയില്‍ 95%-നും ഇന്‍ഷുറന്‍സ് ഇല്ല

  • 144 കോടി വരുന്ന ഇന്ത്യന്‍ ജനസംഖ്യയിലെ 95 %-നും ഇന്‍ഷുറന്‍സ് ഇല്ല
  • 73 ശതമാനത്തിനും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ല
  • റിപ്പോര്‍ട്ട് തയാറാക്കിയത്‌ നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാദമി

Update: 2023-12-15 09:13 GMT

രാജ്യത്തെ ജനസംഖ്യയുടെ 95 ശതമാനവും ഇന്‍ഷുറന്‍സ് ഇല്ലാത്തവരാണെന്നു നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാദമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ 14നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഇന്‍ഷുറന്‍സ് കവറേജ് അഥവാ പരിരക്ഷ വിപുലപ്പെടുത്താന്‍ സര്‍ക്കാരും ഇന്‍ഷുറന്‍സ് റെഗുലേറ്ററും ശ്രമിച്ചിട്ടും ഭൂരിഭാഗം പേര്‍ക്കും ഇന്‍ഷുറന്‍സ് ഇല്ലെന്നത് ഏവരെയും ഞെട്ടിക്കുകയാണ്.

ഡിജിറ്റല്‍ പേയ്‌മെന്റിന്റെ കാര്യത്തില്‍ യുപിഐ വന്‍ വിജയമായതു പോലെയോ മൊബൈല്‍ ഫോണ്‍ എല്ലാവരിലേക്കും എത്തിച്ചേര്‍ന്നതു പോലെയോ ഇന്‍ഷുറന്‍സ് പരിരക്ഷ എല്ലാവര്‍ക്കും ഒരുക്കാനും ഒരു തന്ത്രം സ്വീകരിക്കണമെന്നു

റിപ്പോര്‍ട്ട് പുറത്തിറക്കി കൊണ്ട് ഐആര്‍ഡിഎഐ ചെയര്‍മാന്‍ ദേബാശിഷ് പാണ്ഡെ പറഞ്ഞു.

റിപ്പോര്‍ട്ട് പ്രകാരം 144 കോടി വരുന്ന ഇന്ത്യന്‍ ജനസംഖ്യയിലെ 95 ശതമാനത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലെന്നാണ്.

താഴ്ന്ന, ഇടത്തരം വരുമാനമുള്ള വിഭാഗങ്ങളില്‍ നിന്നുള്ള 84 ശതമാനം ആളുകള്‍ക്കും തീരപ്രദേശങ്ങളില്‍ നിന്നുള്ള 77 ശതമാനം പേര്‍ക്കും, ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും അഗ്രി ഇന്‍പുട്ട് വിതരണക്കാരില്‍ നിന്നും വായ്പ എടുത്ത കര്‍ഷകര്‍ക്ക് നിര്‍ബന്ധമായും വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യമെടുത്താല്‍, ജനസംഖ്യയുടെ 73 ശതമാനത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലളിതമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് മൈക്രോ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സൃഷ്ടിക്കുന്നതിന് ഗവണ്‍മെന്റ്, എന്‍ജിഒകള്‍, വ്യവസായ ഗ്രൂപ്പുകള്‍ എന്നിവ തമ്മിലുള്ള സഹകരണം ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ട് തയാറാക്കിയ നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാദമി 1980-ല്‍ പൂനെയില്‍ സ്ഥാപിതമായതാണ്. ഇന്ത്യയ്ക്കു പുറമെ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ ഇന്‍ഷുറന്‍സ്, പെന്‍ഷനുകള്‍, അനുബന്ധ വിഷയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള എക്‌സിക്യൂട്ടീവ് പരിശീലനത്തിനും ഗവേഷണത്തിനും പഠനത്തിനുമുള്ള പ്രമുഖ കേന്ദ്രമായി ഇന്ന് നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാദമി മാറി.

Tags:    

Similar News