ഇസ്രായേല്‍-ഹമാസ് യുദ്ധം ആഗോള വളര്‍ച്ചയ്ക്ക് ദോഷം: ഡബ്ല്യുടിഒ മേധാവി

പ്രകൃതി വാതകം, എണ്ണ തുടങ്ങിയ ലോകത്തിന്റെ ഊര്‍ജ്ജത്തിന്റെ ഉറവിടമാണ് പശ്ചിമേഷ്യ

Update: 2023-10-30 11:59 GMT

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം പശ്ചിമേഷ്യയിലേക്ക് വ്യാപിച്ചാല്‍ ആഗോള വളര്‍ച്ചയെ ബാധിക്കുമെന്നു ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ഡയറക്ടര്‍ ജനറല്‍ എന്‍ഗോസി ഒകോന്‍ജോ ഇവേല പറഞ്ഞു.

പ്രകൃതി വാതകം, എണ്ണ തുടങ്ങിയ ലോകത്തിന്റെ ഊര്‍ജ്ജത്തിന്റെ ഉറവിടമാണ് പശ്ചിമേഷ്യ. ഈ ഊര്‍ജ്ജം ലോകമെമ്പാടും വന്‍തോതില്‍ ഉപയോഗിച്ചു വരുന്നുണ്ട്. അതിനാല്‍ പശ്ചിമേഷ്യയിലേക്കു സംഘര്‍ഷം വ്യാപിക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം ആഗോള വ്യാപാരത്തിലും, ആഗോള വളര്‍ച്ചയിലും ഉണ്ടാകുമെന്നും ഡബ്ല്യുടിഒ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

ഇസ്രായേല്‍-ഹമാസ് യുദ്ധം എണ്ണ വില ഉയരാന്‍ കാരണമാകും അതോടൊപ്പം പ്രധാന വ്യാപാര ഇടനാഴികളിലൂടെയുള്ള ചരക്കുനീക്കം തടസപ്പെടുകയും ചെയ്യും. അത്തരം സാഹചര്യം ആഗോള സമ്പദ് വ്യവസ്ഥയ്ക്കു ദോഷം ചെയ്യും.

ആഗോള ഉല്‍പ്പാദനത്തില്‍ മാന്ദ്യമുണ്ടായതിനെ തുടര്‍ന്നു ഡബ്ല്യുടിഒ 2023-ലെ വ്യാപാര വളര്‍ച്ചാ പ്രവചനം വെട്ടിച്ചുരുക്കിയിരിക്കുകയാണ്.

ഒക്‌ടോബര്‍ 7ന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണമാണ് ഇസ്രായേലിനെ സൈനിക നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. ഹമാസ് നടത്തിയ ആക്രമണത്തില്‍ അമേരിക്കക്കാരുള്‍പ്പെടെ 1,400 പേരാണു കൊല്ലപ്പെട്ടത്. 240 ഓളം പേരെ പിടികൂടി ഗാസയിലേക്ക് ബന്ദികളാക്കുകയും ചെയ്തിരുന്നു.

Tags:    

Similar News