സാനുമാഷിന് വിട നല്‍കി സാംസ്‌കാരിക കേരളം

തലമുറകളുടെ ഗുരുനാഥന്‍ ഇനി ഓര്‍മ്മ

Update: 2025-08-03 12:11 GMT

പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു മാഷിന് വിട നല്‍കി സാംസ്‌കാരിക കേരളം. രവിപുരം പൊതുശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരചടങ്ങുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മറ്റു മന്ത്രിമാര്‍ അടക്കം വിവിധ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

കൊച്ചി കാരിയ്ക്കാമുറിയിലെ വീട്ടിലും, എറണാകുളം ടൗണ്‍ ഹാളിലും നടന്ന പൊതുദര്‍ശനത്തില്‍ നാടിന്റെ നാനാതുറകളില്‍ നിന്നുള്ളവരാണ് മലയാളത്തിന്റെ പ്രിയപ്പെട്ട സാനുമാഷിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത്. നിരവധി തലമുറകളുടെ ജീവിതവഴികളില്‍ അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചം വിതറിയ മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്.

ശനിയാഴ്ച വൈകിട്ട് 5.35നാണ് അന്ത്യം സംഭവിച്ചത്. 98 കാരനായ എം കെ സാനു ദിവസങ്ങള്‍ക്ക് മുന്‍പ് വരെ പൊതു വേദികളില്‍ സജീവമായിരുന്നു. വീഴ്ചയില്‍ ഇടുപ്പെല്ലിന് പരിക്കേറ്റ എം കെ സാനുവിനെ ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയ ബാധിച്ചതോടെ ആരോഗ്യ നില വഷളാവുകയായിരുന്നു.

Tags:    

Similar News