പത്ത് രൂപ നൽകിയാൽ കൊല്ലം നഗരത്തിൽ എത്തുന്ന ആർക്കും ഇനി പ്രഭാത ഭക്ഷണം കിട്ടും. കൊല്ലം ചിന്നക്കട ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഒരുക്കിയിരിക്കുന്ന പ്രത്യേക കൗണ്ടറില്‍ എത്തിയാല്‍ ഇഡലിയും ദോശയും അപ്പവും ഇടിയപ്പവും കറിയുമെല്ലാം 10 രൂപക്ക് കഴിച്ചു മടങ്ങാം. 'ഗുഡ്മോര്‍ണിങ് കൊല്ലം' എന്ന പേരിൽ കൊല്ലം കോര്‍പറേഷനാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം ചിന്നക്കട ബസ് ബേയിൽ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു.
ആദ്യഘട്ടത്തില്‍ 300 പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടുതല്‍ ആവശ്യക്കാരുണ്ടെങ്കില്‍ പ്രവർത്തനം വിപുലീകരിക്കും. ആശ്രാമത്തെ 'സ്‌നേഹിത' കുടുംബശ്രീ യൂണിറ്റിലെ സംരംഭക രജിതയാണ് രുചിക്കൂട്ടുകള്‍ ഒരുക്കുക. 2015 മുതല്‍ വിദ്യാലയങ്ങളില്‍ കുട്ടികളുടെ വിശപ്പകറ്റാന്‍ നടപ്പാക്കിവരുന്ന 'അമ്മമനസ്' പദ്ധതിയുടെയും കൊവിഡ് കാലത്ത് നടപ്പാക്കിത്തുടങ്ങിയ ജനകീയ ഹോട്ടലുകളുടെയും തുടർച്ചയാണ് 'ഗുഡ്മോര്‍ണിങ് കൊല്ലം' പദ്ധതിയും. പ്രഭാത ഭക്ഷണത്തിന് പുറമെ 20 രൂപയ്‌ക്ക് ഊണും ലഭിക്കും. സുഭിക്ഷ പദ്ധതി വഴിയാണ് ഉച്ചഭക്ഷണം നൽകുന്നത്.
