ഉള്ളി, സവാള, മുരിങ്ങ വില മുകളിലേക്ക്

  • ഡല്‍ഹിയിലും സവാള വില കുതിച്ചുയര്‍ന്നു
  • കോഴിക്കോട് ജില്ലയില്‍ ഒരു കിലോ മുരിങ്ങയ്ക്ക് 100 രൂപ
  • ഏറ്റവും കൂടുതല്‍ ഉള്ളി കൃഷി ചെയ്യുന്ന വടക്കന്‍ കര്‍ണാടക മേഖലയിലെ വരള്‍ച്ചയാണ് വിലക്കയറ്റത്തിന് കാരണം

Update: 2023-10-30 07:10 GMT

സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകിടം മറിച്ചുകൊണ്ട് പച്ചക്കറി വില ഉയരുന്നു. ഉള്ളി, സവാള, മുരിങ്ങ എന്നിവയുടെ വിലയിലാണു കുതിച്ചു ചാട്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ ഒരു കിലോ മുരിങ്ങയ്ക്ക് 100 രൂപയാണ് ഇന്നത്തെ (30-10-23) വില.

ഒരാഴ്ച മുന്‍പ് ചില്ലറ വിപണിയില്‍ കിലോയ്ക്ക് 30-35 രൂപ വിലയുണ്ടായിരുന്ന ഉള്ളി, സവാളയ്ക്കു വില ഇരട്ടിയിലധികമായി. എറണാകുളം മാര്‍ക്കറ്റില്‍ സവാള കിലോ 70 രൂപയാണ് ഇന്നത്തെ(30-10-23) വില. കോഴിക്കോട് ഇന്ന് (30-10-23) സവാള കിലോയ്ക്ക് 65 രൂപയാണ് വില. ബെംഗളുരുവില്‍ ഒരു കിലോ സവാളയ്ക്ക് ഈടാക്കുന്നത് 75 രൂപയാണ്. ഒരാഴ്ച മുമ്പ് ബെംഗളുരുവില്‍ 40-45 രൂപയ്ക്ക് വിറ്റിരുന്ന സവാളയാണ് 75 രൂപയിലെത്തിയത്.

ഏറ്റവും കൂടുതല്‍ ഉള്ളി കൃഷി ചെയ്യുന്ന വടക്കന്‍ കര്‍ണാടക മേഖലയിലെ വരള്‍ച്ചയാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്.

ആന്ധ്ര സംസ്ഥാനത്തെ ഉള്ളിയുടെ ഏറ്റവും വലിയ മൊത്ത വ്യാപാര വിപണികളിലൊന്നായ കര്‍നൂല്‍ അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റ് യാര്‍ഡില്‍ ദസറയ്ക്കു ശേഷം വില വര്‍ധിച്ചു. കഴിഞ്ഞയാഴ്ച 4,500 രൂപ വിലയുണ്ടായിരുന്ന ഒരു ക്വിന്റല്‍ ഉള്ളി ഇപ്പോള്‍ 5,500 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഒരാഴ്ചയ്ക്കിടെ ക്വിന്റലിന് 1,000 രൂപയാണു വര്‍ധിച്ചത്.

ഡല്‍ഹിയിലും സവാള വില കുതിച്ചുയര്‍ന്നു. കിലോയ്ക്ക് 70 രൂപയാണ് ഡല്‍ഹിയിലെ വില.

സവാളയുടെയും ഉള്ളിയുടെയും വില വരും ദിവസങ്ങളില്‍ കിലോ 100 രൂപയിലെത്തുമെന്നാണു വ്യാപാരികള്‍ പറയുന്നത്.

Tags:    

Similar News