സൈനിക കേന്ദ്രങ്ങളിലേക്ക് പാക് ആക്രമണം; തകര്‍ത്തെറിഞ്ഞ് ഇന്ത്യ

  • ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ തകര്‍ത്തു
  • ഇന്ത്യ ലക്ഷ്യമിട്ടത് സൈനിക കേന്ദ്രങ്ങളെ മാത്രം

Update: 2025-05-08 11:33 GMT

ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍. കഴിഞ്ഞ രാത്രിയില്‍ നടന്ന മിസൈലാക്രണം ഇന്ത്യ ആയുധങ്ങള്‍ നിലംതൊടും മുമ്പ് നിര്‍വീര്യമാക്കി. തിരിച്ചടിച്ച ഇന്ത്യ ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. സൈനിക കേന്ദ്രങ്ങളെ കൃത്യമായി ലക്ഷ്യം വച്ചും സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കാതെയും തിരിച്ചടിച്ചതായി ഇന്ത്യന്‍ സായുധ സേന അറിയിച്ചു.

വ്യാഴാഴ്ച രാവിലെ ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനിലെ നിരവധി സ്ഥലങ്ങളില്‍ വ്യോമ പ്രതിരോധ റഡാറുകളെയും അനുബന്ധ സംവിധാനങ്ങളെയും ലക്ഷ്യം വച്ചിരുന്നു.'ഓപ്പറേഷന്‍ സിന്ദൂര'ത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പാക്കിസ്ഥാന്റെ അതേ തീവ്രതയോടെയാണ് ഇന്ത്യ പ്രതികരിച്ചത്.

അവന്തിപുര, ശ്രീനഗര്‍, ജമ്മു, അമൃത്സര്‍, ലുധിയാന, ഭുജ് എന്നിവയുള്‍പ്പെടെ വടക്കന്‍, പടിഞ്ഞാറന്‍ ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളിലാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്താന്‍ ശ്രമിച്ചത്. ഇതിനെത്തുടര്‍ന്നാണ് തിരിച്ചടി.

ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള പാക് ആക്രമണം ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് പരാജയപ്പെടുത്തി. ആക്രമണത്തിന്റെ തെളിവായി ബാധിത പ്രദേശങ്ങളില്‍ നിന്ന് അവശിഷ്ടങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

വ്യോമാക്രമണങ്ങള്‍ക്ക് പുറമേ, പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള പ്രകോപനം വര്‍ധിപ്പിക്കുകയും നിയന്ത്രണ രേഖയില്‍ (എല്‍ഒസി) കനത്ത വെടിവയ്പ്പ് നടത്തുകയും ചെയ്തു. ജമ്മു കശ്മീരിലെ കുപ്വാര, ബാരാമുള്ള, ഉറി, പൂഞ്ച്, മെന്ദാര്‍, രജൗറി എന്നിവ ആക്രമണത്തിന് ഇരയായ മേഖലകളില്‍ ഉള്‍പ്പെടുന്നു.

പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 16 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

Tags:    

Similar News