2022 ൽ മന്ത്രിമാരുടെ ശമ്പളം വർധിച്ചത് 51 ശതമാനം; പേഴ്‌സണൽ സ്റ്റാഫും പുറകിലല്ല

  • മന്ത്രിമാരുടെ മൊത്തം പ്രതിഫലം 2021 സാമ്പത്തിക വർഷത്തിൽ 1.97 കോടി രൂപയിൽ നിന്ന് 2022 ൽ 2.98 കോടി രൂപയായി ഉയർന്നു.
  • കേരളത്തിലെ എംപിമാർക്കുള്ള പേഴ്‌സണൽ സ്റ്റാഫിന്റെ ശമ്പളത്തിനും അലവൻസുകൾക്കുമായി സംസ്ഥാനം ചെലവാക്കിയത് 3.10 കോടി രൂപ.

Update: 2022-12-12 07:30 GMT

തിരുവനന്തപുരം: സമൂഹത്തിന്റെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച നമ്മുടെ മന്ത്രിമാരും എം.എൽ.എ.മാരും അവരുടെ സേവനങ്ങൾക്ക് എങ്ങനെ പ്രതിഫലം വാങ്ങുന്നുവെന്ന് അറിയുന്നത് രസകരമായിരിക്കും.

ഈ വർഷം കേരളത്തിലെ മന്ത്രിമാരുടെ ശമ്പളം മുൻ വർഷത്തേക്കാൾ പകുതിയിലധികം (51.27 ശതമാനം) വർദ്ധിച്ചതായാണ് കണക്കുകൾ വെളിവാക്കുന്നത്. അവരുടെ മൊത്തം പ്രതിഫലം 2021 സാമ്പത്തിക വർഷത്തിൽ 1.97 കോടി രൂപയിൽ നിന്ന് 2022 ൽ 2.98 കോടി രൂപയായി ഉയർന്നു.

ഓർക്കുക, ഇത് കേവല ശമ്പളമാണ്.

കേരളത്തിലെ അക്കൗണ്ടന്റ് ജനറലിന്റെ (എജി) ഓഫീസുമായി അടുത്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഈ കാലയളവിൽ മന്ത്രിമാരുടെയും ചീഫ് വിപ്പിന്റെയും പ്രതിപക്ഷ നേതാവിന്റെയും സ്വന്തം ചെലവ് 5.27 കോടി രൂപയിൽ നിന്ന് 6.10 കോടി രൂപയായി ഉയർന്നു.

എന്നിരുന്നാലും, പ്രസ്തുത കാലയളവിൽ മന്ത്രിമാരുടെ യാത്ര ചെലവ് 1.95 കോടി രൂപയിൽ നിന്ന് 1.80 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനായി 21-22 കാലയളവിൽ സംസ്ഥാനം 4.36 കോടി രൂപ ചെലവഴിച്ചു, മുൻവർഷത്തെ 2.57 കോടി രൂപയെക്കാൾ 70 ശതമാനം വർധനവാണിത്.

2021-22 കാലയളവിൽ മറ്റ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് ചെലവിടാൻ സർക്കാർ ഖജനാവിൽ നിന്ന് മൊത്തം 44.62 കോടി രൂപ അനുവദിച്ചു; ഇത് മുൻ വർഷത്തെ 28.33 കോടി രൂപ അപേക്ഷിച്ച് 57.50 ശതമാനം വർധനവാണ്.

കേരളത്തിലെ എംപിമാർക്കുള്ള പേഴ്‌സണൽ സ്റ്റാഫിന്റെ ശമ്പളത്തിനും അലവൻസുകൾക്കുമായി സംസ്ഥാനം നടത്തിയ ചെലവ് 20-21 ൽ 2.35 കോടി രൂപയിൽ നിന്ന് 21-22 ൽ 3.10 കോടി രൂപയായി വർധിച്ചു.

എം‌എൽ‌എമാരുടെ ശമ്പളവും അലവൻസുകളും നിയമസഭയുടെ മറ്റ് ചെലവുകളും കൂടി 21-22 ൽ മുൻ വർഷത്തെ 17.13 കോടി രൂപയിൽ നിന്ന് 20.67 കോടി രൂപയായി.

അവലോകന കാലയളവിൽ എംഎൽഎമാരുടെ അധിക ജീവനക്കാരുടെ പ്രതിഫലം 5.47 കോടി രൂപയിൽ നിന്ന് 4.71 കോടി രൂപയായി കുറഞ്ഞപ്പോൾ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവരുടെ വീട്ടുചെലവ് വർഷത്തിൽ 21 ലക്ഷം രൂപയിൽ നിന്ന് 23 ലക്ഷം രൂപയായി ഉയർന്നു.

അംഗങ്ങൾക്കുള്ള അലവൻസുകൾ

നിയമസഭയിലെ അംഗങ്ങളുടെ പ്രതിമാസ അലവൻസുകൾ എല്ലാംകൂടി ചുരുങ്ങിയത് 70,000 രൂപ വരെ ആയിട്ടുണ്ട്. അവയിൽ പ്രതിമാസ ഫിക്സഡ് അലവൻസ് (2000 രൂപ); നിയോജക മണ്ഡലം അലവൻസ് (25,000 രൂപ); ടെലിഫോൺ അലവൻസ് (11,000 രൂപ); ഇൻഫർമേഷൻ അലവൻസ് (4,000 രൂപ); മറ്റ്‌ അലവൻസകൾ (8,000 രൂപ); മിനിമം യാത്ര ബത്ത (20,000 രൂപ) എന്നിവ ഉൾപ്പെടുന്നു; .

ഇവയെല്ലാം കൂടി ഒരു വർഷം 10 കോടി രൂപയിലധികം എല്ലാ അംഗങ്ങൾക്കുമായി വരുമെന്നാണ് കണക്കുകൾ പറയുന്നത്.

Tags:    

Similar News