ഇന്‍ഷുറന്‍സ് പ്രൊപ്പോസല്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

  • ഇന്‍ഷുറന്‍സ് ഒരു കരാര്‍ ആയതിനാല്‍ പ്രൊപ്പോസല്‍ ഫോം വളരെ ശ്രദ്ധയോടെ വേണം പൂരിപ്പിക്കാന്‍

Update: 2023-03-17 10:15 GMT

വിശ്വനാഥന്‍ ഓടാട്ട് -ലേഖകന്‍

വിവിധതരം പോളിസികള്‍ക്ക് വ്യത്യസ്തങ്ങളായ പ്രൊപ്പോസല്‍ ഫോമുകളാണുള്ളത്. അടിസ്ഥാന രേഖയായ പ്രൊപ്പോസല്‍ ഫോമില്‍ എഴുതിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ക്ലെ യിം തീര്‍പ്പാക്കുന്നത്. ലൈഫ് ഇന്‍ഷുറന്‍സില്‍ ഒരു വ്യക്തിയുടെ കാര്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതായത് വയസ്സ്, നിലവിലുള്ള അസുഖങ്ങള്‍, മുന്‍പ് ഉണ്ടായിട്ടുള്ള അസുഖങ്ങള്‍, ചികിത്സകള്‍, നിലവിലുള്ള പോളിസികള്‍, വരുമാനം, മദ്യപാന ശീലം, പുകവലി, കുടുംബത്തിലെ അടുത്ത ബന്ധുക്കളുടെ വിവരങ്ങള്‍ എന്നിങ്ങനെ പട്ടിക നീണ്ടുപോകുന്നു. ഭാവിയില്‍ ഇന്‍ഷുര്‍ ചെയ്യുന്ന വ്യക്തിക്കോ, കുടുംബാംഗങ്ങള്‍ക്കോ ആശയകുഴപ്പം ഉണ്ടാകാതിരിക്കാന്‍ എല്ലാ ചോദ്യങ്ങള്‍ക്കും സത്യസന്ധമായി ഉത്തരം നല്‍കിയിരിക്കണം.

പൂരിപ്പിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നോക്കണം

പ്രീമിയം അലോക്കേഷന്‍, വിവിധയിനം ചാര്‍ജ്ജുകള്‍, ആനുകൂല്യങ്ങള്‍ എന്നിവയുടെ വിശദ വിവരങ്ങള്‍ ഇന്‍ഷുര്‍ ചെയ്യുന്ന വ്യക്തി സശ്രദ്ധം പൂരിപ്പിച്ച് ഒപ്പിട്ടു നല്‍കേണ്ടതാണ്. കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ ഇത് സഹായകരമാകും. പരസ്പരവിശ്വാസം ഏതുതരം കോണ്‍ട്രാക്ടിനും അനിവാര്യമാണെന്ന് പറയേണ്ടതില്ലല്ലോ. അതിനാല്‍ ഇന്‍ഷുര്‍ ചെയ്യുന്നത് വസ്തുവഹകളുടെ പേരിലായാലും വ്യക്തിയുടെ പേരിലായാലും, ഇന്‍ഷുറന്‍സ് കമ്പനിയെ സത്യസന്ധമായും വസ്തുനിഷ്ഠമായും കാര്യങ്ങള്‍ അറിയിക്കേണ്ടത് ഉപഭോക്താവിന്റെ കടമയാണ്. എങ്കില്‍ മാത്രമേ റിസ്‌കിനെക്കുറിച്ച് വിശദമായി അറിയാനും, അതിനര്‍ഹമായ പ്രീമിയം തുക നിശ്ചയിക്കാനും കഴിയുകയുള്ളൂ. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പോളിസി യോടൊപ്പം പ്രൊപ്പോസല്‍ ഫോമിന്റെ കോപ്പിയും ഉപഭോക്താവിന് നല്‍കുന്നത് സാധാരണയാണ്.

എന്തൊക്കെ വ്യത്യാസങ്ങള്‍?

ജനറല്‍ ഇന്‍ഷുറന്‍സില്‍, ഇന്‍ഷുര്‍ ചെയ്യുന്ന തുക, ഇന്‍ഷുര്‍ ചെയ്യുന്ന വസ്തുവിന്റെ ഉപയോഗം, കാലപ്പഴക്കം, മുന്‍പ് ഉണ്ടായ ക്ലെയിം അഥവാ നാശനഷ്ടങ്ങളുടെ കണക്കുകള്‍ എന്നിവയ്ക്കു പുറമെ, ഉപയോഗിക്കുന്ന വസ്തുക്കളുടെ വിശദ വിവരങ്ങളും നല്‍കിയിരിക്കണം.

മെഡിക്ലെയിം പോളിസിയില്‍ പ്രായം, നിലവിലുള്ള അസുഖങ്ങള്‍ എന്നിവയ്ക്കാണു പ്രാധാന്യം കൊടുക്കുന്നതെങ്കില്‍, വ്യക്തിഗത അപകട ഇന്‍ഷുറന്‍സില്‍ വരുമാനത്തിനും, ജോലി അഥവാ പ്രവൃത്തിക്കുമാണു പ്രാധാന്യം നല്‍കുന്നത്. പ്രൊപ്പോസല്‍ ഫോം ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കി, പൂരിപ്പിച്ചശേഷം ഒപ്പും, തീയതിയും ഇട്ട് കമ്പനിയെ ഏല്‍പ്പിക്കുക, പ്രീമിയം തുക ഇന്‍ഷുറന്‍സ് കമ്പനിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണം.

പ്രൊപ്പോസല്‍ ഫോമിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോളിസി ഡോക്യുമെന്റ് തയ്യാറാക്കുന്നത്. ഒരു ക്ലെയിം വരുന്നസമയത്തായിരിക്കും പലപ്പോഴും ഏതെല്ലാം റിസ്‌കുകളാണ് ഇന്‍ഷുര്‍ ചെയ്തിരിക്കുന്നതെന്നു പലരും പരിശോധിക്കുക. ഇന്‍ഷുറന്‍സ് കമ്പനിയും ഉപഭോക്താ വിനോട് ബാധ്യതയുള്ളവരാണ്. പോളിസിയുടെ വിശദ വിവരങ്ങള്‍, കവര്‍ ചെയ്യുന്ന റിസ്‌കുകള്‍, അനുബന്ധ ചാര്‍ജ്ജുകള്‍, പ്രീമിയം നിരക്ക്, കവര്‍ ചെയ്യാത്ത റിസ്‌കുകള്‍, പോളിസി എക്സസ് തുടങ്ങിയ കാര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വിവരിച്ചു കൊടുക്കേണ്ടത് കമ്പനിയുടെ ഉത്തരവാദിത്വമാണ്. ഒരു കാരണവശാലും തെറ്റായ വിവരങ്ങള്‍ ഉപഭോക്താവിന് നല്‍കാന്‍ പാടുള്ളതല്ല.

എന്തിന് ഇന്‍ഷുറന്‍സ്?

ജീവിതത്തില്‍ പലപ്പോഴും സമ്പത്തും, ആപത്തും, സുഖവും, ദു:ഖവും, പുരോഗതിയും, പ്രതിസ ന്ധിയും, അപകടങ്ങളും അസുഖങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. ജീവിതത്തിന്റെ നല്ല സമയങ്ങളില്‍ ഭാവികാര്യങ്ങളെക്കുറിച്ച് യഥാവിധി തീരുമാനങ്ങള്‍ സ്വീകരിച്ച് ചിലവുകള്‍ നിയന്ത്രിച്ചാല്‍ താളപ്പിഴകള്‍ ഒഴിവാകും. അല്ലാത്തപക്ഷം സ്വപ്നങ്ങള്‍ സഫലമാക്കാന്‍ കഴിയാതെ ജീവിതത്തില്‍ പരാജയം ഏറ്റുവാങ്ങേണ്ട അവസ്ഥയും വന്നുചേരാം.

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, വരുമാന സ്രോതസ്സിന്റെ അടിസ്ഥാനത്തില്‍, സാമ്പത്തിക ആസൂത്രണങ്ങള്‍ സമയോചിതമായി, സശ്രദ്ധം ചെയ്തിരിക്കേണ്ടത് അവശ്യം വേണ്ട കാര്യമാണ്. വിവാഹാനന്തരം അണുകുടുംബ വ്യവസ്ഥിതിയില്‍ ജീവിക്കുമ്പോള്‍ ഉത്തരവാദിത്വങ്ങള്‍ കൂടിവരു ന്നത് സ്വാഭാവികമാണ്. കുട്ടികളുടെ വിദ്യാഭ്യാസം ഈ കാലഘട്ടത്തില്‍ പരമപ്രധാനമായ ഒന്നാ ണ്. ഉന്നത വിദ്യാഭ്യാസം നല്ലനിലയില്‍ പൂര്‍ത്തീകരിക്കണമെന്നുണ്ടെങ്കില്‍ ഇന്ന് വലിയ തുക ചെലവഴിക്കണം. വീട്ടില്‍ സ്ഥിരവരുമാനമുള്ള ഏക വ്യക്തിയാണെന്ന് ഉണ്ടെങ്കില്‍ നിര്‍ബന്ധമായും ഇന്‍ഷുറന്‍സ് സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചേ മതിയാകൂ.

ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ചേക്കാവുന്ന അപകടങ്ങള്‍, മാരകരോഗങ്ങള്‍ എന്നിവ തടഞ്ഞു നിര്‍ത്താന്‍ സാധ്യമല്ല. തന്‍മൂലം സാമ്പത്തിക ബാധ്യതകള്‍ കൂടി വരികയും, ജീവിതം അവതാളത്തിലാകുകയും ചെയ്തേ ക്കാം. മനുഷ്യജീവന് അമൂല്യമാണ്. റിസ്‌കുകള്‍ അഥവാ ആപത്തുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനാവുന്നതല്ല. ആയതിനാല്‍ അവ പൂര്‍ണ്ണമായും സംരക്ഷണം ചെയ്യുന്ന തരത്തിലുള്ള ഇന്‍ഷുറന്‍സ് പാക്കേജുകള്‍ തിരഞ്ഞെടുത്ത് ഭാവി സുരക്ഷിതമാക്കുക എന്നത് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

ഏത് ഇന്‍ഷുറന്‍സ് വേണം, എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം എന്നതിനെക്കുറിച്ചുള്ള ആശങ്ക സ്വാഭാവികമായും ഉണ്ടാകാവുന്നതാണ്. ഭാവിയില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം തീരുമാനമെടുക്കേണ്ടത്. വ്യക്തിയുടെ വരുമാനം, പ്രായം, ബാധ്യത എന്നീ കാര്യങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ തിരഞ്ഞെടു ക്കുന്ന തുക ഓരോ വ്യക്തിയുടെയും സാമ്പത്തിക സ്ഥിതിയുമായി ഇണങ്ങുന്നതായിരിക്കണം. ഒരാളുടെ വരുമാനം, ജോലി, പദവി, വയസ്സ്, ആശ്രിതരായ കുടുംബാംഗോള്‍, ചിലവ്, മിച്ചം, കടബാധ്യത എന്നിവയെ അടിസ്ഥാനപ്പെടുത്തി വേണം ഇന്‍ഷുര്‍ ചെയ്യുവാന്‍.

Tags:    

Similar News