സെലിബിക്കു പിന്നാലെ അസിസ്ഗാര്‍ഡും; ടര്‍ക്കി കമ്പനികള്‍ നടപടി നേരിടുന്നു
- ഭോപ്പാല്‍, ഇന്‍ഡോര്‍ മെട്രോ പദ്ധതികളില്‍ സാന്നിധ്യമുള്ള കമ്പനിയാണ് അസിസ്ഗാര്‍ഡ്
- 230 കോടിയുടെ കരാറാണ് കമ്പനിക്കുള്ളത്
- ഇന്ത്യക്കെതിരെ പാക്‌സേന ഉപയോഗിച്ച സോംഗര്‍ ഡ്രോണുകള്‍ നിര്‍മിക്കുന്നത് ഈ കമ്പനിയാണ്
സുരക്ഷാ കാരണങ്ങളാല്‍ തുര്‍ക്കി വ്യോമയാന ഭീമനായ സെലിബിയുടെ അനുമതി ദിവസങ്ങള്‍ക്കുമുമ്പ് ഇന്ത്യ പിന്‍വലിച്ചിരുന്നു. ഈ നടപടിക്ക് തൊട്ടുപിറകേ മറ്റൊരു ടര്‍ക്കിഷ് കമ്പനിയായ അസിസ്ഗാര്‍ഡും നടപടി നേരിടുന്നു.
ഭോപ്പാല്‍, ഇന്‍ഡോര്‍ മെട്രോ പദ്ധതികളില്‍ ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ സിസ്റ്റങ്ങള്‍ക്കായി 230 കോടിയുടെ കരാര്‍ കൈവശം വച്ചിരിക്കുന്ന കമ്പനിയാണ് അസിസ്ഗാര്‍ഡ്. ഓപ്പറേഷന്‍ സിന്ദൂരിനിടെ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ ഉപയോഗിച്ച സോംഗര്‍ ഡ്രോണുകളുടെ നിര്‍മ്മാതാവ് കൂടിയാണ് അസിസ്ഗാര്‍ഡ്.
അങ്കാറ ആസ്ഥാനമായുള്ള അസിസ്ഗാര്‍ഡ് വികസിപ്പിച്ചെടുത്ത ഈ സോംഗര്‍ ഡ്രോണുകള്‍, മെഷീന്‍ ഗണ്‍, ഗ്രനേഡ് ലോഞ്ചറുകള്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് യുദ്ധ പേലോഡുകള്‍ എന്നിവ ഉപയോഗിച്ച് സജ്ജീകരിക്കാന്‍ കഴിവുള്ളതാണ്.തുര്‍ക്കി സൈന്യമാണ് തുടക്കത്തില്‍ ഇവ വിന്യസിച്ചിരുന്നത്. എന്നാല്‍ ഇവ വാര്‍ത്തകളിലിടം നേടിയത് ഇന്ത്യക്കെതിരായ ആക്രമണത്തിലൂടെയാണ്. പാക്കിസ്ഥാന്‍ അയച്ച 400 ഓളം ഡ്രോണുകള്‍ ഇന്ത്യ വെടിവെച്ചിട്ടിരുന്നു.
ഈ ഡ്രോണുകള്‍ ലക്ഷ്യമിട്ട 36 സ്ഥലങ്ങളില്‍ ലേ മുതല്‍ സര്‍ ക്രീക്ക് വരെ നീളുന്ന പ്രധാന സൈനിക താവളങ്ങളും സിവിലിയന്‍ സ്ഥലങ്ങളും ഉള്‍പ്പെടുന്നു. ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ ഡ്രോണ്‍ ആക്രമണത്തിന് ശ്രമിച്ചതാണ്.
ഭട്ടിന്‍ഡ സൈനിക കേന്ദ്രം, റഡാര്‍ സംവിധാനങ്ങള്‍, പഞ്ചാബിലെയും ജമ്മു കശ്മീരിലെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയായിരുന്നു മറ്റ് ലക്ഷ്യങ്ങള്‍.
ഇപ്പോള്‍, ആ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, അതേ ഡ്രോണ്‍ നിര്‍മ്മാതാവിനെ ഇന്ത്യന്‍ അടിസ്ഥാന സൗകര്യ പദ്ധതികളിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
മധ്യപ്രദേശ് കാബിനറ്റ് മന്ത്രി കൈലാഷ് വിജയവര്‍ഗിയ അസിസ്ഗാര്‍ഡിന്റെ പങ്കിനെക്കുറിച്ച് പൂര്‍ണ്ണമായ അന്വേഷണത്തിന് ഉത്തരവിടുകയും ഉടനടി നടപടിയെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
'കമ്പനിക്ക് ഇന്ത്യാ വിരുദ്ധ ഘടകങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടെന്നോ അല്ലെങ്കില്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയുടെ സുരക്ഷയ്ക്കെതിരെ ഉപയോഗിച്ചിട്ടുണ്ടെന്നോ കണ്ടെത്തിയാല്‍, കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിക്കും,' അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂരിലും പഹല്‍ഗാം ഭീകരാക്രമണത്തിലും തുര്‍ക്കി പാക്കിസ്ഥാനെ പരസ്യമായി പിന്തുണച്ചതിനെത്തുടര്‍ന്ന് സുരക്ഷാ അനുമതി റദ്ദാക്കിയ സെലിബി എയര്‍പോര്‍ട്ട് സര്‍വീസസിനുശേഷം അന്വേഷണം നേരിടുന്ന ടര്‍ക്കി കമ്പനിയാണ് അസിസ്ഗാര്‍ഡ്.
ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവയുള്‍പ്പെടെ ഒമ്പത് പ്രധാന വിമാനത്താവളങ്ങളിലെ സെലിബിയുടെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ഇന്ത്യന്‍ കമ്പനികള്‍ക്ക് മാറ്റിനല്‍കി.10,000-ത്തിലധികം ജീവനക്കാരെ സ്ഥലം മാറ്റി, കമ്പനിയുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിക്കളയുകയും ചെയ്തിരുന്നു.
