ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ കൊല്‍ക്കത്തയില്‍
- ദുര്‍ഗാപൂജാ പന്തല്‍ ഉദ്ഘാടനം ചെയ്യും
- മമതാ ബാനര്‍ജിയുയുമായി കൂടിക്കാഴ്ച
- കൊല്‍ക്കത്തയിലേക്കുള്ള റൊണാള്‍ഡീഞ്ഞോയുടെ ആദ്യ യാത്ര
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ ഞായറാഴ്ച കൊല്‍ക്കത്തയിലെത്തി. വിമാനത്താവളത്തിന് പുറത്ത് ആരാധകർ ആവേശഭരിതമായ സ്വീകരണമാണ് അദ്ദേഹത്തിനു നല്കിയിത്. അദ്ദേഹമെത്തുന്നതിനു മണിക്കൂറുകള്‍ മുന്നേ വിമാനത്താവളത്തില്‍ അനവധി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
താരം കൊല്‍ക്കത്തയില്‍ നിരവധി പരിപാടികളില്‍ പങ്കെടുക്കുകയും ഒരു ദുര്‍ഗാ പൂജ പന്തല്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്യും. മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.
പെലെ, ഡീഗോ മറഡോണ, ലയണല്‍ മെസ്സി എന്നിവരുള്‍പ്പെടെ നിരവധി ഫുട്‌ബോള്‍ ഇതിഹാസങ്ങളെ സ്വാഗതം ചെയ്ത ഫുട്‌ബോള്‍ നഗരത്തിലേക്കുള്ള മുന്‍ ബാലണ്‍ ഡി ഓര്‍ ജേതാവിന്റെ ആദ്യ സന്ദര്‍ശനമാണിത്.
ഈ മാസം ആദ്യം, 2005 ബാലണ്‍ ഡി ഓര്‍ ജേതാവ് കൊല്‍ക്കത്ത സന്ദര്‍ശിക്കാനുള്ള തന്റെ പദ്ധതി ഫേസ്ബുക്കില്‍ പ്രഖ്യാപിച്ചു. ആ സന്ദേശത്തില്‍, തന്റെ സന്ദര്‍ശനത്തിന്റെ കാരണം വിശദീകരിക്കുകയും താന്‍ ശ്രീഭൂമി സ്പോര്‍ട്ടിംഗ് ക്ലബ് സന്ദര്‍ശിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
'എല്ലാവര്‍ക്കും ഹലോ, ഈ ഒക്ടോബര്‍ പകുതിയോടെ ഞാന്‍ കൊല്‍ക്കത്തയിലേക്കുള്ള എന്റെ ആദ്യ യാത്ര നടത്തും. മെര്‍ലിന്‍ റൈസില്‍ കുട്ടികളുമായി സംവദിക്കും. ആര്‍10 ഫുട്‌ബോള്‍ അക്കാദമി സന്ദര്‍ശിക്കുകയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും. ശ്രീ ഭൂമി സ്പോര്‍ട്ടിംഗ്, അഹിര്‍ത്തോള യുവക് ബ്രിന്ദോ, ബരുയിപൂര്‍, ഗ്രീന്‍ പാര്‍ക്ക്, റിഷ്റ എന്നിവ സന്ദര്‍ശിച്ച് ദുര്‍ഗ്ഗാപൂജ ആഘോഷങ്ങളില്‍ പങ്കെടുക്കും' റൊണാള്‍ഡീഞ്ഞോ ഫേസ്ബുക്കില്‍ കുറിച്ചു.
ഇത്തവണ ബംഗാളില്‍ നിന്ന് ക്രിക്കറ്റ് പഠിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2004-ലും 2005-ലും ഫിഫയുടെ വേള്‍ഡ് പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു, 2002-ല്‍ ബ്രസീലിനൊപ്പം ലോകകപ്പും 2006-ല്‍ ബാഴ്സലോണയ്ക്കൊപ്പം ചാമ്പ്യന്‍സ് ലീഗും നേടി.
