മസ്‌കിന് രാഷ്ട്രീയ അഭയം വാഗ്ദാനം ചെയ്ത് റഷ്യ

ട്രംപ്-മസ്‌ക് പോര് മുറുകുന്ന സാഹചര്യത്തിലാണ് ഈ വാഗ്ദാനം

Update: 2025-06-07 09:51 GMT

ടെസ്ല മേധാവിക്ക് റഷ്യയില്‍ രാഷ്ട്രീയ അഭയം തേടാമെന്ന് റഷ്യ. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും എലോണ്‍ മസ്‌കും തമ്മിലുള്ള പോര് മുറുകുന്നതിനിടയില്‍ ഡ്യുമ കമ്മിറ്റിയുടെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ നിയമസഭാംഗം ദിമിത്രി നോവിക്കോവ് ആണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

'മസ്‌കിന് തികച്ചും വ്യത്യസ്തമായ ഒരു തന്ത്രമുണ്ടെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന് ഒരു രാഷ്ട്രീയ അഭയവും ആവശ്യമില്ല. എങ്കിലും, അദ്ദേഹത്തിന് രാഷ്ട്രീയ അഭയം ആവശ്യമെങ്കില്‍, തീര്‍ച്ചയായും റഷ്യയ്ക്ക് അത് നല്‍കാന്‍ കഴിയും,' സ്റ്റേറ്റ് ഡുമ കമ്മിറ്റി ഓണ്‍ ഇന്റര്‍നാഷണല്‍ അഫയേഴ്സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി നോവിക്കോവ് പറഞ്ഞതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് പറഞ്ഞു.

വൈറ്റ് ഹൗസ് മുന്‍ തന്ത്രജ്ഞനും ടെസ്ല നിരൂപകനുമായ സ്റ്റീവ് ബാനന്‍ എലോണ്‍ മസ്‌കിനെ 'ഒരു നിയമവിരുദ്ധ വിദേശി' എന്ന് വിളിക്കുകയും അദ്ദേഹത്തെ അമേരിക്കയില്‍ നിന്ന് നാടുകടത്തണമെന്ന് പറയുകയും ചെയ്തതിന് പിന്നാലെയാണിത്. മസ്‌കിന്റെ കമ്പനിയായ സ്പേസ് എക്സ് പിടിച്ചെടുക്കണമെന്ന് ബാനന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, തര്‍ക്കത്തെക്കുറിച്ച് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അഭിപ്രായം പറയാന്‍ വിസമ്മതിച്ചു.  

Tags:    

Similar News