ദ്രാവിഡ് തുടര്‍ന്നേക്കില്ല: വിവിഎസ് ലക്ഷ്മണ്‍ പുതിയ പരിശീലകനാകും

2021 നവംബറിലാണ് ടീം ഇന്ത്യയുടെ പരിശീലക സ്ഥാനം ദ്രാവിഡ് ഏറ്റെടുത്തത്

Update: 2023-11-23 06:32 GMT

ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡ് തുടര്‍ന്നേക്കില്ലെന്നു സൂചന. 2023 നവംബര്‍ 19ന് ഐസിസി ലോകകപ്പ് ഫൈനലോടെ ദ്രാവിഡിന്റെ പരിശീലക സ്ഥാനത്തിന്റെ കരാര്‍ കാലാവധി അവസാനിച്ചതിന്റെ പശ്ചാത്തലത്തിലാണിത്.

പുതിയ പരിശീലകനായി വിവിഎസ് ലക്ഷ്മണ്‍ ചുമതലയേല്‍ക്കുമെന്നും സൂചനയുണ്ട്.

പരിശീലകനായി രണ്ട് വര്‍ഷത്തെ കരാറായിരുന്നു രാഹുല്‍ ദ്രാവിഡിന് ബിസിസിഐയുമായി ഉണ്ടായിരുന്നത്. ഇതാണ് ലോകകപ്പ് ടൂര്‍ണമെന്റോടെ അവസാനിച്ചത്. പരിശീലകനായി ഇനി തുടരാനില്ലെന്നു ദ്രാവിഡ് ബിസിസിഐ അറിയിച്ചതായിട്ടാണു സൂചന.

2021 നവംബറിലാണ് ടീം ഇന്ത്യയുടെ പരിശീലക സ്ഥാനം ദ്രാവിഡ് ഏറ്റെടുത്തത്.

പുതിയ റോളിലെത്തുമെന്നു പറയപ്പെടുന്ന വിവിഎസ് ലക്ഷ്മണ്‍ ഇപ്പോള്‍ ബെംഗളുരുവിലെ ബിസിസിഐയുടെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലകനാണ്.

പുതിയ സ്ഥാനത്തേയ്ക്ക് വരാന്‍ ലക്ഷ്മണ്‍ താല്‍പര്യം പ്രകടിപ്പിച്ചതായിട്ടാണു സൂചന. ലോകകപ്പ് ടൂര്‍ണമെന്റിനിടെ ഇക്കാര്യം

ബിസിസിഐയുടെ ഉന്നത മേധാവികളുമായി ചര്‍ച്ച ചെയ്യാന്‍ ലക്ഷ്മണ്‍ അഹമ്മദാബാദിലേക്കു പോയിരുന്നു.

ടീം ഇന്ത്യയുടെ പരിശീലകനാകാന്‍ ബിസിസിഐയുമായി ദീര്‍ഘകാല കരാറില്‍ ലക്ഷ്മണ്‍ ഒപ്പുവെക്കാനും സാധ്യതയേറിയിട്ടുണ്ട്. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടീം ഇന്ത്യയ്‌ക്കൊപ്പം ലക്ഷ്മണ്‍ പരിശീലകനായി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 10നാണ് ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ആദ്യ ടി20 മത്സരം.

ഡിസംബര്‍ 4ന് ടീം യാത്ര തിരിക്കും.

Tags:    

Similar News