പുതിയ ശീതയുദ്ധം ഒഴിവാക്കാന്‍ സഹായിക്കണം; ഫ്രാന്‍സിനോട് ചൈന
- ഇരു രാജ്യങ്ങളും പരസ്പര ആനുകൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ഫ്രാന്‍സിനോട് ചൈന
- ബെയ്ജിംഗ് സാമ്പത്തിക അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് യൂറോപ്പിനെ ബോധിപ്പിക്കാന്‍ ശ്രമം
- യൂറോപ്പില്‍ ത്രിരാഷ്ട്ര സന്ദര്‍ശനത്തിലാണ് ഷി
പുതിയ ശീതയുദ്ധം ഒഴിവാക്കാന്‍ സഹായിക്കണമെന്ന് ഫ്രാന്‍സിനോട് ചൈന. യുഎസിന്റെ ആശങ്കകളുമായി യൂറോപ്യന്‍ യൂണിയന്‍ കൂടുതലായി യോജിച്ചുനില്‍ക്കുന്നതിനാല്‍ ഫ്രാന്‍സ് ഇതിന് മുന്‍കൈയ്യെടുക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് പറഞ്ഞു.
ഇരു രാജ്യങ്ങളും പരസ്പര ആനുകൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും വിതരണ ശൃംഖലകളുടെ വിഘടിപ്പിക്കലിനെ എതിര്‍ക്കണമെന്നും ഷി ആവശ്യപ്പെട്ടിട്ടുണ്ട്. യൂറോപ്യന്‍ സന്ദര്‍ശനത്തിലാണ് ഷി ജിന്‍പിംഗ്. ഫ്രാന്‍സിനുശേഷം ഷി സെര്‍ബിയയിലേക്കും ഹംഗറിയിലേക്കും പോകും.
ബെയ്ജിംഗ് സാമ്പത്തിക അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് യൂറോപ്യന്‍രാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ ഷിയുടെ ഫ്രഞ്ച് സന്ദര്‍ശനം സഹായിക്കുമെന്ന് ചൈന കരുതുന്നു. കാരണം ചൈനാവിഷയത്തില്‍ യൂറോപ്പ് ഏകകണ്ഠമല്ല.
ചൈന-യൂറോപ്യന്‍ യൂണിയന്‍ സാമ്പത്തിക, വ്യാപാര സഹകരണം വളരെ വലുതാണ്. അതിനിടെ കുലുക്കങ്ങളും ചതവുകളും അനിവാര്യമാണ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന പത്രമായ പീപ്പിള്‍സ് ഡെയ്ലി എഴുതി. യൂറോപ്യന്‍ യൂണിയനുമായുള്ള ആശയവിനിമയവും ഏകോപനവും ശക്തിപ്പെടുത്താനും സഹകരണം പ്രോത്സാഹിപ്പിക്കാനും അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനും ചൈന തയ്യാറാണ്. ബെയ്ജിംഗിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഈ നിലയില്‍ നയരൂപീകരണത്തിന് അവരെ പ്രേരിപ്പിക്കുന്നത്. യൂറോപ്പുമായുള്ള സഹകരണം വിപുലീകരിക്കാന്‍ ബെയ്ജിംഗ് ആഗ്രഹിക്കുന്നു.
കാര്‍ഷിക കയറ്റുമതിക്കായി ചൈനീസ് വിപണി തുറക്കാനും ഫ്രഞ്ച് സൗന്ദര്യവര്‍ദ്ധക വ്യവസായത്തിന്റെ ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാണ് ഷിയുടെ സന്ദര്‍ശനത്തില്‍ ഫ്രാന്‍സ് ശ്രമിക്കുക. അതേസമയം, ഷിയുടെ സന്ദര്‍ശന വേളയില്‍ ചൈന 50 എയര്‍ബസ് വിമാനങ്ങളുടെ ഓര്‍ഡര്‍ പ്രഖ്യാപിച്ചേക്കും.
