പുതുവര്‍ഷം തകര്‍ത്തുവാരി സൊമാറ്റോ; ലഭിച്ചത് റെക്കോര്‍ഡ് ഓര്‍ഡര്‍

  • ടിപ്പ് ഇനത്തില്‍ മാത്രം 97 ലക്ഷം രൂപ ലഭിച്ചു
  • ഭൂരിഭാഗം ഓര്‍ഡറും ലഭിച്ചത് മഹാരാഷ്ട്രയില്‍ നിന്നായിരുന്നു
  • കൊല്‍ക്കത്തയിലുള്ള ഒരു കസ്റ്റമര്‍ 125 റൊമാലി റൊട്ടി ഓര്‍ഡര്‍ ചെയ്ത

Update: 2024-01-01 10:06 GMT

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ ഓര്‍ഡര്‍ ഡെലിവറി ചെയ്ത കാര്യത്തില്‍ 2023 ഡിസംബര്‍ 31-ന് പുതിയ റെക്കോര്‍ഡിട്ടു. സൊമാറ്റോയുടെ ചരിത്രത്തില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ഡെലിവറി ചെയ്‌തെന്ന റെക്കോര്‍ഡാണു പുതുവര്‍ഷ തലേന്ന് കൈവരിച്ചത്.

2015 മുതല്‍ 2020 വരെയുള്ള ആറ് വര്‍ഷക്കാലം പുതുവര്‍ഷ തലേന്ന് വിതരണം ചെയ്ത അത്രയും 2023 ഡിസംബര്‍ 31 ന് മാത്രം ഡെലിവറി ചെയ്‌തെന്നു കമ്പനി സിഇഒ ദീപീന്ദര്‍ ഗോയല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

2023 ഡിസംബര്‍ 31ന് രാത്രി 11.10-നാണ് ദീപീന്ദര്‍ ഇക്കാര്യം കുറിച്ചത്.

ഡെലിവറി ചെയ്യാന്‍ 2023 ഡിസംബര്‍ 31ന് 3,20,000 സൊമാറ്റോയുടെ ഡെലിവറി പാര്‍ട്ണര്‍മാരുണ്ടായിരുന്നു.

ഇവര്‍ക്ക് ടിപ്പ് ഇനത്തില്‍ മാത്രം 97 ലക്ഷം രൂപ ലഭിച്ചു.

ഭൂരിഭാഗം ഓര്‍ഡറും ലഭിച്ചത് മഹാരാഷ്ട്രയില്‍ നിന്നായിരുന്നു.

സൊമാറ്റോയില്‍ 2023 ഡിസംബര്‍ 31 ന് ഓര്‍ഡര്‍ ചെയ്തവയില്‍ ചിപ്പ്‌സ്, സോഡ ബോട്ടില്‍സ്, ഐസ് ക്യൂബ്‌സ്, ലൈറ്റര്‍, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവ ഉള്‍പ്പെടും.

1.47 ലക്ഷം പാക്കറ്റ് ചിപ്പ്‌സ്, 68231 സോഡ ബോട്ടില്‍സ്, 2412 പാക്കറ്റ് ഐസ് ക്യൂബ്‌സ്, 356 ലൈറ്റര്‍ എന്നിവ സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്തു.

2023 ഡിസംബര്‍ 31ന് കൊല്‍ക്കത്തയിലുള്ള ഒരു കസ്റ്റമര്‍ 125 റൊമാലി റൊട്ടി ഓര്‍ഡര്‍ ചെയ്തതായും ദീപീന്ദര്‍ കുറിച്ചു.

' കൊല്‍ക്കത്തയിലെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ശരിക്കും ആഗ്രഹിക്കുന്നു ' ദീപീന്ദര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

പുതുവര്‍ഷാഘോഷം ഓയോ റൂംസ് ബുക്കിംഗിനും ഗുണകരമായി തീര്‍ന്നു. ഇപ്രാവിശ്യം ഡിസംബര്‍ 31ന് ബുക്കിംഗ് 37 ശതമാനം വര്‍ധിച്ച് 6.2 ലക്ഷമായെന്നു കമ്പനി അറിയിച്ചു.

തീര്‍ഥാടന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലാണു ബുക്കിംഗ് കൂടുതലും നടന്നത്. അയോധ്യയില്‍ ബുക്കിംഗില്‍ 70 ശതമാനത്തിന്റെയും, ഗോവയില്‍ 50 ശതമാനത്തിന്റെയും നൈനിറ്റാളില്‍ 60 ശതമാനത്തിന്റെയും വര്‍ധനയുണ്ടായി.

Tags:    

Similar News